UAE
യു എ ഇയില്‍ 10 കോടി കണ്ടല്‍ച്ചെടി നട്ടുപിടിപ്പിക്കല്‍: ലക്ഷ്യം പാതി പിന്നിട്ടു
സംരക്ഷിത മേഖലകള്‍ 2030ഓടെ 30 ശതമാനമാക്കും.
അബൂദബി | രാജ്യത്ത് 2030ഓടെ 10 കോടി കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള യു എ ഇയുടെ ദേശീയ പദ്ധതിയുടെ 51 ശതമാനം പൂര്‍ത്തിയായതായി കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. തീരദേശ പരിസ്ഥിതിയുടെ പ്രാധാന്യം കണക്കിലെടുത്ത് നേരത്തെ നിശ്ചയിച്ചിരുന്ന മൂന്ന് കോടി എന്ന ലക്ഷ്യം പിന്നീട് 10 കോടിയാക്കി ഉയര്‍ത്തുകയായിരുന്നു. കണ്ടല്‍ക്കാടുകള്‍ മത്സ്യങ്ങളുടെയും ഇതര ജലജീവികളുടെയും സ്വാഭാവിക പ്രജനന കേന്ദ്രങ്ങളായി വര്‍ത്തിക്കുന്നതിനൊപ്പം തീരദേശ സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷക്കും വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് മന്ത്രാലയത്തിലെ ജൈവവൈവിധ്യ-ജലജീവി വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹിബ ഉബൈദ് അല്‍ ശെഹ്ഹി പറഞ്ഞു.
നിലവില്‍ രാജ്യത്തെ കടല്‍-തീര സംരക്ഷിത മേഖലകള്‍ ആകെ ഭൂവിസ്തൃതിയുടെ 12 ശതമാനത്തോളമാണ്. 16 സംരക്ഷിത കേന്ദ്രങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. ദേശീയ ജൈവവൈവിധ്യ തന്ത്രത്തിന്റെ ഭാഗമായി 2030ഓടെ ഇത് 30 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സമുദ്രജീവികള്‍ക്കായി കൃത്രിമ ആവാസ വ്യവസ്ഥകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, റാസ് അല്‍ ഖൈമ, കിഴക്കന്‍ തീരം എന്നിവിടങ്ങളിലായി 22,982 പരിസ്ഥിതി സൗഹൃദ കൃത്രിമ ഗുഹകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.
ഫുജൈറയില്‍ മൂന്ന് ലക്ഷം ചതുരശ്ര മീറ്ററിലേറെ കടല്‍മേഖലയിലായി അഞ്ച് വര്‍ഷത്തിനിടെ 15 ലക്ഷം പവിഴ കോളനികള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. 2018 മുതല്‍ ഇതുവരെ 66,173 പവിഴപ്പുറ്റുകള്‍ പുനഃസ്ഥാപിച്ചു. തീരദേശ പരിസ്ഥിതിയുടെ ‘കണ്ണുകള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അനുഭവപരിചയം കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം നയരൂപവത്കരണം നടത്തുന്നത്. രാജ്യത്തെ അക്വാകള്‍ച്ചര്‍ മേഖലയില്‍ നിലവില്‍ 2,572 ടണ്‍ ഉത്പാദന ശേഷിയുള്ള 18 അംഗീകൃത ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights:
The UAE has successfully completed half of its ambitious target to plant 100 million mangrove trees. This milestone underscores the nation’s commitment to enhancing coastal ecosystems and combating climate change. The initiative plays a crucial role in carbon sequestration and biodiversity expansion.




