Connect with us

Kerala

അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ലെന്ന് സഹപ്രവര്‍ത്തകര്‍; പട്ടാഴിമുക്കിലെ ദുരൂഹ വാഹനാപകടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്

കാറില്‍ കയറിപ്പോയതിന് പിന്നാലെ, സംശയം തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട  | അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജയെ ഹാഷിം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകരുടെ മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരവെ എംസി റോഡില്‍ കുളക്കട ഭാഗത്തു വെച്ചാണ് ഹാഷിം കാറുമായി എത്തി ട്രാവല്‍ തടഞ്ഞത്.

വാഹനത്തില്‍ നിന്നും ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനൂജ തയ്യാറായില്ല. കോപാകുലനായി ഹാഷിം വാനില്‍ കയറിയതോടെയാണ് അനൂജ കാറില്‍ കയറാന്‍ തയ്യാറായത്. ചിറ്റപ്പന്റെ മകനാണെന്നാണ് അനൂജ സഹ അധ്യാപകരോട് പറഞ്ഞത്. കാറില്‍ കയറിപ്പോയതിന് പിന്നാലെ, സംശയം തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നു.

കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സുരക്ഷിതയാണെന്നാണ് സഹപ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്.

നൂറനാട് സ്വദേശിനിയാണ് അനൂജ. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറാണ്. ഹാഷിം വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. അനൂജയും വിവാഹിതയാണ്.ഇന്നലെ രാത്രി 11.15 ഓടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗതയിലെത്തിയ കാര്‍ ലോറിയിലിടിച്ച് അപകടമുണ്ടാകുന്നത്. അപകടത്തില്‍ ഹാഷിമും അനൂജയും മരിച്ചിരുന്നു.

 

Latest