Connect with us

Business

ഡോ. ഷംഷീര്‍ വയലിലിന്റെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന് വന്‍ നേട്ടം

യു എ ഇയിലും മേഖലയിലും ആരോഗ്യ സംരക്ഷണ രംഗത്തെ ഐ എച്ച് സിയുടെ നിക്ഷേപം വ്യാപിപ്പിക്കാനും വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് ഓഹരി ഏറ്റെടുക്കല്‍.

Published

|

Last Updated

അബൂദബി | മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് ഹോള്‍ഡിംഗ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐ എച്ച് സി) പ്രവാസി സംരഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ 15 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. ഗള്‍ഫിലെ ആരോഗ്യമേഖലയിലെ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഇടപാടിലൂടെയാണ് ഐ എച്ച് സി നിര്‍ണായക ഓഹരി പങ്കാളിത്തം ഉറപ്പിച്ചത്. യു എ ഇയിലും മേഖലയിലും ആരോഗ്യ സംരക്ഷണ രംഗത്തെ ഐ എച്ച് സിയുടെ നിക്ഷേപം വ്യാപിപ്പിക്കാനും വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് ഓഹരി ഏറ്റെടുക്കല്‍.

ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്ന ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് പോലുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താനുള്ള മികച്ച അവസരമായാണ് ഓഹരി ഏറ്റെടുക്കലിനെ കാണുന്നതെന്ന് ഐ എച്ച് സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സയ്യിദ് ബസാര്‍ ഷുഇബ് പറഞ്ഞു. ‘യു എ ഇയിലും പുറത്തേക്കും വിപണിയിലെ സ്ഥാനം വിപുലീകരിക്കുന്നതിലുള്ള ബുര്‍ജീലിന്റെ പുരോഗതിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഈ പുതിയ ഏറ്റെടുക്കല്‍ ഐ എച്ച് സിയുടെ ശക്തമായ വളര്‍ച്ചാ പ്ലാറ്റ്ഫോമിന് വലിയ മൂല്യം നല്‍കും.’

2007-ല്‍ സ്ഥാപിതമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് യു എ ഇയിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളാണ്. ജി സി സിയില്‍ വര്‍ധിച്ചുവരുന്ന സാനിധ്യമുള്ള കമ്പനി അത്യാധുനിക സൗകര്യങ്ങളോടും ലോകോത്തര സേവന നിലവാരത്തോടും കൂടി, ആരോഗ്യ പരിപാലനത്ത് മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

ഏറെ വിശാലവും പരസ്പര പൂരക കഴിവുകളുമുള്ള സുപ്രധാന സ്ഥാപനവുമായുള്ള പങ്കാളിത്തത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും സി ഇ ഒയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ‘പുതിയ കഴിവുകള്‍, മൂലധനം, പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയില്‍ ഈ പങ്കാളിത്തം പ്രതിഫലിക്കും. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ വളര്‍ച്ചയുടെ ആവേശകരമായ സമയമാണിത്.’

ബുര്‍ജീല്‍, മെഡിയോര്‍, എല്‍ എല്‍ എച്ച്, ലൈഫ്‌കെയര്‍, തജ്മീല്‍ എന്നീ ബ്രാന്‍ഡുകളിലായി എല്ലാ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങള്‍ക്കും സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന 60 ഓളം ആസ്തികളാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിനു കീഴിലുള്ളത്. കമ്പനിയുടെ ഏറ്റവും വിശാലമായ ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി, യു എ ഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയും എസ്‌മോ അംഗീകൃത കേന്ദ്രവുമാണ്. പ്രശസ്തമായ ലോകോത്തര മികവിന്റെ കേന്ദ്രങ്ങളും യു എ ഇയിലെ ഏറ്റവും വലിയ ഡയഗ്‌നോസ്റ്റിക് ശൃംഖലയും സമഗ്ര കാന്‍സര്‍ സെന്ററും കമ്പനിക്ക് കീഴിലാണ്.