Connect with us

Nipah virus

നിപ ഭീതി ഒഴിഞ്ഞതിനാൽ കണ്ടെയ്ൻമെന്റ് വാർഡുകളിൽ ഇളവ്; പാഴൂരിൽ നിയന്ത്രണം തുടരും

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി.

Published

|

Last Updated

കോഴിക്കോട് | മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടെയ്ന്‍മെന്റായി തുടരും. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും കഴിയുന്നതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ കലക്ടര്‍ പുറത്തിറക്കും.

കണ്ടെന്‍മെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും. ഇനി വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി കൃത്യമായ ആക്ഷന്‍ പ്ലാനോടെയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. രോഗലക്ഷണമുള്ളവര്‍ ഒരു കാരണവശാലും വാക്‌സിനെടുക്കാന്‍ പോകരുത്. 9,593 പേരാണ് കണ്ടൈന്‍മെന്റ് വാര്‍ഡുകളില്‍ ഇനി ആദ്യഡോസ് വാക്‌സിന്‍ എടുക്കാനുള്ളത്. 500 മുതല്‍ 1,000 വരെയുള്ള പല സെക്ഷനുകള്‍ തിരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക.

അതേസമയം നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. എന്‍ ഐ വി പൂനയിലാണ് ഇത് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത തുടരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest