Uae
ദുബൈ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം
ചരക്ക് ഗതാഗതത്തിലും ഡി എക്‌സ് ബി വലിയ മുന്നേറ്റം നടത്തി.

ദുബൈ|ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (ഡി എക്‌സ് ബി) 2024 ൽ 92.33 ദശലക്ഷത്തിലധികം അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിച്ച് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്ഥാനം വീണ്ടും കരസ്ഥമാക്കി. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എ സി ഐ) റിപ്പോർട്ട് അനുസരിച്ച് ഇത് മുൻ വർഷത്തേക്കാൾ 6.1 ശതമാനം വർധനവാണ്. 79.19 ദശലക്ഷം യാത്രക്കാരുമായി ലണ്ടൻ ഹീത്രോ രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ (70.67 ദശലക്ഷം), സിംഗപ്പൂർ (67.06 ദശലക്ഷം), ആംസ്റ്റർഡാം (66.82 ദശലക്ഷം) എന്നിവ ആദ്യ അഞ്ചു സ്ഥാനങ്ങളിലും ഉണ്ട്.
മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ (ആഭ്യന്തര, അന്തർദേശീയ) 108.07 ദശലക്ഷവുമായി അറ്റ്‌ലാന്റ ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നാലെ ഡി എക്‌സ് ബി ആണ്.
2024 ൽ ആഗോളതലത്തിൽ യാത്രക്കാരുടെ എണ്ണം 9.4 ബില്യൺ കവിഞ്ഞു. ഇത് 2023നെ അപേക്ഷിച്ച് 8.4 ശതമാനവും 2019 നെ അപേക്ഷിച്ച് 2.7 ശതമാനവും വർധനവാണ്.
ചരക്ക് ഗതാഗതത്തിലും ഡി എക്‌സ് ബി വലിയ മുന്നേറ്റം നടത്തി. റാങ്കിംഗിൽ 17-ാം സ്ഥാനത്തുനിന്ന് 11-ാം സ്ഥാനത്തേക്ക് ഉയർന്നു. 2024 ൽ എയർ കാർഗോ 9.9 ശതമാനം വർധിച്ച് ഏകദേശം 127 ദശലക്ഷം മെട്രിക് ടണ്ണിലെത്തി.