UAE
ദുബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് നടപടികള്‍ 45 മിനുട്ടില്‍ നിന്ന് അഞ്ച് മിനുട്ടില്‍ താഴെയാക്കി
ദുബൈയിലെ വ്യോമ പ്രവേശന കവാടങ്ങളില്‍ ബാഗേജ് പരിശോധനക്കായി 77 അത്യാധുനിക സ്‌കാനിങ് യന്ത്രങ്ങളാണ് നിലവില്‍ സജ്ജീകരിച്ചിട്ടുള്ളത്.
ദുബൈ | വേനലവധിക്ക് ശേഷം യു എ ഇയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും വന്‍ തിരക്ക് കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കസ്റ്റംസ് നടപടികള്‍ വേഗത്തിലാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംവിധാനം സജ്ജമാക്കി ദുബൈ കസ്റ്റംസ്.
യാത്രക്കാരുടെ വരവും പോക്കും സംബന്ധിച്ച സമയക്രമങ്ങള്‍ മുന്‍കൂട്ടി വിശകലനം ചെയ്ത് തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍ സജീവമാക്കുകയും ചെയ്തിട്ടുണ്ട്. ദുബൈയിലെ വ്യോമ പ്രവേശന കവാടങ്ങളില്‍ ബാഗേജ് പരിശോധനക്കായി 77 അത്യാധുനിക സ്‌കാനിങ് യന്ത്രങ്ങളാണ് നിലവില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 58 എണ്ണം വലിയ ബാഗേജുകളും 19 എണ്ണം കൈബാഗുകളും പരിശോധിക്കാനാണ് ഉപയോഗിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ വഴി സംശയാസ്പദമായ ബാഗേജുകള്‍ മാത്രം വേര്‍തിരിച്ച് വിശദമായ പരിശോധന നടത്തുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.
യാത്രക്കാര്‍ക്ക് തങ്ങളുടെ കൈവശമുള്ള സാധനങ്ങളും സമ്മാനങ്ങളും മുന്‍കൂട്ടി ഡിക്ലെയര്‍ ചെയ്യാന്‍ സാധിക്കുന്ന ദുബൈ കസ്റ്റംസിന്റെ സ്മാര്‍ട്ട് ‘ഐഡിക്ലെയര്‍’ ആപ്ലിക്കേഷന്‍ സംവിധാനം വഴി ചുവപ്പ് പാതയിലെ കസ്റ്റംസ് നടപടികളുടെ സമയം സാധാരണയുള്ള 45 മിനുട്ടില്‍ നിന്ന് അഞ്ച് മിനുട്ടില്‍ താഴെയായി ചുരുക്കാന്‍ സാധിക്കും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുടുംബങ്ങളോടൊപ്പം തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഈ സംവിധാനം ഏറെ ആശ്വാസകരമാകും.
Content Highlights:
Dubai Airport has dramatically reduced customs clearance processing time from 45 minutes to under five minutes. The achievement comes through the implementation of advanced smart channels and AI technologies. This initiative aims to enhance the overall passenger experience and streamline airport operations.




