Connect with us

editorial

ഇലക്ടറല്‍ ബോണ്ടും എസ് ബി ഐയുടെ കോടതിയലക്ഷ്യവും

ഇലക്ടറല്‍ ബോണ്ടിന്റെ സര്‍വ വിശദാംശങ്ങളും എസ് ബി ഐ പുറത്ത് വിടണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചു. എന്നാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എസ് ബി ഐ തയ്യാറായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ വിവരങ്ങള്‍ പുറത്ത് വരരുതെന്ന് ഭരണ കക്ഷി ആഗ്രഹിക്കുന്നുണ്ടെന്നും അതിന് കൂട്ടുനില്‍ക്കുകയാണ് ബേങ്കെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Published

|

Last Updated

ജനാധിപത്യ പ്രക്രിയയെ പൂര്‍ണമായി വരുതിയിലാക്കാനും ജനങ്ങള്‍ തോല്‍പ്പിച്ചിട്ടും ഭരണം പിടിക്കാനും പ്രചാരണം ആഡംബരപൂര്‍ണമായ ആഘോഷമാക്കാനുമൊക്കെ ഇടിച്ചു തള്ളുന്ന പണം ആരാണ് പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച്, രാജ്യം ഭരിക്കുന്ന കക്ഷിക്ക് നല്‍കുന്നത്? ശതകോടികള്‍ എവിടെ നിന്നൊക്കെയാണ് മറിയുന്നത്? ആരുടെയൊക്കെ മുതല്‍ മുടക്കാണ് ഈ കോടികള്‍? അതിന് പകരമായി എന്തെല്ലാം വഴിവിട്ട ആനുകൂല്യങ്ങളാണ് ഇങ്ങനെ പണം മുടക്കിയവര്‍ക്ക് നല്‍കുന്നത്? ഇത്തരം ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്തി മാത്രമേ രാജ്യത്തെ രാഷ്ട്രീയ രംഗം സുതാര്യവും സംശുദ്ധവുമാക്കാനാകൂ.

ഓപറേഷന്‍ താമരയെന്നും ചാണക്യ തന്ത്രമെന്നുമൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന കുതിരക്കച്ചടങ്ങളുടെ പിന്നാമ്പുറത്തേക്ക് പോയാല്‍ പണക്കൊഴുപ്പിന്റെ ഞെട്ടിക്കുന്ന ലോകം കാണാനാകും. ഈ ലോകത്തേക്ക് വെളിച്ചം വീശുന്ന നിയമപോരാട്ടമാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനെതിരെ നടന്നത്. കേന്ദ്ര ഭരണ കക്ഷിക്ക് ശതകോടികള്‍ കൈക്കലാക്കാനുള്ള ‘നിയമപരമായ വഴി’യായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പദ്ധതി പ്രകാരം ഏത് കമ്പനിക്കും വ്യക്തിക്കും ഇലക്ടറര്‍ ബോണ്ടുകളില്‍ പണം നിക്ഷേപിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ദാതാവാകാന്‍ സാധിക്കും. ആര്, എത്ര നല്‍കിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ എവിടെയും വെളിപ്പെടുത്തേണ്ടതില്ല.

ദാതാവും സ്വീകര്‍ത്താവും മാത്രം എല്ലാമറിയുന്നു. ഇത്രയും അതാര്യമായ ഒരു ഏര്‍പ്പാടിനാണ് സുപ്രീം കോടതി അന്ത്യം കുറിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് നീതിപീഠത്തില്‍ നിന്ന് ഈയടുത്ത് കിട്ടിയ ഏറ്റവും ശക്തമായ പ്രഹരമായിരുന്നു അത്. ഇലക്ടറല്‍ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് സുതാര്യമായിരിക്കണമെന്നുമാണ് സുപ്രീം കോടതി ബഞ്ച് ഈ 15ന് വിധിച്ചത്. ഇലക്ടറല്‍ ബോണ്ടിന്റെ സര്‍വ വിശദാംശങ്ങളും എസ് ബി ഐ പുറത്ത് വിടണമെന്ന് കോടതി നിഷ്‌കര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ വിധി വന്ന് ഒരു മാസത്തോട് അടക്കുമ്പോഴും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എസ് ബി ഐ തയ്യാറായിട്ടില്ല.

സുപ്രീം കോടതി മുന്നോട്ട് വെച്ച അന്ത്യശാസനാ തീയതി ഈ മാസം ആറിന് അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, ജൂണ്‍ 30 വരെ സമയം വേണമെന്ന ഒഴിവുകഴിവുമായി കോടതിയെ സമീപിക്കുകയാണ് എസ് ബി ഐ ചെയ്തത്. 2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ എസ് ബി ഐ വിതരണം ചെയ്തുവെന്നും ഇവയുടെ വിവരങ്ങള്‍ മുദ്രവെച്ച കവറുകളില്‍ മുംബൈയിലെ പ്രധാന ശാഖയിലാണെന്നും ബേങ്ക് ബോധിപ്പിച്ചിട്ടുണ്ട്. ഇവ ഡീകോഡ് ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന സമയപരിധി അപര്യാപ്തമാണെന്നാണ് എസ് ബി ഐയുടെ അവകാശവാദം. എത്ര വിചിത്രമായ വാദമാണിത്. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പറഞ്ഞതാണ് ശരി.

രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യയാക്കിയെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ അവഹേളിക്കുന്നതിന് തുല്യമാണിത്. എല്ലാ വിവരങ്ങളും ഒരു ക്ലിക്ക് അകലെ നില്‍ക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ ഡീകോഡിംഗിന് മാസങ്ങള്‍ വേണമെന്നൊക്കെ പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ വിവരങ്ങള്‍ പുറത്ത് വരരുതെന്ന് ഭരണ കക്ഷി ആഗ്രഹിക്കുന്നുണ്ടെന്നും അതിന് കൂട്ടുനില്‍ക്കുകയാണ് ബേങ്കെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

എസ് ബി ഐയുടെ ഈ വൈകിപ്പിക്കല്‍ തന്ത്രം മറ്റൊരു നിയമപ്രശ്നത്തിന് വഴിവെച്ചിരിക്കുകയാണ്. ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ് ബി ഐക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) സുപ്രീം കോടതിയിലെത്തിയിരിക്കുന്നു. എസ് ബി ഐ നടപടി കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഡി ആര്‍ ഹരജി. ജൂണ്‍ 30 വരെ സാവകാശം വാങ്ങിയത് ബോധപൂര്‍വവും പ്രത്യേക ലക്ഷ്യത്തോടെയാണെന്നും കോടതിയലക്ഷ്യ ഹരജിയില്‍ എ ഡി ആര്‍ വ്യക്തമാക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംഭാവനകളുടെ തുക പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തില്ലെന്ന ശാഠ്യമാണ് എസ് ബി ഐക്കെന്നും ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയും കോര്‍പറേറ്റുകള്‍ വഴിയും സുതാര്യമല്ലാത്ത രീതിയില്‍ പാര്‍ട്ടികള്‍ കൈപ്പറ്റുന്ന ഭീമമായ തുകയെക്കുറിച്ച് അറിയാനുള്ള അവകാശം പൗരന്‍മാര്‍ക്കുണ്ടെന്നും എ ഡി ആര്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്ടറല്‍ ബോണ്ട് കേസിലെ പ്രധാന ഹരജിക്കാരാണ് എ ഡി ആര്‍. എ ഡി ആറിന്റെ കോടതിയലക്ഷ്യ ഹരജിയും സാവകാശം ചോദിച്ച് എസ് ബി ഐ നല്‍കിയ ഹരജിയും സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ഇലക്ടറല്‍ ബോണ്ട് എന്ന പരോക്ഷ കള്ളപ്പണ സംവിധാനത്തിന് തടയിട്ട സുപ്രീം കോടതി, ഇതുവരെ പിരിച്ചു കൂട്ടിയ പണത്തിന്റെ കണക്ക് പുറത്തുവരാന്‍ കൂടി ഇടപെടുമെന്നാണ് ജനാധിപത്യവിശ്വാസികളുടെ പ്രതീക്ഷ. കോടതി ഉത്തരവ് നലനില്‍ക്കെ ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്ന നിലപാട് തിരുത്തി എസ് ബി ഐ അതിന്റെ വിശ്വാസ്യത തിരിച്ചു പിടിക്കണം. തിരഞ്ഞെടുപ്പ് വടംവലിയില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബേങ്കിംഗ് ശൃംഖല പങ്കെടുക്കരുത്.

ഒന്നാം മോദി സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി 2017ലെ ബജറ്റില്‍ ധനകാര്യ ഭേദഗതിയിലൂടെ കൊണ്ടുവന്നതും 2018 ജനുവരി രണ്ട് മുതല്‍ നടപ്പില്‍ വന്നതുമായ പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ട്. 20,000 രൂപക്ക് മേല്‍ സംഭാവന നല്‍കുന്ന എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദ വിവരങ്ങള്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നായിരുന്നു ജനപ്രാതിനിധ്യനിയമം 1951ല്‍ നേരത്തേയുണ്ടായിരുന്ന വ്യവസ്ഥ. ഇത് പൊളിച്ചാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം വന്നത്. ബോണ്ട് ഇടപാടുകള്‍ എസ് ബി ഐ വഴിയാണ് നടക്കുന്നതെന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കടക്കം ലഭിക്കുന്ന സംഭാവനയുടെയും നല്‍കിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും തീര്‍ച്ചയായും ഭരണത്തിലിരിക്കുന്നവര്‍ക്ക് കിട്ടും. എന്നാല്‍ ഭരണകക്ഷിയുടേത് ഒരിക്കലും പുറത്ത് വരില്ല.

അതുകൊണ്ടാണ് ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അതേ വിധിയില്‍, ഈ വിവരങ്ങള്‍ ആദ്യം എസ് ബി ഐ സ്വന്തം വെബ്സൈറ്റിലും പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറണമെന്ന് നിഷ്‌കര്‍ഷിച്ചത്. തിരഞ്ഞെടുപ്പ് വരെയെങ്കിലും ഇത് നീട്ടിക്കൊണ്ടാപോകാനുള്ള നീക്കമാണ് ബേങ്ക് നടത്തുന്നത്.

 

 

 

---- facebook comment plugin here -----

Latest