Connect with us

Sheikh Mohamed bin Zayed Al Nahyan

ശൈഖ് മുഹമ്മദിന് അഭിനന്ദന പ്രവാഹം; ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കും- നരേന്ദ്ര മോദി

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു മെയ് 15ന് നാളെ അബുദബിയിലെത്തും

Published

|

Last Updated

അബുദബി | യു എ ഇ യുടെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുത്ത ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന് ലോക നേതാക്കളുടെ അഭിനന്ദനം. അന്തരിച്ച പ്രസിഡന്റ് ശൈഖ് ഖലീഫയുടെ പിൻഗാമിയായി ഇന്നാണ് യു എ ഇ ഫെഡറൽ സുപ്രീം കൗൺസിൽ ഏകകണ്ഠമായി ശൈഖ് മുഹമ്മദിനെ തിരഞ്ഞെടുത്തത്. ശൈഖ് മുഹമ്മദിന്റെ തിരഞ്ഞെടുപ്പിനെ അഭിനന്ദിച്ച യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ ദീർഘകാല സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും ജോ ബൈഡൻ പറഞ്ഞു. നമ്മുടെ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ശൈഖ് മുഹമ്മദിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.

ശൈഖ് മുഹമ്മദിന്റെ ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പ്രസിഡന്റിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. യു എ ഇയിലെ ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കിയതിന് ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, എമിറേറ്റ്സ് പുരോഗതിയോടെയും സമൃദ്ധിയോടെയും യാത്ര തുടരുന്നതിന് ആശംസകൾ നേരുകയും ചെയ്തു. ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും പ്രത്യേക സന്ദേശങ്ങളിലൂടെ ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ചു. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഫലസ്തീനിലെ വഫ വാർത്താ ഏജൻസിക്ക് നൽകിയ സന്ദേശത്തിൽ ശൈഖ് മുഹമ്മദിനും യു എ ഇക്കും അഭിനന്ദനങ്ങൾ അറിയിച്ചു.

ശൈഖ് മുഹമ്മദിന് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ അയച്ച അഭിനന്ദന സന്ദേശത്തിൽ യു എ ഇ പ്രധാന തന്ത്രപരമായ പങ്കാളിയാണെന്ന് വിശേഷിപ്പിച്ചു. സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ പങ്കാളികൾ എന്ന നിലയിൽ തുടർച്ചയായ സഹകരണം പ്രതീക്ഷിക്കുന്നതായി നെഹാമർ പറഞ്ഞു.  ശൈഖ് മുഹമ്മദിന് അഭിനന്ദനം അറിയിച്ച സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയഡെസ് യു എ ഇയുമായുള്ള തന്റെ രാജ്യത്തിന്റെ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. തന്റെ ജനങ്ങൾക്ക് വേണ്ടി അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായി അറിയിച്ച മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു നാളെ അബുദബിയിലെത്തും
അബുദബി | യു എ ഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നതിനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു മെയ് 15ന് നാളെ അബുദബിയിലെത്തും. പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കണ്ടു ഇന്ത്യയുടെ അനുശോചനം അറിയിക്കും. ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ ന്യൂഡൽഹിയിലെ യു എ ഇ എംബസി സന്ദർശിച്ചു.

Latest