Connect with us

KPCC

കെ പി സി സി പോഷക സംഘടനാ ചുമതലക്കായി സമിതികൾ

സമിതികൾ കെ പി സി സി ഭാരവാഹിയുടെ നേതൃത്വത്തിൽ

Published

|

Last Updated

കണ്ണൂർ | കോൺഗ്രസ്സ് പോഷക സംഘടനകളുടെ ചുമതലക്കായി ഇനി കെ പി സി സി യുടെ നേതൃത്വത്തിൽ സമിതികൾ രൂപവത്കരിക്കും.

കെ പി സി സി ഭാരവാഹിയുടെ നേതൃത്വത്തിലായിരിക്കും സമിതികൾ. മൂന്നോ അഞ്ചോ അംഗങ്ങളുള്ളതായിരിക്കും സമിതികൾ എന്നത് കൊണ്ട് തന്നെ പുനഃസംഘടനകളിൽ ഒഴിവാക്കപ്പെടുന്ന കെ പി സി സി ഭാരവാഹികൾക്കും ഡി സി സി പ്രസിഡന്റുമാർക്കും ഇത്തരം സമിതികളിൽ സ്ഥാനം ലഭിക്കും. യുത്ത് കോൺഗ്രസ്സ്, കെ എസ് യു, മഹിളാ കോൺഗ്രസ്സ്, ഐ എൻ ടി യു സി, കർഷക കോൺഗ്രസ്സ്, സേവാദൾ, ഡി കെ ടി എഫ്, മൈനോറിറ്റി സെൽ, ജവഹർ ബാലവേദി തുടങ്ങി 33 പോഷക സംഘടനകൾ കെ പി സി സിക്ക് കീഴിലുണ്ട്. ഇതിന് പുറമെ അധ്യാപകരുടെയും ജീവനക്കാരുടെയും ഗസറ്റഡ് ഓഫീസർമാരുടെയും കോൺഗ്രസ്സ് അനുകൂല സംഘടനകളുമുണ്ട്. ഇതിനൊക്കെ സംഘടനാ ചുമതല വഹിക്കാനായി ഇനി സമിതികൾ ഉണ്ടാകും.

നേരത്തേ കെ പി സി സി ജന. സെക്രട്ടറിമാർക്കോ സെക്രട്ടറിമാർക്കോ ആണ് ഇത്തരം സംഘടനകളുടെ ചുമതല നൽകി വന്നിരുന്നത്. ജംബോ കമ്മിറ്റികളായത് കാരണം ചുമതല നൽകാനായി നേതാക്കൾ നിരവധിയുണ്ട് താനും. എന്നാൽ ഇനി ഭാരവാഹികളുടെ എണ്ണം കുറക്കുന്നതോടെ കെ പി സി സി ജന. സെക്രട്ടറിമാർക്ക് മാത്രം ചുമതല നൽകാനാവില്ല. ഡി സി സികളുടെ ചുമതല കൂടി നൽകേണ്ടതുണ്ട്. ജംബോ കമ്മിറ്റികളിൽ നിന്ന് പുനഃസംഘനയോടെ പുറത്താകുന്ന കഴിവുള്ള നേതാക്കളെ സമിതികളിൽ നിയോഗിച്ച് അവർക്ക് ചുമതല നിർവഹിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇങ്ങനെ വരുമ്പോൾ പരാതി ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോഷക സംഘടനകൾക്ക് പുറമെ പുതിയ വിഭാഗങ്ങൾക്കും സമിതികൾ വരും. ജില്ലാ തലത്തിലും സംഘടനാ ചുമതലകൾക്കായി വിവിധ സബ് കമ്മിറ്റികൾ വരും. കെ പി സി സി ഭാരാവഹികളെ സംബന്ധിച്ച് അവസാന ഒരുക്കത്തിലാണ് നേതൃത്വം. ഒരാഴ്ചക്കുള്ളിൽ തന്നെ കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിച്ചതിന് ശേഷം ഡി സി സി ഭാരവാഹികളെ തീരുമാനിക്കുന്നത് സംബന്ധിച്ച് ചർച്ച ആരംഭിക്കും.

തുടർന്ന് ബ്ലോക്കുകൾക്കും പുതിയ കമ്മിറ്റികൾ വരും. പോഷക സംഘടകളിൽ ആദ്യം കെ എസ് യു പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. യൂത്ത് കോൺഗ്രസ്സിന്റെ കാലാവധി പൂർത്തിയാകാത്ത സാഹചര്യത്തിൽ ഉടൻ പുനഃസംഘടനയുണ്ടാകില്ല. എന്നാൽ കെ എസ് യുവിൽ ദേശീയ മോഡൽ തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

കെ സുധാകരൻ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം കെ എസ് യു പുനഃസംഘടനക്കായി ഭാരവാഹികൾ അദ്ദേഹത്തെ കണ്ട് ചർച്ച നടത്തുകയും ഇതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. കെ പി സി സി , ഡി സി സി പുനഃസംഘടനക്ക് ശേഷം കെ എസ് യു പുനഃസംഘടനയുണ്ടാകുമെന്നുറപ്പാണ്. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണോ അതോ നാമനിർദേശം വേണോ എന്ന കാര്യത്തിൽ ധാരണയായിട്ടില്ല.

Latest