Connect with us

UAE

ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; യു എ ഇയില്‍ വേനലവധിക്കു ശേഷം സ്‌കൂളുകള്‍ ആഗസ്റ്റ് 31ന് തുറക്കും

യൂണിഫോം, പുസ്തകങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് മാനസികമായി സജ്ജരാക്കുന്നതിനുമുള്ള അവസാനഘട്ട തിരക്കിലാണ് കുടുംബങ്ങള്‍.

Published

|

Last Updated

ഷാര്‍ജ | വേനലവധിക്ക് ശേഷം യു എ ഇയിലെ സ്‌കൂളുകള്‍ 2026-27 അധ്യയന വര്‍ഷത്തിനായി ആഗസ്റ്റ് 31ന് തിങ്കളാഴ്ച തുറക്കും. യൂണിഫോം, പുസ്തകങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് മാനസികമായി സജ്ജരാക്കുന്നതിനുമുള്ള അവസാനഘട്ട തിരക്കിലാണ് കുടുംബങ്ങള്‍. തിരുനബി (സ)യുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പൊതു അവധിയും ശനി, ഞായര്‍ ദിവസങ്ങളും ചേര്‍ന്ന് ആഗസ്റ്റ് 28 മുതല്‍ 30 വരെ മൂന്ന് ദിവസം നീണ്ട വാരാന്ത്യ അവധി ലഭിക്കും. ഈ അവധി ദിനങ്ങള്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സഹായകമാകും.

സെപ്തംബര്‍ അധ്യയന കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 185 അധ്യയന ദിവസങ്ങള്‍ നിര്‍ബന്ധമാണ്. മന്ത്രാലയത്തിന്റെ കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകളില്‍ ഒക്ടോബര്‍ 12 മുതല്‍ 19 വരെ ആദ്യ ഇടവേളയും ഡിസംബര്‍ 14 മുതല്‍ ജനുവരി നാല് വരെ ശീതകാല അവധിയും ഉണ്ടായിരിക്കും. ഏപ്രിലില്‍ അധ്യയന വര്‍ഷം ആരംഭിച്ച സ്‌കൂളുകള്‍ക്ക് വ്യത്യസ്ത കലണ്ടറാണ് ബാധകമാകുക. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കുന്ന നടപടികള്‍ വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായി വരികയാണ്.

സ്‌കൂള്‍ തുറക്കുന്ന തീയതി അടുത്തതോടെ വലിയൊരു വിഭാഗം പ്രവാസികള്‍ നേരത്തെ തന്നെ നാട്ടില്‍ നിന്ന് തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനയും അവസാന ദിവസങ്ങളിലെ തിരക്കും ഒഴിവാക്കുന്നതിനൊപ്പം പുതിയ അധ്യയന വര്‍ഷത്തിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ലക്ഷ്യമിട്ടാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും നേരത്തെ മടങ്ങുന്നത്.

Content Highlights:
Schools in the UAE are set to reopen on August 31 following the completion of the summer vacation. Educational institutions across the country are in the final stages of preparation to welcome students back. Authorities are ensuring all safety and operational measures are fully in place.

 

Latest