International
ചൈനയിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു, 61 പേര്‍ക്ക് പരുക്ക്
പടക്കനിര്‍മ്മാണത്തിന് മുന്നിലുള്ള ലിയുയാങ് പട്ടണത്തിലെ 'ഹുവാഷെങ് ഫയര്‍വര്‍ക്‌സ് മാനുഫാക്ചറിംഗ്' എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനം
ബീജിംഗ്| മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 4.40ഓടെയാണ് ദുരന്തമുണ്ടായത്. പടക്കനിര്‍മ്മാണത്തിന് മുന്നിലുള്ള ലിയുയാങ് പട്ടണത്തിലെ ‘ഹുവാഷെങ് ഫയര്‍വര്‍ക്‌സ് മാനുഫാക്ചറിംഗ്’ എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനം നടന്നത്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിക്ക് മൂന്ന് കിലോമീറ്റര്‍ അകലെ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 500 ഓളം രക്ഷാപ്രവര്‍ത്തകര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 20 മുതല്‍ 60 വരെ വയസ് വരെ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറി കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന് അവശിഷ്ടങ്ങള്‍ പരിസരപ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു.
സ്‌ഫോടനത്തെത്തുടര്‍ന്ന് ആകാശത്തേക്ക് വലിയ തോതില്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനും പരുക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കാനും പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. വ്യവസായ ശാലകളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കണമെന്നും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഷി ജിന്‍പിങ് അധികൃതരോട് ആവശ്യപ്പെട്ടു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights:
A devastating explosion at the Huasheng Fireworks Manufacturing plant in Liuyang, Hunan province, resulted in 21 deaths and 61 injuries. The blast was so powerful that it destroyed factory buildings and forced the evacuation of residents within a three-kilometer radius. Chinese President Xi Jinping has ordered a thorough investigation into the cause and called for stricter industrial safety measures nationwide.







