editorial
മദ്യമൊഴുക്കി ലക്ഷദ്വീപിനെ തകര്‍ക്കരുത്
വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലവസരങ്ങളും ആരോഗ്യ സംവിധാനങ്ങളും മെച്ചപ്പെടുത്തിയാണ് ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തേണ്ടത്; മദ്യശാലകളിലൂടെയല്ല. ഒരു ജനതയുടെ സമാധാന ജീവിതത്തെ തകര്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ വികസനമല്ല, കടുത്ത നാശവും കൊടിയ ദ്രോഹവുമാണ്.
കേവലം നിയമപരമായ മാറ്റമല്ല, ഒരു ജനതയുടെ സ്വത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് ലക്ഷദ്വീപില്‍ മദ്യമൊഴുക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം. മദ്യനിരോധം നിലവിലുള്ള പ്രദേശമാണ് ലക്ഷദ്വീപ്. വിനോദ സഞ്ചാരികള്‍ക്കായി ജനവാസമില്ലാത്ത ബംഗാര ദ്വീപില്‍ മാത്രമാണ് ഇതുവരെയും മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നത്. പ്രാദേശിക ജനങ്ങളുടെ മത- സാംസ്‌കാരിക സ്വഭാവവും സാമൂഹിക ഘടനയും പരിഗണിച്ചാണ് ജനവാസമുള്ള ദ്വീപുകളില്‍ മദ്യത്തിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയത്. ജനങ്ങളില്‍ 99 ശതമാനവും മദ്യസംസ്‌കാരത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്നവരാണ്. നാടിന്റെ ഈ സവിശേഷതയെയും സംസ്‌കാരത്തെയും അവഗണിച്ച് ലക്ഷദ്വീപിലെ ജനവാസമുള്ള പത്ത് ദ്വീപുകളിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയിരിക്കുകയാണ് കലക്ടര്‍ ഡോ. ആര്‍ ഗിരിശങ്കര്‍.
ടൂറിസ വികസനവും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കലുമാണ് പുതിയ മദ്യനയത്തിന് ഭരണകൂടം പറയുന്ന ന്യായം. അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ മദ്യം വിളമ്പണമെന്ന വാദം അര്‍ഥശൂന്യമാണ്. സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിച്ചു കൊണ്ട് തന്നെ ടൂറിസം വളര്‍ത്തുന്ന അനുഭവം മുന്നിലുണ്ട്. പവിഴപ്പുറ്റുകള്‍, അപൂര്‍വ സമുദ്രജീവികള്‍, തെളിനീര്‍ തടാകങ്ങള്‍, സാഹസിക ജല കായിക വിനോദങ്ങള്‍, മലിനമല്ലാത്ത പ്രകൃതി, സമാധാനാന്തരീക്ഷം തുടങ്ങി പ്രകൃതിപരവും പാരമ്പര്യപരവുമായ സവിശേഷതകളാണ് വിനോദസഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ആകര്‍ഷിക്കുന്നത്. മദ്യനിരോധം നിലനില്‍ക്കെ തന്നെ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ആളുകള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. അതാത് പ്രദേശത്തെ ജനങ്ങളുടെ ജീവിത രീതിയും സാംസ്‌കാരിക സവിശേഷതകളും കണക്കിലെടുത്തു വേണം ടൂറിസ വികസനം നടപ്പാക്കേണ്ടത്.
നിലവിലെ സ്വച്ഛമായ അന്തരീക്ഷവും സാംസ്‌കാരിക പാരമ്പര്യവും നശിപ്പിക്കുന്ന “കോര്‍പറേറ്റ് ടൂറിസ’ രീതി ദ്വീപിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പരിസ്ഥിതി ലോലപ്രദേശമാണ് ലക്ഷദ്വീപ്. മദ്യവിതരണം വ്യാപകമാകുന്നതോടെ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിക്കാനിടയാകുകയും ഇത് ദ്വീപിന്റെ ഭൂപ്രകൃതിയെയും കടല്‍സമ്പത്തിനെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. ജനസംഖ്യയും സ്ഥലപരിമിതിയും കണക്കിലെടുക്കുമ്പോള്‍ മാലിന്യ സംസ്‌കരണം ഭാവിയില്‍ വലിയൊരു വെല്ലുവിളിയായി മാറുകയും ചെയ്യും. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ്. മദ്യരഹിത അന്തരീക്ഷമാണ് കാരണം.
ജനവാസ കേന്ദ്രങ്ങളില്‍ മദ്യം വിളമ്പിത്തുടങ്ങുന്നതോടെ കുടുംബകലഹങ്ങളും ഗാര്‍ഹിക പീഡനങ്ങള്‍ ഉള്‍പ്പെടെ കുറ്റകൃത്യങ്ങളും റോഡപകടങ്ങളും വര്‍ധിക്കുകയും യുവതലമുറ ലഹരിക്കടിപ്പെടുകയും ചെയ്യും. ജനങ്ങള്‍ ഒത്തൊരുമയിലും തികഞ്ഞ ഐക്യത്തിലും പരസ്പര ആശ്രയത്വത്തിലുമാണ് ദ്വീപില്‍ കഴിഞ്ഞു വരുന്നത്. മദ്യത്തിന്റെ വ്യാപനം ഈ നല്ല കുടുംബ- സാമൂഹിക അന്തരീക്ഷത്തില്‍ വില്ലനായി മാറുകയും ചെയ്യും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്യലഭ്യത സൃഷ്ടിച്ച ഗുരുതര പ്രത്യാഘാതങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും നമ്മുടെ മുമ്പിലുണ്ട്.
സാമ്പത്തിക ഉന്നതിയാണല്ലോ പുതിയ മദ്യനയത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഇതുകൊണ്ട് പക്ഷേ ദ്വീപ് നിവാസികള്‍ക്ക് ഒരു ഗുണവുമുണ്ടാകില്ല. പുറത്ത് നിന്നുള്ള വന്‍കിട ബിസിനസ്സുകാരുടെയും ഭരണകൂടത്തിന്റെയും ഖജനാവിലേക്കാണ് വരുമാനം പോകുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലവസരങ്ങളും ആരോഗ്യ സംവിധാനങ്ങളും മെച്ചപ്പെടുത്തിയാണ് ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തേണ്ടത്; മദ്യശാലകളിലൂടെയല്ല. ഒരു ജനതയുടെ സമാധാന ജീവിതത്തെ തകര്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ വികസനമല്ല, കടുത്ത നാശവും കൊടിയ ദ്രോഹവുമാണ്.
കേന്ദ്രം ഭരണം നേരിട്ട് നിര്‍വഹിക്കുന്ന ലക്ഷദ്വീപിന് രാഷ്ട്രീയ പ്രാതിനിധ്യം നന്നേ പരിമിതമാണ്. ലോക്‌സഭയില്‍ ഒരംഗം മാത്രമുള്ള ഈ ചെറുസമൂഹത്തിന് തങ്ങളുടെ നയപരമായ കാര്യങ്ങള്‍ നിര്‍ണയിക്കാനും നടപ്പാക്കാനും പര്യാപ്തമായ ഭരണഘടനാപരമായ ശക്തിയില്ല. ഈയൊരു സാഹചര്യത്തില്‍ പ്രാദേശിക ജനതയുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തായിരിക്കണം ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടത്. അവരുടെ സാംസ്‌കാരിക അസ്തിത്വത്തെ ബാധിക്കുന്ന പരിഷ്‌കരണങ്ങളില്‍ വിശേഷിച്ചും. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ജനതാത്പര്യങ്ങള്‍ ബലികഴിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് നിരക്കുന്നതല്ല.
പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ ശേഷം ലക്ഷദ്വീപില്‍ വേറെയും പല പരിഷ്‌കരണങ്ങളും നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വികസന പദ്ധതികളുടെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്ന ലക്ഷദ്വീപ് വികസന അതോറിറ്റി നിയന്ത്രണം, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനെന്ന പേരില്‍ നടപ്പാക്കിയ ഗുണ്ടാനിയമത്തിന് സമാനമായ തടങ്കല്‍ വ്യവസ്ഥ, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത, ബീഫ് നിരോധം, സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രാദേശിക അധ്യാപകരെ പിരിച്ചുവിടല്‍ തുടങ്ങി 2021ല്‍ പ്രഫുല്‍ ഖോഡ കൊണ്ടുവന്ന ഭരണപരിഷ്‌കാരങ്ങള്‍ കടുത്ത വിമര്‍ശവും എതിര്‍പ്പും ക്ഷണിച്ചുവരുത്തിയതാണ്. അതിന്റെ തുടര്‍ച്ചയായി വേണം മദ്യമൊഴുക്കാനുള്ള പുതിയ നീക്കത്തെ കാണേണ്ടത്.
ഭരണപരിഷ്‌കരണങ്ങള്‍ എന്നതിലുപരി ലക്ഷദ്വീപ് ജനതയുടെ സാംസ്‌കാരിക തനിമയെയും മതപരമായ അസ്തിത്വത്തെയും തകര്‍ക്കാനുള്ള ഗൂഢനീക്കമാണിതെന്ന സന്ദേഹം ഉയര്‍ന്നിട്ടുണ്ട്. സമാധാനത്തിന്റെ ഈ തുരുത്തിനെ ഹിന്ദുത്വ അജന്‍ഡകളുടെ പരീക്ഷണ ശാലയായി മാറ്റരുത്.


