Connect with us

Kerala

ദീപകിന്റെ മരണം; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളജ് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളജ് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു .

ജനുവരി 16നാണ് പയ്യന്നൂര്‍ രാമന്തളി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ലൈംഗികാതിക്രമം കാട്ടിയെന്ന് സൂചിപ്പിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് മനോവിഷമത്താല്‍ ദീപക് ജീവനൊടുക്കുകയായിരുന്നു. പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

ദീപക് ആത്മഹത്യ ചെയ്തതോടെ യുവതിക്കെതിരെ ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ നേരത്തെ കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതോടെ ഷിംജിത റിമാന്‍ഡില്‍ തുടരും. ഇതിന് പിന്നാലെയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

അതേസമയം, താന്‍ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഷിംജിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കാതെ, സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

 

Latest