Connect with us

National

മതത്തെ രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാക്കരുത്; പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണവുമായി സി പി എം

'ബി ജെ പിയും ആര്‍ എസ് എസും ചേര്‍ന്ന് മതപരമായ ചടങ്ങ് പ്രധാനമന്ത്രിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ഒരു സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റുന്നത് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയാണ്.'

Published

|

Last Updated

ന്യൂഡല്‍ഹി | അയോധ്യയില്‍ ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസ്താവിച്ചതില്‍ വിശദീകരണവുമായി പാര്‍ട്ടി. എല്ലാ മതവിശ്വാസങ്ങളെയും മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ മതവിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടി നയം. മതം വ്യക്തിപരമായ തീരുമാനമാണ്. മതത്തെ രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാക്കി മാറ്റാതിരിക്കണമെന്നും സി പി എം വ്യക്തമാക്കി. അതിനാല്‍ത്തന്നെ പാര്‍ട്ടി സെക്രട്ടറി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സി പി എം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.

ബി ജെ പിയും ആര്‍ എസ് എസും ചേര്‍ന്ന് മതപരമായ ചടങ്ങ് പ്രധാനമന്ത്രിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ഒരു സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റുന്നത് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയാണ്.

ഇന്ത്യയിലെ ഭരണഘടന പ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മതപരമായ ബന്ധം പാടില്ല. ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുകയാണ് ചടങ്ങിന്റെ സംഘാടകരെന്നും സി പി എം പ്രസ്താവനയില്‍ പറയുന്നു.

ജനുവരി 22 ന് നടക്കുന്ന ചടങ്ങില്‍ സി പി എം പങ്കെടുക്കില്ലെന്ന് നേരത്തെ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും പ്രസ്താവിച്ചിരുന്നു. എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് തന്റെതെന്ന് വ്യക്തമാക്കിയ ബൃന്ദ, മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

 

 

Latest