Connect with us

വ്രതവിശുദ്ധി

നന്മകൾ നാളേക്ക് നീട്ടരുത്

Published

|

Last Updated

ഉഖ്ബ (റ) പറയുന്നു: ‘ഞാനൊരിക്കൽ മദീനയിൽ വെച്ച് നബിയോടൊപ്പം അസ്റ് നിസ്‌കാരത്തിൽ പങ്കെടുത്തു. നിസ്‌കാരം കഴിഞ്ഞ ഉടനെ നബി എഴുന്നേൽക്കുകയും ഇരിക്കുന്നവരുടെ തോളുകൾ മറികടന്ന് ധൃതിയിൽ പോവുകയും ചെയ്തു. ഇത് കണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം പരിഭ്രമചിത്തരായി. നബി (സ) പോയത് അവിടുത്തെ ഭാര്യയുടെ വസതിയിലേക്കായിരുന്നു. അധികം താമസിയാതെ ഞങ്ങളിലേക്കു തന്നെ തിരിച്ചു വരികയും ചെയ്തു. അപ്പോൾ നബി കണ്ടത് എല്ലാവരും അമ്പരന്നിരിക്കുന്നതാണ്. തിരുദൂതർ ഞങ്ങളെ നോക്കി പറഞ്ഞു: എന്റെ പക്കൽ അൽപ്പം സ്വർണ മുണ്ടായിരുന്നു. അതോർമ വന്നപ്പോൾ എഴുന്നേറ്റ് പോയതാണ്. അത് കൈവശം വെച്ച കാരണം കൊണ്ട് അല്ലാഹുവുമായി അകന്നുപോകുമോ എന്ന് ഞാൻ ഭയന്നു. അത് ഉടനെ ദാനം ചെയ്യണമെന്ന് പറയാൻ പോയതായിരുന്നു.’ (ബുഖാരി, മുസ്്ലിം)

ഈ സംഭവത്തെ വിശദീകരിച്ച് കൊണ്ട് ഹദീസ് വ്യാഖ്യാതാക്കൾ പറയുന്നു: സത്കർമങ്ങൾ പ്രവർത്തിക്കാനായി ധൃതി കാണിക്കലും അല്ലാഹുവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൽ നിന്ന് ശ്രദ്ധതിരിക്കുന്ന കാര്യങ്ങളിൽ നിന്ന് പെട്ടെന്ന് ഒഴിവാകലും നല്ലതാണ്.
സത്കർമങ്ങൾ ചെയ്യാൻ നല്ല അവസരവും സമയവും വരുമെന്ന് പ്രതീക്ഷിച്ച് പിന്നീടാക്കാമെന്ന് വെക്കരുത്. സാധ്യമാകുന്നത് അപ്പപ്പോൾ ചെയ്യുക. നന്മ ചെയ്യാനുള്ള അവസരം സംജാതമായിട്ടും അതിൽ നിന്ന് മാറി നിൽക്കുകയും നമുക്കിഷ്ടമുള്ള കാര്യങ്ങളിൽ വ്യാപൃതരാകുകയും ചെയ്യുന്നത് ശാരീരിക താത്പര്യങ്ങൾക്ക് വിധേയപ്പെടലാണ്. അത് മറികടക്കുകയും നന്മയിലേക്ക് തിരിയാനുള്ള മനഃസ്ഥിതി കൈവരിക്കുകയും ചെയ്യുന്ന കടമ്പ അൽപ്പം പ്രയാസമേറിയത് കൊണ്ടാണ് ഇതിനെ ഏറ്റവും വലിയ സമരമെന്ന് വിശേഷിപ്പിച്ചത്.
അല്ലാഹുവുമായി നമുക്കുള്ള ബാധ്യതകൾ വീട്ടാൻ അവസാന സമയം വരെ കാത്തുനിൽക്കരുത്. അവൻ നമുക്ക് ചെയ്തുതരേണ്ട അനുഗ്രഹങ്ങൾ സമയാസമയങ്ങളിൽ കാട്ടാതിരുന്നാലുള്ള അവസ്ഥ ഓർത്തു നോക്കൂ.

പാപമോചനം തേടലും പശ്ചാത്താപവും പവിത്ര രാവുകളിൽ ചെയ്യാമെന്ന് കരുതി പിന്തിപ്പിക്കരുത്. ധനാഢ്യനായിട്ട് ദാനം ചെയ്യാമെന്ന് വിചാരിക്കണ്ട. ഹജ്ജും ഉംറയും അവസാന കാലത്തേക്ക് നീട്ടിവെക്കേണ്ടതില്ല. എല്ലാം അപ്പപ്പോൾ ചെയ്ത് തീർക്കുക.
നബി (സ) പറയുന്നു: ‘വ്യാപൃതരാക്കി തീർക്കുന്ന ഏഴ് അവസ്ഥകൾ നിങ്ങളിലേക്കെത്തുന്നതിന് മുമ്പ് നിങ്ങൾ സത്കർമങ്ങൾ പ്രവർത്തിക്കുക. എല്ലാം വിസ്മരിച്ച് പോകുന്ന ദാരിദ്ര്യം, അക്രമ പ്രവർത്തനങ്ങളിലേക്കെത്തിക്കുന്ന സാമ്പത്തികാഭിവൃദ്ധി, ശാരീരികമായോ മാനസികമായോ തളർത്തുന്ന രോഗം, സംസാരത്തിന്റെ സ്ഥിരത നഷ്ടപ്പെടുന്ന വാർധക്യം, ആകസ്മിക മരണം, ഏറ്റവും വലിയ നാശമായ ദജ്ജാലിന്റെ വരവ്, അന്ത്യദിനം എന്നിവയിൽ ഒന്നിനെയല്ലാതെ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?’

ആവതു കാലത്ത് തന്നെ സാധിക്കുന്ന സത്കർമങ്ങളെല്ലാം ചെയ്യുക. മേൽ പറഞ്ഞ ഏതെങ്കിലും അവസ്ഥ വന്നുഭവിച്ചാൽ പിന്നെ സാധിച്ചു കൊള്ളണമെന്നില്ല.