fact check
ആലി കൊണ്ടോട്ടിയുടെ 'പ്രവചനം' ഫലിച്ചോ? വിമാന ദുരന്തം മുൻകൂട്ടി പ്രവചിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ സത്യമറിയാം
'മൂന്ന് ദിവസത്തിനകം ഇന്ത്യയിൽ ഒരു വിമാനാപകടം ഉണ്ടാവും, ഒരാൾ രക്ഷപ്പെടും' എന്ന് നാല് ദിവസം മുമ്പ് 'ആലി കൊണ്ടോട്ടി' എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തതായാണ് പ്രചാരണം.

അഹമ്മദാബാദിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഒരു വ്യോമദുരന്തത്തിന് പിന്നാലെ, സമൂഹമാധ്യമങ്ങളിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് അതിവേഗം പ്രചരിക്കുകയാണ്. ‘മൂന്ന് ദിവസത്തിനകം ഇന്ത്യയിൽ ഒരു വിമാനാപകടം ഉണ്ടാവും, ഒരാൾ രക്ഷപ്പെടും’ എന്ന് നാല് ദിവസം മുമ്പ് ‘ആലി കൊണ്ടോട്ടി’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തതായാണ് പ്രചാരണം. ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായതോടെ, പലരും ‘ആലി കൊണ്ടോട്ടി’യുടെ പ്രൊഫൈൽ സന്ദർശിക്കുകയും, ആ പോസ്റ്റ് അവിടെ നിലവിലുണ്ടെന്ന് കണ്ട് ഞെട്ടുകയും ചെയ്തു. ഇതോടെ, ‘ആലി’യാണ് വിമാന ദുരന്തത്തിന് കാരണക്കാരൻ എന്ന് വരെ ചിലർ ആരോപിക്കാൻ തുടങ്ങി.
എന്നാൽ, പ്രചരിക്കുന്ന ഈ വിവരങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് സിറാജ് ലൈവ് ഫാക്ട് ചെക്ക് ടീം അന്വേഷിച്ചു. ഞങ്ങളുടെ അന്വേഷണത്തിൽ ഇത് ‘ശുദ്ധ തട്ടിപ്പാണെന്ന്’ വ്യക്തമായി. നാല് ദിവസം മുമ്പ് ഫേസ്ബുക്കിലിട്ട ഒരു സാധാരണ പോസ്റ്റ്, അപകടം നടന്ന വ്യാഴാഴ്ച വൈകുന്നേരം തിരുത്തി വ്യാജപ്രവചനമാക്കി മാറ്റിയതാണ് ഈ പ്രചാരണത്തിന് പിന്നിൽ.
സത്യാവസ്ഥ ഇങ്ങനെ:
ജൂൺ 9-ന് ഉച്ചയ്ക്ക് 1:38-നാണ് ‘ആലി കൊണ്ടോട്ടി’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ ഒരു പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു: “പോസറ്റീവ് വന്നാൽ നോർത്ത് ഇന്ത്യയിൽ ക്ലിക്ക് ആയില്ലേലും 1000 കോടി തൂക്കും 👌🔥ആലിയാടാ പറയുന്നത് വെക്കടാ ഇതിന് മേലെ ഒരെണ്ണം”.

എഡിറ്റ് ചെയ്ത് ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റ്
എന്നാൽ, വിമാന അപകടം നടന്ന വ്യാഴാഴ്ച (ജൂൺ 12) വൈകുന്നേരം 6:40-ന് ഈ പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. ആദ്യ തിരുത്തിൽ, “മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ഒരു വീമാനാപകടം ഉണ്ടാവും, വീമാനത്തിലെ എല്ലാരും മരിക്കും” എന്നാക്കി മാറ്റി.

പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററി
കുറച്ചുസമയം കഴിഞ്ഞ്, വൈകുന്നേരം 7:39-ന് പോസ്റ്റ് വീണ്ടും തിരുത്തി. ഇത്തവണ ഒരു വിമാന അപകടത്തിന്റെ ചിത്രം കൂടി ചേർത്ത്, “#Prediction മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ഒരു വീമാനാപകടം ഉണ്ടാവും; വീമാനത്തിലെ എല്ലാരും മരിക്കും.” എന്നാക്കി.
ഏകദേശം ഒരു മിനിറ്റിനുള്ളിൽ (രാത്രി 7:40-ന്) ഇത് വീണ്ടും തിരുത്തി. “#Prediction മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ഒരു വീമാനാപകടം ഉണ്ടാവും വീമാനത്തിലെ 99.5% ആൾക്കാരും മരിക്കും.” എന്നായിരുന്നു ഇത്തവണത്തെ തിരുത്ത്.
അവസാനമായി, രാത്രി 8:07-ന് പോസ്റ്റിൽ വീണ്ടും മാറ്റം വരുത്തി. “#Prediction മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ഒരു വീമാനാപകടം ഉണ്ടാവും, ഒരാൾ രക്ഷപെടും” എന്നാക്കി മാറ്റുകയായിരുന്നു. ഈ പോസ്റ്റ് ഇന്ന് പുലർച്ചെ 3:37-ന് “)tsoP detidE ( എന്ന് കൂടി ചേർത്ത് വീണ്ടും തിരുത്തിയിട്ടുണ്ട്. (Edited Post) എന്നത് അക്ഷരങ്ങൾ മാറ്റി എഴുതിയാണ് )tsoP detidE ( എന്നത്.
പാഠവും മുന്നറിയിപ്പും
സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. ഫേസ്ബുക്കിൽ പോസ്റ്റുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും, ആ തിരുത്തലുകൾ ആർക്കും പരിശോധിക്കാൻ കഴിയും. ഒരു പോസ്റ്റിന്റെ മുകളിൽ വലത് വശത്തായി കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് ‘എഡിറ്റ് ഹിസ്റ്ററി’ (Edit History) തിരഞ്ഞെടുക്കുകയാണെങ്കിൽ, ആ പോസ്റ്റിൽ വരുത്തിയ എല്ലാ മാറ്റങ്ങളും കാണാൻ സാധിക്കും. വ്യാജപ്രചാരണങ്ങളിൽ വീഴാതെ, വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം പ്രചരിപ്പിക്കാൻ നാം ശ്രദ്ധിക്കണം.
—