Connect with us

National

2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി; നിലവിലുള്ളത് ഉപയോഗിക്കാം

സെപ്തംബര്‍ 30 വരെയായിരിക്കും നിലവിലുള്ള 2000 രൂപ നോട്ടിന്റെ കാലാവധി.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി റിസർവ് ബേങ്ക് ഉത്തരവ്. ആര്‍ ബി ഐ ബേങ്കുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.  സെപ്തംബര്‍ 30ന് മുമ്പ് നിലവിലുള്ള രണ്ടായിരം രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചോ ചെറിയ മൂല്യമുള്ള നോട്ടുകളാക്കി മാറ്റിവാങ്ങുകയോ ചെയ്യണം. അതുവരെ നിലവിലെ നോട്ട് ഉപയോഗിക്കുന്നതിന് തടസ്സമില്ല. 2000 രൂപ നോട്ടിന്റെ വിനിമയം പൂര്‍ണമായി അവസാനിപ്പിക്കുക ലക്ഷ്യം വെച്ച് ‘ക്ലീന്‍ നോട്ട് പോളിസി’ പ്രകാരമാണ് ആര്‍ ബി ഐ നടപടി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) 19 റീജിയണൽ ഓഫീസുകളും മറ്റ് ബാങ്കുകളും മെയ് 23 മുതൽ 2000 രൂപ നോട്ടുകൾ മാറ്റി നൽകാനായി സ്വീകരിച്ചുതുടങ്ങും.  2000ത്തിന്റെ 10 നോട്ടുകള്‍ മാത്രമാണ് ഒരേ സമയം ഒരു ബാങ്കിൽ നിന്ന് മാറ്റി വാങ്ങാൻ സാധിക്കുക.

മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2000 രൂപ നോട്ടുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. രണ്ടായിരം രൂപ നോട്ടുകളുടെ 89 ശതമാനവും പുറത്തിറക്കിയത് 2017 മാർച്ചിന് മുമ്പാണ്. അഞ്ച് വർഷത്തെ കാലാവധി ലക്ഷ്യമിട്ട് അച്ചടിച്ച ഈ നോട്ടുകളിൽ ഭൂരിഭാഗത്തിന്റെയും കാലാവധി ഇതിനകം കഴിഞ്ഞിട്ടുണ്ട്.

2018 മാർച്ചിൽ 6.73 ലക്ഷം കോടി മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് വിപണിയിൽ ഉണ്ടായിരുന്നതെങ്കിൽ 2023 മാർച്ച് 31 ആയപ്പോഴേക്കും ഇത് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞു. നിലവിൽ ആകെ അച്ചടിച്ച 2000 രൂപ നോട്ടുകളുടെ 10.8 ശതമാനം മാത്രമാണ് വിപണിയിലുള്ളതെന്നും ആർ ബി ഐ അറിയിച്ചു. ഈ നോട്ട് ഇടപാടുകൾക്ക് സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു

2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ അസാധുവാക്കിയ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നത് 2018-19ല്‍ തന്നെ നിര്‍ത്തിയിരുന്നു.

പരിഹസിച്ച് കോണ്‍ഗ്രസ്

2000 രൂപ നോട്ട് വിതരണം നിര്‍ത്തിയ നടപടിയെ കോണ്‍ഗ്രസ് പരിഹസിച്ചു. ആദ്യം പ്രവൃത്തി, പിന്നെ ചിന്ത എന്ന നയമാണ് കേന്ദ്ര സര്‍ക്കാറിന്റെതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 2016 നവംബര്‍ എട്ടിലെ ദുരന്തത്തിനു ശേഷം 2000 നോട്ട് കൊട്ടിഘോഷിച്ച് അവതരിപ്പിച്ചു. അങ്ങനെ അവതരിപ്പിച്ച നോട്ടാണ് ഇപ്പോള്‍ പിന്‍വലിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

 

 

 

Latest