Health
രോഗലക്ഷണങ്ങള്‍ അഭിനയമാണെന്ന് ഡോക്ടര്‍മാര്‍; 33കാരിക്ക് ദാരുണാന്ത്യം
സ്റ്റെഫാനി ആസ്റ്റണ്‍ ആണ് ജനിതകരോഗമായ ഇ.ഡി.എസ്. ബാധിച്ച് മരിച്ചത്.

വെല്ലിങ്ടണ്‍| രോഗമുണ്ടെന്ന് അഭിനയിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചതിന് പിന്നാലെ അപൂര്‍വ ജനിതക രോഗം ബാധിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. മുപ്പത്തിമൂന്നുകാരിയായ സ്റ്റെഫാനി ആസ്റ്റണ്‍ ആണ് ജനിതകരോഗമായ ഇ.ഡി.എസ്. ബാധിച്ച് മരിച്ചത്. സെപ്തംബര്‍ ഒന്നിനാണ് ഓക്ലന്‍ഡിലെ വീട്ടില്‍ വെച്ച് സ്റ്റെഫാനി ആസ്റ്റണ്‍ മരിച്ചതെന്ന് ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇ.ഡി.എസ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയ സ്റ്റെഫാനിക്ക് രോഗമില്ലെന്നും ലക്ഷണങ്ങളുണ്ടെന്നു പറയുന്നത് വ്യാജമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സ്റ്റെഫാനിക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചിരുന്നു. 2015 ഒക്ടോബറില്‍ ഇരുപത്തിയഞ്ചാം വയസ്സിലാണ് സ്റ്റെഫാനിക്ക് ആദ്യമായി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അന്ന് ഈ രോഗമാണെന്നതു സംബന്ധിച്ച് സ്റ്റെഫാനിക്ക് യാതൊരു അറിവും ഇല്ലായിരുന്നു.
കടുത്ത തലവേദന, അടിവയറ് വേദന, പെട്ടെന്ന് മുറിവുണ്ടാവുക, ശരീരത്തില്‍ അയണിന്റെ അളവ് കുറവ്, തളര്‍ന്നു വീഴുക എന്നീ ലക്ഷണങ്ങളോടെയാണ് സ്റ്റെഫാനി ആശുപത്രിയില്‍ എത്തിയത്. ഓക്ലന്‍ഡ് ആശുപത്രിയില്‍ പോയപ്പോഴാണ് സ്റ്റെഫാനി രോഗം അഭിനയിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. മാനസിക പ്രശ്‌നം ആണെന്ന് പറഞ്ഞ് സൈക്യാട്രിക് ചികിത്സയ്ക്കും നിര്‍ദേശിച്ചിരുന്നു. പനിയും ചുമയും തലചുറ്റലും ഉള്‍പ്പെടെ യഥാര്‍ത്ഥമല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സ്റ്റെഫാനിയുടെ കുടുംബത്തിലും ഇ.ഡി.എസ്. രോഗബാധിതര്‍ ഉണ്ടായിരുന്നു.
താന്‍ മനപ്പൂര്‍വം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയാണെന്നും ലക്ഷണങ്ങള്‍ അഭിനയിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നതായി സ്റ്റെഫാനി വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതെല്ലാം തനിക്ക് ആത്മാഭിമാനം നഷ്ടപ്പെട്ടതുപോലെ അനുഭവപ്പെടുന്നുവെന്നും അവള്‍ പറഞ്ഞിരുന്നു. കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ സ്റ്റെഫാനി ജീവിച്ചിരിക്കുമായിരുന്നു എന്നാണ് ന്യൂസിലാന്‍ഡില്‍ നിന്നുള്ള ഇ.ഡി.എസ്. വിദഗ്ധര്‍ പറയുന്നത്. രോഗത്തെ ഇപ്പോഴും ഗൗരവകരമായി കാണാത്തതിന്റെ പശ്ചാത്തലത്തില്‍ നിരന്തരം ചര്‍ച്ചകളും ക്യാമ്പയിനുകളും സംഘടിപ്പിക്കാന്‍ ഇ.ഡി.എസ്. വിദഗ്ധര്‍ രംഗത്തെത്താറുണ്ട്.
ഇ.ഡി.എസ്.ശരീരത്തിന്റെ വിവിധ ടിഷ്യുകളെയും അവയവങ്ങളെയും പിന്തുണയ്ക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന കണക്ടീവ് ടിഷ്യൂകള്‍ക്ക് ബലഹീനത സംഭവിക്കുന്ന ഒരുതരം ഡിസോര്‍ഡറാണ്. ചര്‍മം, എല്ല്, രക്തക്കുഴലുകള്‍, മറ്റ് അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് അഭികാമ്യവുമാണ് ഇവ. ഇവയെ രോഗം ബാധിക്കുന്നതിലൂടെ ചര്‍മം, സന്ധികള്‍, രക്തക്കുഴലുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാകുന്നു. സന്ധിസംബന്ധമായ പ്രശ്‌നങ്ങള്‍, മുറിവുകള്‍ തുടങ്ങിയവയൊക്കെ പ്രത്യക്ഷമാകാം.
പെട്ടെന്നുണ്ടാകുന്ന മുറിവുകള്‍, അസഹ്യമായ സന്ധിവേദന, അതിയായ ക്ഷീണം, ദഹനപ്രശ്‌നങ്ങള്‍, വേഗമേറിയ ഹൃദയമിടിപ്പ്, ആന്തരികാവയവങ്ങള്‍ക്കുള്ള കേടുപാടുകള്‍, മൂത്രംപിടിച്ചു നിര്‍ത്താനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ രോഗ ലക്ഷണങ്ങളാണ്. താരതമ്യേന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഇ.ഡി.എസ്. തൊട്ട് ജീവനു ഹാനിയാകുന്നവ വരെ ഉണ്ട്. അയ്യായിരം പേരില്‍ ഒരാള്‍ എന്ന നിലയ്ക്കാണ് രോഗം ബാധിക്കുക. ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത രോഗത്തിന് ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള മരുന്നുകള്‍ മാത്രമാണ് നല്‍കുക.