Connect with us

Educational News

ഡൽഹി സർവ്വകലാശാല യൂണിയൻ: എ ബി വി പിക്ക് മൂന്ന് സീറ്റിൽ വിജയം; വൈസ് പ്രസിഡന്റായി സ്വതന്ത്ര സ്ഥാനാർഥി

എ ബി വി പി, എൻ എസ് യു ഐ, ഐസ - എസ് എഫ് ഐ സഖ്യം എന്നിവരായിരുന്നു കേന്ദ്ര സ്ഥാനങ്ങളിലേക്ക് പ്രധാനമായും മത്സരിച്ചത്.

Published

|

Last Updated

യാഷ് ദബാസ് (പ്രസിഡന്റ്), ദീപാംശു ഷോക്കീൻ (വൈസ് പ്രസിഡന്റ്), റിയ ഛൗധരി (സെക്രട്ടറി), ലക്ഷ്യ രാജ് സിംഗ് (ജോയിന്റ് സെക്രട്ടറി)

ന്യൂഡൽഹി | ഡൽഹി സർവ്വകലാശാല യൂണിയൻ (DUSU Election Results 2026) തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എ ബി വി പിയുടെ യാഷ് ദബാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ വിജയം നേടി. സെക്രട്ടറി സ്ഥാനത്ത് എ ബി വി പിയുടെ റിയ ഛൗധരിയും ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എ ബി വി പിയുടെ ലക്ഷ്യ രാജ് സിംഗും വിജയിച്ചു.

ശക്തമായ പോരാട്ടത്തിനൊടുവിലാണ് പ്രധാന വിദ്യാർഥി സംഘടനകൾ തമ്മിലുള്ള മത്സര ഫലം പുറത്തുവന്നത്. എ ബി വി പി, എൻ എസ് യു ഐ, ഐസ – എസ് എഫ് ഐ സഖ്യം എന്നിവരായിരുന്നു കേന്ദ്ര സ്ഥാനങ്ങളിലേക്ക് പ്രധാനമായും മത്സരിച്ചത്. ഒപ്പം സ്വതന്ത്ര സ്ഥാനാർഥികളും ശക്തമായ പ്രകടനം കാഴ്ചവെച്ചു.

ശനിയാഴ്ച രാവിലെ എട്ട് മണിക്ക് നോർത്ത് കാമ്പസിലെ യൂണിവേഴ്സിറ്റി സ്പോർട്സ് സ്റ്റേഡിയം മൾട്ടിപർപ്പസ് ഹാളിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും മുൻതൂക്കം മാറിമറിഞ്ഞതിന് ശേഷമാണ് അന്തിമ ഫലം പ്രഖ്യാപിക്കപ്പെട്ടത്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൻ എസ് യു ഐയുടെ വിജയ് മീനയെ പരാജയപ്പെടുത്തിയാണ് യാഷ് ദബാസ് വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് എ ബി വി പിയുടെ ഇഷു മൗര്യ, എൻ എസ് യു ഐയുടെ വീർ ഛത്രത് എന്നിവരെ മറികടന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥി ദീപാംശു ഷോക്കീൻ വിജയം കൊയ്തത്. സെക്രട്ടറി സ്ഥാനത്തേക്ക് എൻ എസ് യു ഐയുടെ നമ്രത ചൗധരിയെ റിയ ഛൗധരി പരാജയപ്പെടുത്തിയപ്പോൾ, ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് എൻ എസ് യു ഐയുടെ ഗോപാൽ ചൗധരി, സമാജ്‌വാദി ഛാത്ര സഭയുടെ വിശേഷ് യാദവ് എന്നിവരെ മറികടന്നാണ് ലക്ഷ്യ രാജ് സിംഗ് വിജയിച്ചത്.

ആകെ 52 പോളിംഗ് സെന്ററുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം 40.46 ശതമാനം വോട്ടുരേഖപ്പെടുത്തി. 1.51 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് വോട്ടവകാശമുണ്ടായിരുന്നു. വെള്ളിയാഴ്ചയായിരന്നു വോട്ടെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ട പുതിയ പാനൽ 2026-27 അക്കാദമിക് സെഷനിലേക്ക് ചുമതലയേൽക്കും.

Content Highlights
ABVP secured three central posts in the DUSU Elections 2026, with Yash Dabas elected as President. Independent candidate Deepanshu Shokeen won Vice-President. Voter turnout reached 40.46 percent.

Latest