Connect with us

International

നെതന്യാഹുവിന് ക്യാൻസർ; മാസങ്ങളോളം ഒളിച്ചുവെച്ച ചികിത്സാ വിവരങ്ങൾ ഒടുവിൽ വെളിപ്പെടുത്തി

തന്റെ വാർഷിക ആരോഗ്യ റിപ്പോർട്ട് പുറത്തുവിടുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ

Published

|

Last Updated

ജെറൂസലേം | തന്റെ ആരോഗ്യനിലയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ മാസങ്ങളോളം രഹസ്യമാക്കി വെച്ചുവെന്ന വെളിപ്പെടുത്തലുമായി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രോസ്റ്റേറ്റ് ക്യാൻസറിന് താൻ ചികിത്സ തേടിയിരുന്നുവെന്നും ഇപ്പോൾ അത് ഭേദമായെന്നുമാണ് 76 കാരനായ നെതന്യാഹു വ്യക്തമാക്കിയത്. തന്റെ വാർഷിക ആരോഗ്യ റിപ്പോർട്ട് പുറത്തുവിടുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ. രോഗം പ്രാരംഭ ഘട്ടത്തിലായിരുന്നുവെന്നും റേഡിയേഷൻ തെറാപ്പിയിലൂടെ ഇത് പൂർണ്ണമായും ഭേദമായെന്നും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പതിവ് പരിശോധനയ്ക്കിടെയാണ് ക്യാൻസർ മുഴ കണ്ടെത്തിയത്. ടാർഗെറ്റഡ് ചികിത്സയിലൂടെ പ്രശ്നം പരിഹരിച്ചുവെന്നും നിലവിൽ ശരീരത്തിൽ രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും നെതന്യാഹു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അദ്ദേഹം ഇപ്പോൾ തന്റെ ഔദ്യോഗിക ചുമതലകളിൽ സജീവമായി ഏർപ്പെട്ടു വരികയാണെന്നും പോസ്റ്റിൽ പറയുന്നു.

ആരോഗ്യ വിവരങ്ങൾ പുറത്തുവിടാൻ വൈകിയതിനെക്കുറിച്ചും നെതന്യാഹു വിശദീകരണം നൽകി. തന്റെ ആരോഗ്യനിലയെക്കുറിച്ച് ഇറാൻ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് തടയാനാണ് റിപ്പോർട്ട് രണ്ടു മാസത്തോളം വൈകിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. 2026 മാർച്ചിൽ മേഖലയിൽ സംഘർഷം രൂക്ഷമായ സമയത്ത് നെതന്യാഹു മരിച്ചുവെന്ന തരത്തിൽ വ്യാപകമായ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാൻ അന്ന് അദ്ദേഹം ജെറൂസലേമിലെ ഒരു കഫേയിൽ നേരിട്ടെത്തി വീഡിയോ സന്ദേശം നൽകിയിരുന്നു. ഈ വീഡിയോകളെ കുറിച്ചും സംശയങ്ങൾ ഉയർന്നിരുന്നു. വീഡിയോകൾ യഥാർഥമല്ലെന്നും എ ഐ നിർമിതമാണെന്നുമാണ് അന്ന് നെറ്റിസൻസ് വാദിച്ചത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നെതന്യാഹു ചില ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. 2023 ൽ അദ്ദേഹത്തിന് പേസ് മേക്കർ ഘടിപ്പിച്ചിരുന്നു. കൂടാതെ 2024 ൽ യു ടി ഐ സംബന്ധമായ ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിട്ടുണ്ട്. ഇസ്രായേലിൽ 2026 ഒക്ടോബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ ആരോഗ്യ റിപ്പോർട്ട് വരുന്നത്. പ്രധാനമന്ത്രി പൂർണ്ണ ആരോഗ്യവാനാണെന്നും ഭരണപരമായ വെല്ലുവിളികൾ ഏറ്റെടുക്കാൻ സജ്ജനാണെന്നും ഇസ്രായേൽ സർക്കാർ വ്യക്തമാക്കി.

Summary

Israeli Prime Minister Benjamin Netanyahu has announced the successful completion of radiation therapy for early-stage prostate cancer. According to his official medical report, the 76-year-old leader is in good health and has fully resumed his prime ministerial duties. Netanyahu explained that the delay in disclosing his diagnosis was a strategic move to prevent misinformation and propaganda from adversaries during a period of heightened regional tension.

---- facebook comment plugin here -----

Latest