Connect with us

Editorial

സിസേറിയൻ നിരുത്സാഹപ്പെടുത്തണം

സുഖപ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്‌നേഹം, ദയ, കാരുണ്യം, സഹാനുഭൂതി, ബന്ധങ്ങളുടെ ഊഷ്മളത, ഓർമശക്തി, ബുദ്ധിശക്തി എന്നിവ കൂടുതലാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. അതുകൊണ്ട് അത് തിരഞ്ഞെടുക്കാൻ ബോധവത്കരണം, കൗൺസലിംഗ് പോലുള്ള കാര്യങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

Published

|

Last Updated

രാജ്യത്ത് സിസേറിയനുകളുടെ എണ്ണം വർധിക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ആശങ്ക. ഒരു രാജ്യത്തെ ആകെ പ്രസവങ്ങളിൽ പതിനഞ്ച് ശതമാനം മാത്രമേ സിസേറിയൻ ആകാവൂ എന്നാണ് ലോകാരോഗ്യസംഘടന നിഷ്‌കർഷിക്കുന്നത്. 2022ലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 53 ശതമാനമാണ് സിസേറിയൻ. സർക്കാർ ആശുപത്രികളിൽ 15 ശതമാനവും സ്വകാര്യ ആശുപത്രികളിൽ 38 ശതമാനവും. 2021ൽ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സർവേയിൽ രാജ്യത്തെ സിസേറിയൻ നിരക്ക് 47.4 ശതമാനമായിരുന്നു.

ഒരു വർഷത്തിനിടെ, ആറ് ശതമാനമാണ് വർധിച്ചത്. അതേസമയം അയൽ രാജ്യമായ നേപ്പാളിൽ എട്ട് ശതമാനം പ്രസവങ്ങൾ മാത്രമാണ് സിസേറിയൻ. മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും കുറവാണ്. ലോകത്തെ ആകെ പ്രസവങ്ങളിൽ അഞ്ചിലൊന്ന് മാത്രമാണ് സിസേറിയൻ. സംസ്ഥാനം തിരിച്ചു കണക്കെടുമ്പോൾ തെലങ്കാനയിലാണ് കൂടുതൽ. 54.09 ശതമാനം. 42.41 ശതമാനവുമായി കേരളം ആറാം സ്ഥാനത്തുണ്ട്.

സിസേറിയനുകളുടെ ക്രമാതീതമായ വർധനവിന്റെ പശ്ചാത്തലത്തിൽ അവ നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കാനും സമൂഹത്തെ ബോധവത്കരിക്കാനും തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തെയും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളുടെ വിവരം, സിസേറിയനാണെങ്കിൽ അതിനുള്ള കാരണം, സിസേറിയന് ശേഷമുള്ള നിശ്ചിത കാലയളവിൽ അമ്മയുടെ ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതിന്റെ കണക്കെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം അമ്മക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിൽ സിസേറിയന്റെ ആവശ്യമില്ലെന്ന ബോധവത്കരണം വ്യാപകമാക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളുടെ ലാഭേച്ഛയും ന്യൂജനറേഷന്റെ വേദന സഹിക്കുന്നതിനുള്ള വിമുഖതയും പ്രസവത്തെ സംബന്ധിച്ചുള്ള ഭയവുമാണ് സിസേറിയൻ വർധിക്കാൻ കാരണം. തികച്ചും സ്വാഭാവിക പ്രക്രിയ ആയി മാത്രമേ മുൻകാലങ്ങളിൽ സ്ത്രീകളും സമൂഹവും പ്രസവം കണക്കാക്കിയിരുന്നുള്ളൂ. ഗർഭം ധരിച്ചാൽ മാസാമാസം ആശുപത്രികളെ സമീപിക്കുകയും വീട്ടുജോലികളെല്ലാം മാറ്റിവെച്ച് വിശ്രമിക്കുകയും ചെയ്യുന്ന പതിവ് അക്കാലങ്ങളിലുണ്ടായിരുന്നില്ല. പ്രസവം ഒരു സങ്കീർണ പ്രശ്‌നവുമായിരുന്നില്ല അക്കാലത്ത്.
പത്ത് തികഞ്ഞു പ്രസവം അടുത്ത ഘട്ടത്തിൽ പോലും പാടത്തും പറമ്പിലും പണിക്ക് പോകുകയും നെല്ല് കുത്തുക പോലുള്ള കഠിന ജോലികളിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു അന്നത്തെ സ്ത്രീകൾ. ഇതുകൊണ്ടെല്ലാം തന്നെ പ്രസവം മിക്കവാറും പ്രായാസരഹിതവുമായിരുന്നു. പ്രസവത്തിനു ആശുപത്രിയെ സമീപിക്കുന്നവരുടെയും സിസേറിയന്റെയും എണ്ണവും നന്നേ കുറവ്. ലോകാരോഗ്യ സംഘടനയുടെ 2010ലെ കണക്കു പ്രകാരം അന്നത്തെ സിസേറിയൻ നിരക്ക് 8.5 ശതമാനം മാത്രമാണ്.

ഗർഭധാരണാ ഘട്ടം രോഗകാലവും പ്രസവം ചികിത്സാമാർഗവുമായി കണക്കാക്കുന്നവരാണ് സമകാലീന സമൂഹവും ആശുപത്രികളും. സ്വാഭാവിക പ്രസവം പ്രയാസകരമാകുക, കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ, കുഞ്ഞിന് അമിതഭാരം, കുഞ്ഞിന്റെ കിടപ്പിൽ അസ്വാഭാവികത തുടങ്ങിയ സന്ദർഭങ്ങളിലാണ് ആദ്യകാലങ്ങളിലൊക്കെ ഡോക്ടർമാർ സിസേറിയൻ നിർദേശിച്ചിരുന്നതെങ്കിൽ സുഖപ്രസവത്തിന് സാധ്യതയുള്ള കേസുകളിൽ പോലും നിലവിൽ മിക്ക സ്വകാര്യ ആശുപത്രികളും സിസേറിയൻ നിർദേശിക്കുന്നു. പല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലും ടാർഗറ്റ് സിസ്റ്റമാണ് ഡോക്ടർമാർക്കുള്ളത്. മാസാന്തം ആശുപത്രിക്ക് ഇത്ര സംഖ്യ നേടിക്കൊടുക്കണമെന്ന കരാർ. ഈ ടാർഗറ്റ് ഒപ്പിക്കാൻ വില കൂടിയ ടെസ്റ്റുകളും സിസേറിയനും ആവശ്യമില്ലാതെ നിർദേശിക്കാൻ ഡോക്ടർമാർ നിർബന്ധിതരാകുന്നു. സാധാരണ പ്രസവത്തിൽ രണ്ട് നാൾക്കകം ആശുപത്രി വിടുമെങ്കിൽ സിസേറിയൻ നടന്നാൽ ഡിസ്ചാർജിന് പിന്നെയും ദിവസങ്ങളെടുക്കും. അതും ആശുപത്രികൾക്കൊരു വരുമാന മാർഗമാണ.്

സിസേറിയൻ ഗുണകരമല്ലെന്ന പ്രചാരണം ശരിയല്ലെന്നും ഇത് കുഞ്ഞിനോ അമ്മക്കോ ഒരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ലെന്നുമാണ് ഡോക്ടർമാർ പൊതുവേ പറയാറ്. സിസേറിയൻ തീർത്തും നിരുപദ്രവകരമാണെന്ന വാദവുമായി ഇതിനിടെ ഡോക്ടർമാരുടെ കൂട്ടായ്മ ഫേസ്ബുക്കിൽ രംഗത്തു വന്നിരുന്നു. എന്നാൽ സിസേറിയൻ തിരഞ്ഞെടുക്കുന്ന സ്ത്രീകൾക്ക് ഭാവിയിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് 2016 ജനുവരിയിൽ ആഗ്രയിൽ നടന്ന ഗൈനക്കോളജിസ്റ്റുകളുടെ സമ്മേളനം മുന്നറിയിപ്പ് നൽകിയത്. ഒരു രാജ്യത്തെ സിസേറിയൻ നിരക്ക് ആ രാജ്യത്തെ ആകെ പ്രസവങ്ങളുടെ 15 ശതമാനത്തിൽ കൂടുതലാണെങ്കിൽ അവിടുത്തെ സ്ത്രീകളുടെ ആരോഗ്യനിലയിലെ അപകടകരമായ പ്രവണതയെയാണ് സൂചിപ്പിക്കുന്നതെന്നും സമ്മേളനത്തിൽ പങ്കെടുത്ത ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയ സമയത്തുണ്ടാകുന്ന രക്തസ്രാവം, ശേഷമുണ്ടാകുന്ന രക്തസ്രാവം, അണുബാധാ പ്രശ്‌നങ്ങൾ തുടങ്ങിയവക്ക് സിസേറിയനിലും സാധ്യതയുണ്ടെന്നു ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സിസേറിയൻ വഴി ജനിച്ച കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷിക്കുറവ്, ആസ്തമ പോലുള്ള രോഗങ്ങൾക്കുള്ള സാധ്യതയും കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. സ്വാഭാവിക പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സിസേറിയനിലുടെ ജനിക്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ചു സ്‌നേഹം, ദയ, കാരുണ്യം, സഹാനുഭൂതി, ബന്ധങ്ങളുടെ ഊഷ്മളത, ഓർമശക്തി, ബുദ്ധിശക്തി എന്നിവ കൂടുതലാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഏതായാലും നിരുത്സാഹപ്പെടുത്തേണ്ടതാണ് സിസേറിയൻ. അതൊഴിവാക്കി സുഖപ്രസവം തിരഞ്ഞെടുക്കാൻ ബോധവത്കരണം, കൗൺസലിംഗ് പോലുള്ള കാര്യങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.