Connect with us

Kerala

ശബരിമല സന്നിധാനത്തിന് മുകളില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍; എ ഡി ജി പിയുടെ റിപ്പോര്‍ട്ട് ഇന്ന് സ്പെഷ്യല്‍ കമീഷണര്‍ക്ക് കൈമാറും

ഗുരുതര സുരക്ഷാലംഘനമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട്. എ ഡി ജി പി എസ് ശ്രീജിത് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സ്പെഷ്യല്‍ കമീഷണര്‍ക്ക് കൈമാറും. കൊടിമരത്തിന് തൊട്ടുമുകളില്‍ വരെ ഹെലികോപ്റ്റര്‍ പറന്നു. കാലാവസ്ഥാ പ്രശ്നം കാരണം വഴി തിരിച്ചു വിടേണ്ടി വന്നതാണെന്ന കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആ ദിവസത്തെ റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റര്‍ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ സന്നിധാനത്ത് വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ ശ്രീകോവിലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. നിലക്കല്‍, പമ്പാ, സന്നിധാനം മേഖലകളില്‍ ഡ്രോണുകള്‍ പോലും അനുവദനീയമല്ല. വി വി ഐ പികളുമായി നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് പോലും മുന്‍കൂര്‍ അനുമതി വേണം.

ഈ സാഹചര്യത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ആണെങ്കില്‍ പോലും ഹെലികോപ്റ്റര്‍ സന്നിധാനത്തിന് മുകളില്‍ എത്തിയത് അതീവ ഗൗരവം എന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എ ഡി ജി പി ശ്രീജിത്ത് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടും കോടതിക്ക് കൈമാറും. അനുമതിയില്ലാതെ സുരക്ഷാ മേഖലയില്‍ കടന്നു കയറി പരിഭ്രാന്തി പരത്തിയതിന് സന്നിധാനത്തെ സുരക്ഷ ഉദ്യോഗസ്ഥന്റെ മൊഴിവാങ്ങി പമ്പ പോലീസും കേസെടുത്തിട്ടുണ്ട്.

സാങ്കേതിക പിഴവാണ് ഉണ്ടായതെന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം. ഹെലികോപ്റ്റര്‍ പതിവ് നിരീക്ഷണത്തില്‍ ഇറങ്ങിയതാണെന്നും അന്തരീക്ഷം മേഘാവൃതം ആയതിനാല്‍ ദിശ തെറ്റി സന്നിധാനത്തിന് മുകളിലെത്തിയാതാണെന്നും സംഭവത്തില്‍ കോസ്റ്റുകാര്‍ഡ് വിശദീകരിക്കുന്നു. എന്നാല്‍ പെരിയാര്‍ കടുവാ സങ്കേതത്തിന് ഉള്ളിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. അവിടെ ശ്രീകോവിലിനോട് ചേര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യം എന്താണെന്നടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest