UAE
തത്കാൽ പാസ്പോർട്ട് അപേക്ഷ: വ്യക്തത വരുത്തി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്
അടിയന്തര സാഹചര്യങ്ങൾ ഉള്ളവർക്ക് മാത്രം തത്കാൽ സേവനം
ദുബൈയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ചുമതലയേറ്റ ഡോ. ഇ വിഷ്ണു വർധൻ റെഡ്ഡി മാധ്യമങ്ങളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. വിസ, പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെ പുതിയ ഏജൻസിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളമുള്ള 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയാണ് അൽഹിന്ദ് പ്രവർത്തനം നടത്തുന്നത്. സാങ്കേതിക വിഷയങ്ങൾ കാരണം വൈകിയ തത്കാൽ അപേക്ഷകൾ സ്വാതന്ത്ര്യദിനത്തിന് മുമ്പായി പൂർണമായും തീർപ്പാക്കുകയാണ് ലക്ഷ്യമെന്ന് കോൺസൽ ജനറൽ പറഞ്ഞു.
തത്കാൽ സേവനം ഒരു സൗകര്യമാർഗമായി കാണരുതെന്നും യഥാർഥ അടിയന്തര സാഹചര്യങ്ങളുള്ളവർക്ക് മാത്രമുള്ളതാണെന്നും കോൺസൽ ജനറൽ ഓർമിപ്പിച്ചു. വിമാന ടിക്കറ്റ് അല്ലെങ്കിൽ മറ്റ് കൃത്യമായ തെളിവുകൾ ഹാജരാക്കുന്നവർക്കും, നവജാതശിശുക്കൾക്കും, എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകർക്കും നേരിട്ടെത്തി അപേക്ഷ നൽകാം.
36 പേജുള്ള സാധാരണ പാസ്പോർട്ട് പുതുക്കുന്നതിന് 450 ദിർഹമും 60 പേജുള്ളതിന് 630 ദിർഹമുമാണ് ഫീസ്. എന്നാൽ തത്കാൽ പദ്ധതി പ്രകാരം 36 പേജിന് 900 ദിർഹമും 60 പേജിന് 1,080 ദിർഹമും നൽകണം. പാസ്പോർട്ട് വിവരങ്ങളിൽ മാറ്റമില്ലാത്ത പുതുക്കൽ, വിലാസ മാറ്റം മാത്രം, പങ്കാളിയുടെ പേര് ചേർക്കൽ അല്ലെങ്കിൽ ഒഴിവാക്കൽ, പേര് രണ്ടായി തിരിക്കൽ, ഇ സി ആർ വിഭാഗത്തിൽ നിന്ന് നോൺ-ഇ സി ആറിലേക്ക് മാറ്റൽ എന്നിവയ്ക്ക് മാത്രമാണ് തത്കാൽ അപേക്ഷ നൽകാൻ സാധിക്കുക.
പേരിൽ മാറ്റം വരുത്തൽ, കുട്ടികളുടെ പാസ്പോർട്ട് പുതുക്കൽ, നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്പോർട്ടുകൾ, ജനനത്തീയതിയിലെയും സ്ഥലത്തിലെയും തിരുത്തലുകൾ, പുതിയ പാസ്പോർട്ട് അപേക്ഷകൾ, ക്രിമിനൽ കേസുകളിൽ പെട്ടവർ എന്നിവർക്ക് തത്കാൽ ആനുകൂല്യം ലഭിക്കില്ല.
ഇടനിലക്കാർക്കെതിരെ മുന്നറിയിപ്പ്
സ്വകാര്യ ടൈപ്പിംഗ് കേന്ദ്രങ്ങൾക്ക് അനാവശ്യമായി കൂടുതൽ തുക നൽകരുതെന്ന് കോൺസൽ ജനറൽ അഭ്യർഥിച്ചു. അൽഹിന്ദിന്റെ സെന്ററുകളിൽ ടൈപ്പിംഗ്, ഫോട്ടോ, ഫോട്ടോ കോപ്പി, കൊറിയർ സേവനങ്ങൾ എന്നിവക്ക് 19 ദിർഹം മാത്രമാണ് ഈടാക്കുന്നത്. അതിനാൽ പുറത്തുള്ള ഏജന്റുമാർക്ക് കൂടുതൽ പണം നൽകരുത്. ഇത് സംബന്ധിച്ച് ദുബൈ പോലീസുമായി സഹകരിച്ച് തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The Indian Consulate in Dubai assured to clear pending Tatkal passport applications before Independence Day. New Consul General Dr. E. Vishnu Vardhan Reddy announced Alhind as the new processing agency while warning expats against overcharging agents. Strictly eligible applicants can use Tatkal.




