Connect with us

editorial

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി ഉയര്‍ത്തുന്ന ആശങ്കകള്‍

ഗ്രേറ്റ് നിക്കോബോര്‍ പദ്ധതി രാജ്യത്തിന് സാമ്പത്തികവും തന്ത്രപ്രധാനവുമായ നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിന്റെ പേരില്‍ പരിസ്ഥിതിയെയും ആദിവാസി സമൂഹങ്ങളെയും ദുരന്ത സാധ്യതകളെയും അവഗണിക്കുന്നത് ന്യായീകരിക്കാവുന്നതല്ല.

Published

|

Last Updated

ഇന്ത്യയുടെ സമുദ്രാതിര്‍ത്തികളിലെ തന്ത്രപ്രധാനമായ ഗ്രേറ്റ് നിക്കോബാറില്‍ കേന്ദ്രം പ്രഖ്യാപിച്ച വന്‍കിട പദ്ധതി വന്‍വിവാദമായിരിക്കുകയാണ്. പദ്ധതി രാജ്യത്തിന് സാമ്പത്തികവും പ്രതിരോധപരവുമായ വന്‍നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് കേന്ദ്രം അവകാശപ്പെടുമ്പോള്‍, പാരിസ്ഥിതികവും മനുഷ്യാവകാശപരവുമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്ന് പരിസ്ഥിതി വിദഗ്ധരും പ്രതിപക്ഷ പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നു. 81,000 കോടിയുടെ ഈ പദ്ധതി പ്രകൃതിക്കും ആദിവാസി പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണെന്നാണ് ബുധനാഴ്ച ആന്തമാന്‍ നിക്കോബാര്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്.

ചരക്കുകപ്പലുകള്‍ക്കായുള്ള ആധുനിക തുറമുഖം (ട്രാന്‍സ്ഷിപ്പ്മെന്റ്ഹാര്‍ബര്‍), സിവിലിയന്‍ ആവശ്യങ്ങള്‍ക്കും സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പദ്ധതിക്കാവശ്യമായ ഊര്‍ജം കണ്ടെത്തുന്നതിന് ഗ്യാസ്- സോളാര്‍ അധിഷ്ഠിത പവര്‍പ്ലാന്റ്, വലിയൊരു ടൗണ്‍ഷിപ്പ് എന്നിവ അടങ്ങുന്നതാണ് പദ്ധതി. ലോകത്തെ പ്രമുഖ കപ്പല്‍ പാതകളിലൊന്നായ മലാക്ക കടലിടുക്കിനു സമീപമാണ് ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആഗോള വ്യാപാരത്തിന്റെ വലിയൊരു ഭാഗവും കടന്നുപോകുന്നത് മലാക്ക കടലിടുക്ക് വഴിയാണ്. ഇവിടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹാര്‍ബര്‍ വരുന്നത് ആഗോള വ്യാപാരത്തില്‍ ഇന്ത്യക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കും. ഇന്തോ- പസഫിക് സമുദ്ര മേഖലയില്‍ സൈനിക- തന്ത്രപ്രധാന സാന്നിധ്യം ഉറപ്പാക്കാനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയും പദ്ധതി മുഖേന കൈവരുന്ന തൊഴിലവസരങ്ങളും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടുകയും ചെയ്യും.

അതേസമയം പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി- മാനുഷിക പ്രശ്‌നങ്ങള്‍ വളരെ വലുതും അതീവ ഗുരുതരവുമാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജൈവ വൈവിധ്യ കേന്ദ്രങ്ങളിലൊന്നാണ് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ്. അപൂര്‍വ ജീവജാലങ്ങളുടെ ആവാസ മേഖലയാണിത്. അപൂര്‍വ ജീവികളിലൊന്നായ “നിക്കോബാര്‍ മെഗാപോഡ്’ പക്ഷിയും ലോകത്തെ ഏറ്റവും വലിയ കടലാമകളില്‍പ്പെട്ട ലതര്‍ബാക്ക് ആമകളും മുട്ടയിടാന്‍ തിരഞ്ഞെടുക്കുന്നത് ഇവിടുത്തെ തീരപ്രദേശങ്ങളെയാണ്. പദ്ധതിക്കു വേണ്ടി ലക്ഷക്കണക്കിനു മരങ്ങള്‍ മുറിച്ചുമാറ്റുന്നത് ജൈവ വൈവിധ്യങ്ങള്‍ നശിപ്പിക്കുകയും അപൂര്‍വ ജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഏകദേശം 166.10 ചതുരശ്ര കി.മീറ്റര്‍ ഭൂമിയിലാണ് പദ്ധതി വരുന്നത്. ഇതിനായി 7.11 ലക്ഷം മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. പത്ത് ലക്ഷത്തോളം മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നാണ് പരിസ്ഥിതി വിദഗ്ധരുടെ പക്ഷം.

വനനശീകരണത്തിനു പകരം ഹരിയാനയില്‍ മരം വെച്ചുപിടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട നിക്കോബാര്‍ വനത്തിന് പകരമായി മറ്റൊരു സ്ഥലത്ത് വെച്ചുപിടിപ്പിക്കപ്പെടുന്ന മരങ്ങള്‍ അതേ ജൈവ വൈവിധ്യമോ കാര്‍ബണ്‍ ആഗിരണ ശേഷിയോ പ്രകടിപ്പിക്കുകയില്ല. പ്രകൃതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ തിരിച്ചുപിടിക്കാന്‍ പര്യാപ്തവുമല്ല. പദ്ധതിയുടെ ഭാഗമായി കടല്‍ നികത്തുന്നതും മണ്ണെടുത്തു മാറ്റുന്നതും തീരത്തോടു ചേര്‍ന്നുള്ള പവിഴപ്പുറ്റുകളുടെയും ഇതര സമുദ്രജീവികളുടെയും നാശത്തിന് ഇടയാക്കുകയും ചെയ്യും. കടലിലെ ആവാസവ്യവസ്ഥയുടെ അടിസ്ഥാന ശിലയാണ് പവിഴപ്പുറ്റുകള്‍.

വികസനത്തിന്റെ പേരില്‍ ഇവിടെ ബലിനല്‍കപ്പെടുന്നത് പരിസ്ഥിതി മാത്രമല്ല, മനുഷ്യന്‍ കൂടിയാണ്. ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലെ ആദിമ വര്‍ഗക്കാരായ ഷാംപെന്‍, നിക്കോബറീസ് ഗോത്രക്കാരുടെ നിലനില്‍പ്പ് പദ്ധതി മൂലം വെല്ലുവിളി നേരിടുന്നുണ്ട്. ഇന്നും പുറംലോകവുമായി കാര്യമായി ബന്ധമില്ലാതെ, കാട്ടുവിഭവങ്ങള്‍ ശേഖരിച്ചും മൃഗങ്ങളെ വേട്ടയാടിയും ജീവിക്കുന്നവരാണ് ഷാംപെന്‍ വിഭാഗം. ഇവരുടെ വനഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. സുനാമിക്കു ശേഷം ദ്വീപിന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറിത്താമസിക്കേണ്ടി വന്നവരാണ് നിക്കോബറീസ് ഗോത്രക്കാര്‍. ഇവര്‍ തങ്ങളുടെ പഴയ ഭൂമിയിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അവിടെ ഈ വന്‍കിട പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

പദ്ധതിക്ക് ലഭിച്ച പാരിസ്ഥിതിക അനുമതിയെക്കുറിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്. പൊതുസമൂഹത്തിന്റെ അഭിപ്രായം, ശാസ്ത്രീയ പഠനം, സുതാര്യത തുടങ്ങിയവ ഇത്തരം വന്‍കിട പദ്ധതികളില്‍ അനിവാര്യമാണ്. ഈ ഘടകങ്ങള്‍ വേണ്ടത്ര പാലിക്കപ്പെട്ടിട്ടില്ലെന്ന ആരോപണം ശക്തമാണ്. ഒരു ജനാധിപത്യ രാജ്യത്ത് വികസന തീരുമാനങ്ങള്‍ എടുക്കുന്നത് ഭരണകൂടത്തിന്റെ മാത്രം അവകാശമല്ല, അതൊരു പൊതുസമ്മത പ്രക്രിയയായി തീരേണ്ടതുണ്ട്.

വികസനം അനിവാര്യതയാണ്. അതുപക്ഷേ പരിസ്ഥിതിയെ മാനിച്ചായിരിക്കണം. പ്രകൃതിയെയും മനുഷ്യനെയും ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വികസനം യഥാര്‍ഥ പുരോഗതിയല്ല. ഗ്രേറ്റ് നിക്കോബോര്‍ പദ്ധതി രാജ്യത്തിന് സാമ്പത്തികവും തന്ത്രപ്രധാനവുമായ നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിന്റെ പേരില്‍ പരിസ്ഥിതിയെയും ആദിവാസി സമൂഹങ്ങളെയും ദുരന്ത സാധ്യതകളെയും അവഗണിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. സുനാമി സാധ്യതയുള്ള സീസ്മിക് മേഖലയിലാണ് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ഭൂകമ്പ സാധ്യതയുള്ള പ്രദേശം കൂടിയാണിത്. സുനാമിയും ഭൂകമ്പവും ഏതവസരത്തിലും സംഭവിക്കാവുന്ന പ്രദേശത്ത് 81,000 കോടിയുടെ വന്‍കിട നിര്‍മാണങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കേണ്ടതുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ അനിവാര്യത ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്ന പ്രകൃതി ദുരന്തങ്ങള്‍ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജിവിക്കുന്നതെന്ന കാര്യം മറക്കരുത്. പദ്ധതിയുടെ വ്യാപ്തി കുറച്ച്, പരിസ്ഥിതിക്ക് ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്യുന്നതിനെക്കുറിച്ച് പുനര്‍വിചിന്തനം ആവശ്യമാണ്.

Latest