Kerala
കുറുക്കന്‍മൂലയിലിറങ്ങിയ കടുവ വയനാട് ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് സി സി എഫ്
കല്‍പ്പറ്റ | വയനാട് കുറുക്കന്മൂലയിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി പരത്തി വിഹരിക്കുന്ന കടുവ ജില്ലയിലെ ഡാറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് സി സി എഫ്. കുറുക്കന്മൂലയില് എത്തിയ ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് അയച്ചു. കടുവ കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് നാളെ അറിയാം. കുറുക്കന്മൂല മേഖലയില്‍ കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനിടെയാണ് സി സി എഫിന്റെ നീക്കം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ കാമറകളുടെയും സഹായത്തോടെ കടുവയെ പിടികൂടാനുള്ള തിരച്ചില്‍ നടക്കുകയാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കടുവയാണ് കുറുക്കന്മൂലയില് ഇറങ്ങിയിട്ടുള്ളതെന്ന് വനംവകുപ്പ് പുറത്തുവിട്ട ചിത്രത്തില്‍ നിന്ന് വ്യക്തമായിരുന്നു. ഇതുവരെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടം പരിഹാരം നല്‍കുന്നത് വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.