Connect with us

Editorial

തൊഴിലുറപ്പ് പദ്ധതിക്ക് അള്ള് വെക്കരുത്‌

തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത തകര്‍ക്കുന്ന പരിഷ്‌കാരത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. പദ്ധതി ദുരുപയോഗം ചെയ്യലാണ് പ്രശ്‌നമെങ്കില്‍ അത് തടയാന്‍ വേറെ വഴി തേടണം. ഒരു ക്രമക്കേടും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത കേരളവും താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളും എന്ത് പിഴച്ചു?

Published

|

Last Updated

ഒന്നാം യു പി എ സര്‍ക്കാര്‍ രാജ്യത്ത് വലിയ വിപ്ലവം സൃഷ്ടിച്ച നിരവധി പദ്ധതികള്‍ സമ്മാനിക്കുകയും പിന്നീട് എന്ത് ഭരണമാറ്റമുണ്ടായാലും പിന്നോട്ട് പോകാനാകാത്ത വിധം കാര്യക്ഷമമായി അവ നടപ്പാക്കുകയും ചെയ്തിരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തന്നെയാണ്. എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഗ്രാമീണ ജനതയുടെ ജീവിതത്തില്‍ അപാരമായ ആശ്വാസമാണ് ഈ പദ്ധതി സൃഷ്ടിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയെന്നത് മാത്രമല്ല, ഗ്രാമീണ അടിസ്ഥാന വികസനത്തിലും കൃഷിയിലുമെല്ലാം അത് ഗുണപരമായ ഫലമുണ്ടാക്കി. 2005 സെപ്തംബര്‍ അഞ്ചിന് പാസ്സാക്കിയ നിയമം 2006ല്‍ 200 ജില്ലകളിലും 2008ഓടെ രാജ്യവ്യാപകമായും നടപ്പാക്കി. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വര്‍ഷത്തില്‍ നൂറ് ദിവസം ജോലി നല്‍കുകയെന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യം നേടാന്‍ മിക്കയിടത്തും സാധിച്ചില്ല. ഗുരുതരമായ ക്രമക്കേടുകള്‍ അരങ്ങേറുകയും ചെയ്തു. മിനിമം വേതനത്തിന് അടുത്തു പോലും തൊഴിലുറപ്പ് കൂലി നിലവാരം എത്തിയതുമില്ല. ഈ വിമര്‍ശങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സൃഷ്ടിച്ച ആത്മവിശ്വാസം തിളക്കമുള്ളതായി തന്നെ തുടരുകയാണ്. കൊവിഡ് കശക്കിയെറിഞ്ഞ ഗ്രാമീണ സാമ്പത്തികാവസ്ഥയില്‍ പ്രത്യേകിച്ചും.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അഭിമാനത്തിന്റെയും പ്രതിഷേധത്തിന്റെയും നാളുകളിലൂടെയാണ് കേരളം കടന്നു പോകുന്നത്. പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനമെന്ന ബഹുമതിക്ക് കേരളം അര്‍ഹമാകുന്നുവെന്നതാണ് അഭിമാനം. എന്നാല്‍ ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്തും നടത്തിപ്പിനായി നീക്കിവെച്ച തുക വെട്ടിക്കുറച്ചും മണ്ടന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നും തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കങ്ങള്‍ ഏറ്റവും രൂക്ഷമായി ബാധിക്കുക കേരളത്തെയാകും എന്നതാണ് പ്രതിഷേധത്തിന് ആധാരം.

രാജ്യത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഫണ്ട് വകമാറ്റം, വേതനം നല്‍കാതിരിക്കല്‍ തുടങ്ങിയ തട്ടിപ്പുകള്‍ വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വെച്ച കണക്ക്. എന്നാല്‍ ഇത്തരത്തില്‍ ഒരു ക്രമക്കേട് പോലും കേരളത്തില്‍ നിന്ന് റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ്സ് എം പിമാരുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ലോക്‌സഭയില്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ആന്ധ്രാ പ്രദേശിലാണ്. തമിഴ്‌നാടാണ് രണ്ടാമത്. മൂന്നാം സ്ഥാനം കര്‍ണാടകക്കാണ്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് കിട്ടേണ്ട ആശ്വാസം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തട്ടിയെടുക്കുകയാണ്. ഫണ്ട് വകമാറ്റം തകൃതിയായി നടക്കുന്നു. ഇല്ലാത്ത തൊഴിലാളിയുടെ പേരില്‍ ഫണ്ട് തട്ടുന്നു. ഒരു തൊഴിലും നടക്കാതെയും ഫണ്ട് എഴുതിയെടുക്കുന്നു. പദ്ധതി നടത്തിപ്പില്‍ സുതാര്യതയില്ലെന്ന പരാതിയും വ്യാപകമാണ്. വേതനം വൈകിപ്പിക്കുകയോ കുറച്ച് നല്‍കുകയോ ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

ഏറ്റവും കാര്യക്ഷമമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായ കേരളം തന്നെയാണ് ഈ പദ്ധതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടത്. പദ്ധതി തകര്‍ക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണ മന്ത്രി എം വി ഗോവിന്ദന്‍ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. കേരളത്തിലെ വിവിധ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുമുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഈ പദ്ധതിയോട് മമതയില്ലാത്ത നയങ്ങളാണ് തുടരുന്നത്. ഒരു പഞ്ചായത്തില്‍ ഒരേ സമയം 20 പ്രവൃത്തിയേ പാടുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ പുതിയ തീട്ടൂരമിറക്കിയിരിക്കുകയാണ്. പദ്ധതിയില്‍ തൊഴിലിന് സന്നദ്ധരായ 18 ലക്ഷത്തോളം പേരുള്ള കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 5,12,823 പേര്‍ക്ക് മാത്രമാണ് നൂറ് ദിവസത്തെ തൊഴില്‍ കിട്ടിയത്. ഇവരടക്കം ജോലിചെയ്ത 16,45,183 പേര്‍ക്ക് ശരാശരി 64.41 തൊഴില്‍ ദിനങ്ങളാണ് നല്‍കാനായത്. ഒരു വാര്‍ഡില്‍ ഒന്നിലധികം പ്രവൃത്തികള്‍ ഒരേ സമയത്ത് ഏറ്റെടുക്കാന്‍ ചട്ടപ്രകാരം തടസ്സമില്ലാത്തതിനാലാണ് ഇത്രയെങ്കിലും തൊഴില്‍ ഉറപ്പാക്കാന്‍ സാധിച്ചത്. 50 മുതല്‍ 350 പേര്‍ വരെ തൊഴിലെടുക്കുന്ന വാര്‍ഡുകള്‍ ഉണ്ട്. രണ്ട് മുതല്‍ 14 വരെ തൊഴിലിടങ്ങള്‍ ഓരോ വാര്‍ഡിലും നിലവിലുണ്ട്. 20 വാര്‍ഡുള്ള ഒരു പഞ്ചായത്തില്‍ ശരാശരി 150- 200 പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ നിബന്ധന പ്രകാരം 30-40 തൊഴിലാളികള്‍ക്ക് മാത്രമേ ഒരു സമയം ജോലി ലഭിക്കുകയുള്ളൂ. ബാക്കിയുള്ളവര്‍ തൊഴിലില്ലാതെ നില്‍ക്കേണ്ടി വരും. 20 ദിവസമോ അതിലധികമോ വേണ്ടി വരും ഒരു വാര്‍ഡിലെ രണ്ടാമത്തെ സംഘത്തിന് ജോലി ലഭിക്കാന്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ച തുകയുടെ പകുതിയോളം മാത്രമാണ് നടപ്പു സാമ്പത്തിക വര്‍ഷം തൊഴിലുറപ്പിന് വകയിരുത്തിയിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം 1,07,000 കോടി രൂപയാണ് വിതരണം ചെയ്തത്. അപ്പോഴും സാമ്പത്തിക വര്‍ഷം അവസാനം 10,000 കോടിയോളം രൂപ കുടിശ്ശികയായിരുന്നു. 1,20,000 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ആവശ്യമായിരുന്നത്.

2022-23 സാമ്പത്തിക വര്‍ഷം വകയിരുത്തിയിരിക്കുന്നത് 63,000 കോടി മാത്രമാണ്. സാമ്പത്തിക വര്‍ഷം ജൂലൈയിലെത്തുമ്പോള്‍ 40,000 കോടി ചെലവഴിച്ചു കഴിഞ്ഞു. തുടര്‍ന്നുള്ള മാസങ്ങളിലേക്ക് ബാക്കിയുള്ളത് 23,000 കോടി മാത്രമാണ്. തൊഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ആയുധം മൂര്‍ച്ച കൂട്ടല്‍ ചെലവ് ഒഴിവാക്കിക്കൊണ്ട് ഇക്കഴിഞ്ഞ ജൂണ്‍ 14ന് കേന്ദ്രം ഉത്തരവിറക്കി. ജൂണ്‍ 15 മുതല്‍ അത് പ്രാബല്യത്തിലായി. പ്രതിദിനം ഒരു തൊഴിലാളിക്ക് ആ ഇനത്തില്‍ അഞ്ച് മുതല്‍ 10 രൂപ വരെ ലഭിച്ചുകൊണ്ടിരുന്നതാണ് കവര്‍ന്നെടുത്തത്.
കേന്ദ്ര ഗ്രാമ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂലൈ 18ന് ഇറക്കിയ ഉത്തരവ് പ്രകാരം ആഗസ്റ്റ് ഒന്ന് മുതല്‍ ഛത്തീസ്ഗഢ് ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ഒരു പഞ്ചായത്തില്‍ ഒരു സമയം 20 തൊഴിലുറപ്പ് പ്രവൃത്തികളില്‍ കൂടുതല്‍ പാടില്ലെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. ഈ ഉത്തരവ് തന്നെ നിയമവിരുദ്ധമാണ്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആക്ട് (2005) വിഭാവനം ചെയ്യുന്നത് ചുരുങ്ങിയത് 100 തൊഴില്‍ ദിനങ്ങളാണ്. പുതിയ ഉത്തരവ് പ്രകാരം 40 തൊഴില്‍ ദിനങ്ങള്‍ മാത്രമേ സാധ്യമാകൂ. അതുകൊണ്ട് പദ്ധതിയുടെ അന്തസ്സത്ത തകര്‍ക്കുന്ന പരിഷ്‌കാരത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. പദ്ധതി ദുരുപയോഗം ചെയ്യലാണ് പ്രശ്‌നമെങ്കില്‍ അത് തടയാന്‍ വേറെ വഴി തേടണം. ഒരു ക്രമക്കേടും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത കേരളവും താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളും എന്ത് പിഴച്ചു? പൊന്‍മുട്ടയിടുന്ന താറാവിന്റെ കഴുത്തില്‍ കത്തി വെക്കരുത്.