Connect with us

iuml

തിരഞ്ഞെടുപ്പ് തോൽവി; മുസ്‌ലിം ലീഗ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാർ

20ന് പ്രത്യേക യോഗം. ആറ് മാസത്തിന് ശേഷമാണ് റിപ്പോർട്ട് വരുന്നത്

Published

|

Last Updated

മലപ്പുറം | മുസ്‌ലിം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങല്‍ കണ്ടെത്തുന്നതിനായി നിയോഗിച്ച അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ട് അണിയറയില്‍ തയ്യാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് മുസ്‌ലിം ലീഗിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത്.

അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി അടുത്ത 20ന് മുസ്‌ലിംലീഗ് പ്രത്യേക യോഗം കോഴിക്കോട് ഓഫീസില്‍ ചേരും. മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം എല്‍ എമാരുടെയും പ്രത്യേക യോഗമാണ് അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ചേരുന്നത്. പരാജയ കാരണങ്ങള്‍ വിശദമായി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ മാസം 20നകം അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൈമാറാനാണ് കമ്മീഷനുകള്‍ക്ക് നല്‍കിയ നിര്‍ദേശം.

27 മണ്ഡലങ്ങളിലാണ് മുസ്‌ലിം ലീഗ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ 15 സീറ്റുകളിലാണ് വിജയിച്ചത്.

12 ഇടത്തെ തോല്‍വി പഠിക്കാനാണ് 12 കമ്മീഷനുകളെ ഒക്ടോബറില്‍ മഞ്ചേരിയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരാജയ കാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തത് സംസ്ഥാന കമ്മിറ്റിയില്‍ തന്നെ വിമര്‍ശത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം അന്വേഷണ കമ്മീഷനുകളെ നിയോഗിക്കുന്നത്. നാല് സിറ്റിംഗ്് സീറ്റുകളിലെ പരാജയമാണ് ലീഗ് ഗൗരവത്തോടെ കാണുന്നത്.

അഴീക്കോട്(കെ എം ഷാജി), കുറ്റ്യാടി(പാറക്കല്‍ അബ്ദുല്ല), കോഴിക്കോട് സൗത്ത്(നൂര്‍ബിന റശീദ്), കളമശ്ശേരി(വി ഇ അബ്ദുല്‍ ഗഫൂര്‍) എന്നീ സിറ്റീംഗ് സീറ്റുകളിലെ പരാജയത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തന്നെ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

കളമശ്ശേരി സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ലീഗില്‍ പരസ്യമായി എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. താനൂര്‍, കോങ്ങാട്, കുന്ദമംഗലം, തിരുവമ്പാടി, ഗുരുവായൂര്‍, പുനലൂര്‍, കുത്തുപറമ്പ്, പേരാമ്പ്ര എന്നിവടങ്ങളിലാണ് ലീഗ് പരാജയപ്പെട്ട മറ്റു മണ്ഡലങ്ങള്‍.

ഓരോ മണ്ഡലങ്ങളിലേക്കും രണ്ടംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മീഷനെയാണ് നിയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്ന് നേരത്തേ തന്നെ ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നു.

22ന് കോഴിക്കോട് െവച്ച് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയും ചേരുന്നുണ്ട്.

അച്ചടക്ക നടപടികളടക്കം അന്വേഷണ റിപ്പോര്‍ട്ടിന്റെ തുടര്‍കാര്യങ്ങള്‍ ഈ പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. 22ന് രാവിലെ പത്ത് മണിക്കാണ് പ്രവര്‍ത്തക സമിതി ചേരുന്നത്. അതിന് ശേഷം മൂന്ന് മണിക്ക് മുസ്‌ലിം സംഘനകളുടെ യോഗവും വിളിച്ചിട്ടുണ്ട്. വഖ്ഫ് ബോര്‍ഡിലെ നിയമന വിവാദങ്ങളടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് 22ന് യോഗം ചേരുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

Latest