Connect with us

National

അരുണാചലിലെ 15 പ്രദേശങ്ങളെ പുനര്‍ നാമകരണം ചെയ്ത ചൈനീസ് നടപടി; ശക്തമായി അപലപിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | അരുണാചല്‍ പ്രദേശിലെ 15 പ്രദേശങ്ങള്‍ കൂടി പുനര്‍ നാമകരണം ചെയ്ത ചൈനയുടെ നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അവിടുത്തെ പ്രദേശങ്ങള്‍ക്ക് കെട്ടിച്ചമച്ച പേരുകള്‍ നല്‍കിയതുകൊണ്ട് വസ്തുതയെ ഇല്ലാതാക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. അരുണാചലിലെ 15 പ്രദേശങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കിക്കൊണ്ട് ബീജിങ്‌ നടത്തിയ പ്രഖ്യാപനത്തോടുള്ള പ്രതികരണത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. അരുണാചല്‍ പ്രദേശിനെ ദക്ഷിണ തിബറ്റ് ആയാണ് ചൈന കണക്കാക്കുന്നത്.

‘ഇതാദ്യമായല്ല ചൈന അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങളെ പുനര്‍ നാമകരണം ചെയ്യുന്നത്. 2017 ഏപ്രിലിലും അവര്‍ അങ്ങനെ ചെയ്തിരുന്നു.’- അരിന്ദം ബഗ്ചി ചൂണ്ടിക്കാട്ടി. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അത് അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. അവിടുത്തെ പ്രദേശങ്ങള്‍ക്ക് ചൈന പുതിയ പേരുകള്‍ നല്‍കുന്നതു കൊണ്ട് വസ്തുതകളെ ഇല്ലാതാക്കാന്‍ കഴിയില്ല.

ചൈനീസ്, തിബറ്റന്‍, റോമന്‍ അക്ഷരങ്ങള്‍ ഉപയോഗിച്ച് സാങ്ഗ്‌നാന്‍ (അരുണാചല്‍ പ്രദേശിന് ചൈന നല്‍കിയിരിക്കുന്ന പേര്)ലെ 15 പ്രദേശങ്ങള്‍ക്ക് പേരിട്ടതായി ബുധനാഴ്ചയാണ് ചൈനീസ് സൈനിക മന്ത്രാലയം പ്രഖ്യാപിച്ചത്. ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

Latest