Connect with us

muslim league

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി: ഭാരവാഹികൾക്ക് സ്ഥാന ചലനമുണ്ടാകും

മുസ്‌ലിം ലീഗിന് ചെറിയ പരാജയം മാത്രമേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായിട്ടുള്ളൂവെന്ന് അവകാശപ്പെട്ട സലാം യു ഡി എഫിലെ മറ്റ് ഘടകകക്ഷികൾക്ക് വലിയ പരാജയമാണുണ്ടായതെന്നും പറഞ്ഞു

Published

|

Last Updated

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സിറ്റിംഗ് മണ്ഡലങ്ങളിലുൾപ്പെടെ 12 മണ്ഡലങ്ങളിലുണ്ടായ തോൽവിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ 20ന് ചേരുന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിക്കും. പാകപ്പിഴവുകൾ കണ്ട സ്ഥലങ്ങളിൽ ശക്തമായ ബദൽ നടപടികളെടുക്കുമെന്ന് ലീഗ് ഉന്നതാധികാര സമിതി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ആക്ടിംഗ് സെക്രട്ടറി പി എം എ സലാം പറഞ്ഞു.

കമ്മിറ്റി ഭാരവാഹികളെ മാറ്റുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും. കോഴിക്കോട് സൗത്ത് മണ്ഡലത്തിലുൾപ്പെടെ പ്രാദേശിക സംവിധാനങ്ങളിൽ പാളിച്ചകളുണ്ടായിട്ടുണ്ട്. എന്നാൽ, വനിതാ സ്ഥാനാർഥിയായതിനാൽ പാർട്ടി നേതൃത്വം ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മുസ്‌ലിം ലീഗിന് ചെറിയ പരാജയം മാത്രമേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായിട്ടുള്ളൂവെന്ന് അവകാശപ്പെട്ട സലാം യു ഡി എഫിലെ മറ്റ് ഘടകകക്ഷികൾക്ക് വലിയ പരാജയമാണുണ്ടായതെന്നും പറഞ്ഞു.

ഘടക കക്ഷികളെ കുറിച്ച് ആക്ഷേപമില്ല. സംഘടനാരംഗം ശാക്തീകരിക്കാൻ വിവിധതല പദ്ധതികൾ പാർട്ടി ആവിഷ്‌കരിക്കുന്നുണ്ട്. സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുസ്്‌ലിം ലീഗ് മെമ്പർഷിപ്പ് പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ്. ഇക്കാര്യത്തിൽ വിശദ ചർച്ചകൾക്കായി ഡിസംബർ 20ന് പാർട്ടി പ്രവർത്തക സമിതി ചേരും. ഔദ്യോ ഗിക പ്രഖ്യാപനം അന്നുണ്ടാകും. ഇതോടൊപ്പം വനിതാലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനും നടക്കും. വഖ്ഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടിക്കെതിരെ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കാൻ മുസ്്‌ലിംലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനമായി. 30ന് ചേരുന്ന മുസ്്‌ലിംസംഘടനകളുടെ യോഗത്തിൽ സമര പരിപാടികൾ പ്രഖ്യാപിക്കും.

ആലുവയിൽ നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സി ഐയെ സംരക്ഷിക്കാൻ ആഭ്യന്തര വകുപ്പ് കിണഞ്ഞുശ്രമിച്ചെങ്കിലും അവസാനം പത്തിമടക്കേണ്ടി വന്നു. സർക്കാറിന്റെ ധാർഷ്ട്യവും ജനാധിപത്യ വിരുദ്ധ നീക്കങ്ങളും ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എം പി, കെ പി എ മജീദ്, ഡോ. എം കെ മുനീർ, വി കെ ഇബ്‌റാഹീം കുഞ്ഞ് പങ്കെടുത്തു.