Connect with us

National

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; സംസ്ഥാനങ്ങളുടെ ചുമതലക്കാരെ മാറ്റി

സച്ചിൻ പൈലറ്റിന് ഛത്തീസ്ഗഢ് കോൺഗ്രസിന്റെ ചുമതല നൽകി; പ്രിയങ്കാ ഗാന്ധി ജനറൽ സെക്രട്ടറിയായി തുടരും, പ്രത്യേക ചുമതലകളില്ല

Published

|

Last Updated

ന്യൂഡൽഹി | 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃതലത്തിൽ അഴിച്ചുപണി നടത്തി കോൺഗ്രസ്. പല സംസ്ഥാനങ്ങളുടെയും ചുമതലക്കാരെ മാറ്റുകയും ചില നേതാക്കൾക്ക് പുതിയ ചുമതലകൾ നൽകുകയും ചെയ്തു. പ്രിയങ്കാ ഗാന്ധി ജനറൽ സെക്രട്ടറിയായി തുടരുമെങ്കിലും യുപി കോൺഗ്രസ് ചുമതലയിൽ നിന്ന് അവരെ ഒഴിവാക്കി. പ്രിയങ്ക ഗാന്ധിക്ക് പകരം അവിനാഷ് പാണ്ഡെക്കാണ് യുപിയുടെ ചുമതലയെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രസ്താവനയിൽ അറിയിച്ചു.

സച്ചിൻ പൈലറ്റിന് ഛത്തീസ്ഗഢ് കോൺഗ്രസിന്റെ ചുമതല നൽകി. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെയും ദേവേന്ദ്ര യാദവിന് പഞ്ചാബിന്റെയും രൺദീപ് സുർജേവാലക്ക് കർണാടകയുടെയും ചുമതലകൾ നൽകി. ജയറാം രമേശിനെ വക്താവാക്കി.

16 അംഗ പ്രകടനപത്രിക സമിതിയും രൂപീകരിച്ചു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ പി ചിദംബരമാണ് സമിതി അധ്യക്ഷൻ. ഛത്തീസ്ഗഢ് മുൻ ഉപമുഖ്യമന്ത്രി ടി എസ് സിംഗ്ദേവാണ് സമിതിയുടെ കൺവീനർ. പ്രിയങ്ക ഗാന്ധി വാദ്ര, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ജയറാം രമേശ്, ശശി തരൂർ എന്നിവരും 16 അംഗ സമിതിയിൽ ഉൾപ്പെടും.

മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, മണിപ്പൂർ മുൻ ഉപമുഖ്യമന്ത്രി ഗൈഖംഗം, ലോക്‌സഭയിലെ പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് മേധാവി പ്രവീൺ ചക്രവർത്തി, ഇമ്രാൻ പ്രതാപ്ഗർഹി, കെ രാജു, ഓംകാർ സിംഗ് മർകം, രഞ്ജിത് രഞ്ജൻ, ജിഗ്നേഷ് എന്നിവരും കമ്മിറ്റിയിലുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് കോൺഗ്രസ് അഴിച്ചുപണി നടത്തുന്നത്.

Latest