Connect with us

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയര്‍ന്നു തന്നെ; ഇന്നലെ ഉപയോഗിച്ചത് 102.33 ദശലക്ഷം യൂണിറ്റ്

പീക്ക് അവറില്‍ ഇന്നലെ 4,958 മെഗാവാട്ട് വൈദ്യുതി ഉപയോഗം നടന്നു

Published

|

Last Updated

തിരുവനന്തപുരം:| സംസ്ഥാനം വേനല്‍ ചൂടില്‍ വെന്തുരുകയാണ് . ഇതിന് പിന്നാലെ വൈദ്യുതി ഉപയോഗത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 102.33 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. തൊട്ടുതലേന്നത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. 102.99 ദശലക്ഷം യൂണിറ്റ് എന്ന സര്‍വ്വകാല റെക്കോഡിലായിരുന്നു കഴിഞ്ഞ ദിവസത്തെ കണക്ക്. പീക്ക് അവറില്‍ ഇന്നലെ 4,958 മെഗാവാട്ട് വൈദ്യുതി ഉപയോഗം നടന്നു.

കഴിഞ്ഞ ഒരാഴ്ചയായി 100 ദശലക്ഷം യൂണിറ്റിന് മുകളില്‍ ആണ് പ്രതിദിന വിനിയോഗ നിരക്ക്. ഈ മാസം 19ന് ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു. ഏപ്രില്‍ 18 ന് 102.95 ദശലക്ഷം യൂണിറ്റുമാണ് ഉപയോഗിച്ചത്.

അതേ സമയം വൈകുന്നേരം ആറിനും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെടുന്നുണ്ട്. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകീട്ട് ആറിനും 11 നും ഇടയില്‍ ഉപയോഗിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യണം.