Connect with us

National

ഏഴ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയില്ല; ആകാശ എയര്‍ സര്‍വീസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡി ജി സി എ

രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് 11.40ന് പുറപ്പെട്ട ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ ബാക്കി വന്ന യാത്രക്കാര്‍ക്ക് യാത്രാ സൗകര്യമൊരുക്കിയെങ്കിലും നഷ്ടപരിഹാരമൊന്നും നല്‍കിയില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | യാത്രക്കാരെ വിമാനത്തില്‍ കയറ്റാതിരുന്നതിന് ആകാശ എയര്‍ സര്‍വീസിന് പിഴ. 10 ലക്ഷം രൂപയാണ് ഏഴ് യാത്രക്കാരെ കയറ്റാതെ പോയ സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) പിഴ ചുമത്തിയത്.

സെപ്തം: ആറിന് ബെംഗളൂരുവില്‍ നിന്ന് പുനെയിലേക്കുള്ള വിമാനത്തിലാണ് സംഭവം. രാത്രി 8.50 ന് പുറപ്പെടേണ്ടിയിരുന്ന ആകാശയുടെ ക്യു പി 1437 വിമാനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നതു കാരണം യാത്രക്ക് മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. എന്നാല്‍, എല്ലാവര്‍ക്കും കയറാനുള്ള സൗകര്യം ഇതില്‍ ഉണ്ടായിരുന്നില്ല. ഉള്ള സീറ്റുകളില്‍ ചിലത് മോശവുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഏഴ് യാത്രക്കാരെ കയറ്റാതെ വിമാനം യാത്ര പുറപ്പെട്ടത്.

രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് 11.40ന് പുറപ്പെട്ട ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ ബാക്കി വന്ന യാത്രക്കാര്‍ക്ക് യാത്രാ സൗകര്യമൊരുക്കിയെങ്കിലും നഷ്ടപരിഹാരമൊന്നും നല്‍കിയില്ല. ഇതേ തുടര്‍ന്നുള്ള പരാതിയിലാണ് ഡി ജി സി എ പിഴയിട്ടത്. ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് അടിസ്ഥാന നിരക്കിന്റെ 200 ശതമാനം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് ഡി ജി സി എ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത്.

വിമാന കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാലാണ് ബോര്‍ഡിംഗ് നിഷേധിക്കേണ്ടി വന്നതെന്നായിരുന്നു ആകാശയുടെ വാദം. ഇതേ തുടര്‍ന്ന് ഡി ജി സി എ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും ഇതിനു പിന്നാലെ നഷ്ടപരിഹാരം നല്‍കാന്‍ ആകാശ തയ്യാറാവുകയായിരുന്നു. എന്നാല്‍, മാനദണ്ഡങ്ങള്‍ ആദ്യം പാലിക്കാതിരുന്നതിന് ഡി ജി സി എ ആകാശയ്ക്ക് പിഴയിടുകയായിരുന്നു.

Latest