Connect with us

Sunrise over Ayodhya book controversy

'ഹിന്ദുത്വ'യെ ഐ എസുമായുള്ള താരതമ്യപ്പെടുത്തലിൽ യോജിച്ചും വിയോജിച്ചും കോൺഗ്രസ്സ് നേതാക്കൾ

സൽമാൻ ഖുർശിദിന്റെ പുസ്തകം വിവാദം കൊഴുക്കുന്നു. മുതലെടുക്കാൻ ബി ജെ പി. മുസ്‌ലിം വോട്ട് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് ആരോപണം

Published

|

Last Updated

ന്യൂഡൽഹി | തന്റെ പുസ്തകത്തിൽ “ഹിന്ദുത്വ’യെ ഐ എസ്, ബോകോ ഹറാം പോലുള്ള ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തിയതിൽ കോൺഗ്രസ്സ് നേതാവ് സൽമാൻ ഖുർശിദിനെതിരെ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ അദ്ദേഹത്തെ പിന്തുണച്ചും തള്ളിപ്പറഞ്ഞും കോൺഗ്രസ്സ് നേതാക്കൾ. ഖുർശിദിന്റെ നിലപാടിൽ വസ്്തുതാപരമായ തെറ്റുണ്ടെന്ന് ഗുലാം നബി ആസാദ് വിമർശിച്ചു. ഖുർശിദിനെ പിന്തുണച്ചും ഗുലാം നബി ആസാദിനെ തള്ളിയും രാഹുൽ ഗാന്ധിയും രംഗത്ത് വന്നു.

“സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്’ എന്ന പുസ്തകത്തിലെ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ഐ എസ്, ബോക്കോ ഹറാം തീവ്രവാദി സംഘങ്ങളെ പോലെ മതമൂല്യങ്ങളെ വളച്ചൊടിച്ചാണ് ഹിന്ദുത്വയും നിലനിൽക്കുന്നതെന്നാണ് പുസ്്തകത്തിലെ പരാമർശം. രാഷ്്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികൾക്കും സന്യാസിമാർക്കും പരിചിതമായിരുന്ന സനാതന ധർമത്തെയും ക്ലാസിക്കൽ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണെന്നും പുസ്തകത്തിൽ പറയുന്നു.

ഖുർശിദിന്റെ നിലപാട് പർവതീകരിച്ചതാണെന്നും വസ്്തുതാപരമായ പിശകുണ്ടെന്നും നേതൃത്വത്തിനെതിരെ വിമത ശബ്്ദമുയർത്തിയ സംഘത്തിൽപ്പെട്ട കോൺഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു. ഞാൻ ഹിന്ദുത്വയെ അംഗീകരിക്കുന്നില്ല. എന്നാൽ, ഒരു രാഷ്്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയിൽ അതിനെ ഐ എസിനോടും മറ്റും സാമ്യപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ല. അത് പർവതീകരണമായിരിക്കും എന്നാണ് ഗുലാം നബി പറഞ്ഞത്.
ഇതിന് ശക്തമായ മറുപടിയുമായി ഖുർശിദും രംഗത്തെത്തി. “ഹിന്ദുത്വയെ അംഗീകരിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ് പറയുന്നുണ്ടല്ലോ. എന്തുകൊണ്ട് അംഗീകരിക്കാൻ പാടില്ലെന്നാണ് ഞാൻ പറയുന്നത്. പിന്നെ പർവതീകരണം. അത് ഓരോരുത്തരുടെയും കാഴ്ചപ്പാടിനനുസരിച്ചിരിക്കും. അദ്ദേഹത്തിന് എന്റെ പരാമർശം പർവതീകരണമായി തോന്നാം. എനിക്ക് അങ്ങനെ തോന്നുന്നേയില്ല’- ഖുർശിദ് തിരിച്ചടിച്ചു.

അതിനിടെ, സൽമാൻ ഖുർശിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ഹിന്ദുത്വയും ഹിന്ദൂയിസവും രണ്ടാണെന്നും ഈ വ്യത്യാസം എല്ലാവരും മനസ്സിലാക്കണമെന്നും രാഹുൽ വാർത്താ ഏജൻസിയോട് പറഞ്ഞു. സിഖുകാരനെയോ മുസ്‌ലിമിനെയോ അടിച്ചു കൊല്ലുന്നതാണോ ഹിന്ദൂയിസം?, എന്നാൽ ഹിന്ദുത്വ അതാണ്. ഹിന്ദൂയിസമല്ല അഖ്‌ലാക്കിനെ കൊന്നത്- 2015ൽ ഗോരക്ഷാ ഗുണ്ടകൾ യു പിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നത് പരാമർശിച്ച് രാഹുൽ പറഞ്ഞു. ഞാൻ ഉപനിഷത്തുക്കൾ വായിച്ചിട്ടുണ്ട്. അതിൽ ഒരിടത്തും നിരപരാധികളെ കൊല്ലുന്നതിനെക്കുറിച്ച് പറയുന്നില്ലെന്നും രാഹുൽ വിശദീകരിച്ചു.

ഏതായാലും ഖുർഷിദിന്റെ പുസ്തകത്തിലെ പരാമർശം പരമാവധി വിവാദമാക്കാനാണ് ബി ജെ പിയും സംഘ്പരിവാർ ശക്തികളും ശ്രമിക്കുന്നത്. മുസ്‌ലിം വോട്ട് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഒരു കോൺഗ്രസ്സ് നേതാവിൽ നിന്ന് അത്തരത്തിലൊരു പരാമർശമുണ്ടായതിൽ അത്ഭുതമില്ലെന്നും ബി ജെ പി വക്താവ് സാംപിത് പത്ര പറഞ്ഞു. കോൺഗ്രസ്സും ഗാന്ധി കുടുംബവും എക്കാലത്തും ഇത് ചെയ്തിട്ടുണ്ട്. സൽമാൻ ഖുർശിദും ശശി തരൂരും രാഹുൽ ഗാന്ധിയുമൊക്കെ ഒരേ സ്വരത്തിൽ സംസാരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. അത് ഒരു പരീക്ഷണമാണെന്നും സാംപിത് പത്ര പറഞ്ഞു.

പുസ്തകം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കോടതിയെ സമീപിക്കാൻ ബി ജെ പി ആലോചിക്കുന്നുണ്ട്.

യു പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുസ്തകത്തിലെ പരാമർശത്തിൽ നിന്ന് നേട്ടമുണ്ടാക്കാനാകുമോയെന്നാണ് ബി ജെ പി നോക്കുന്നത്.

Latest