Connect with us

prathivaram health

അമിത വണ്ണം കാര്യകാരണങ്ങൾ

ആഹാരത്തിൽനിന്ന് കൂടുതൽ കലോറി വേർതിരിച്ചെടുക്കാൻ കഴിവുള്ള ബാക്ടീരിയകൾ ഉണർന്ന് പ്രകടനം നടത്തുന്നതിന്റെ ഫലമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ തുടങ്ങുന്നു. ഇവയും ബാക്ടീരിയാ സമൂഹത്തിൽ ഉണ്ടായിത്തീരുന്ന അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ശരീരവീക്കവും അടിക്കടി നൽകുന്ന ഇൻസുലിൻ പ്രതിരോധവും അമിതവണ്ണത്തെ ത്വരിതഗതിയിലാക്കുന്നു.

Published

|

Last Updated

രീരത്തിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പിന്റെ അന്തിമഫലമാണ് പൊണ്ണത്തടി. ആവശ്യമായ ശ്രദ്ധ യഥാസമയം ചെലുത്തിയില്ലെങ്കിൽ പ്രമേഹം മുതൽ ഹൃദ്രോഗം വരെ പിടികൂടിയേക്കാവുന്ന ആരോഗ്യാപകടാവസ്ഥ പതിയിരിക്കുന്ന ശാരീരികാസ്വാസ്ഥ്യമാണിത്. പൊണ്ണത്തടിയുടെ കാര്യകാരണങ്ങളിലേക്ക് മനസ്സ് കൊടുക്കുമ്പോൾ നാം ചെന്നെത്തുക കുടലും തലച്ചോറും തമ്മിലുള്ള പാരസ്പരികത അനാവരണം ചെയ്യുന്നതിലേക്കാണ്. കുടലും മസ്തിഷ്‌കവും പരസ്പര സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളാണെന്ന് പറയാം. കുടൽ – മസ്തിഷ്‌ക അച്ചുതണ്ട് നമ്മുടെ ഉപാപചയ പ്രക്രിയകളെ, പ്രത്യേകിച്ച് ശരീരഭാരം നിയന്ത്രിക്കുന്ന ഘടകങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. ഈ അച്ചുതണ്ടിന്റെ പരിധിയിൽ അധിവസിക്കുന്ന സൂക്ഷ്മാണുക്കൾ ( Micro biota) ദഹനം മുതൽ രോഗപ്രതിരോധം വരെ ഒരുക്കുന്ന ജാഗ്രതാമിത്രങ്ങളാണ്.

ഇവ സൂക്ഷ്മ ജീവമണ്ഡലത്തിലേക്ക് ആഴ്ന്നിറങ്ങി അസഖ്യം ശാരീരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ വ്യാപൃതരായിരിക്കും. നമ്മുടെ കുടൽ ഇവയുടെ ആവാസ വ്യവസ്ഥയായി സങ്കൽപ്പിച്ചാൽ, അവിടെ അവർ പരസ്പര സഹായങ്ങൾ ചെയ്ത് സന്തുലിതാവസ്ഥ ദീക്ഷിച്ച് സൂക്ഷ്മമായ വിഘടന പ്രവർത്തനങ്ങൾ കൃത്യതയോടെ നിർവഹിക്കുന്നതായി കാണാം. ഈ സമന്വയ ഭാവാത്മക പ്രവർത്തനമാണ് ഭക്ഷണത്തിന്റെ ശരിയായ ദഹനത്തിനും പോഷകാഗിരണത്തിനും വഴിവെക്കുന്നത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതും ഈ സൂക്ഷ്മാണുക്കളുടെ അതിസൂക്ഷ്മമായ പ്രവർത്തന സംവിധാനങ്ങളാണ്. എന്നാൽ അതിലോലമായ സന്തുലിതാവസ്ഥയിൽ നിലകൊള്ളുന്ന ഈ ആവാസവ്യവസ്ഥയിലേക്ക് ക്രമരഹിത ആഹാരത്തിലൂടെയോ സമ്മർദങ്ങളാലോ ആന്റിബയോട്ടിക് തുടങ്ങിയ ഘടകങ്ങളാലോ വന്നുചേരുന്ന ചെറുതടസ്സങ്ങൾ പോലും സൂക്ഷ്മാണുക്കളുടെ ഒത്തൊരുമക്ക് ഭംഗം വരുത്തുകയും ദഹനപ്രക്രിയ ഉൾപ്പെടെയുള്ളവയെ താറുമാറാക്കുകയും ചെയ്യും. ചെറുകുടലിൽ സമ്മർദത്തിൽ അകപ്പെടുന്ന ബാക്ടീരിയകൾ ശരീരഭാരം കൂട്ടാനുള്ള പ്രവണതയിലേക്ക് നീങ്ങുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ആഹാരത്തിൽനിന്ന് കൂടുതൽ കലോറി വേർതിരിച്ചെടുക്കാൻ കഴിവുള്ള ബാക്ടീരിയകൾ ഉണർന്ന് പ്രകടനം നടത്തുന്നതിന്റെ ഫലമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ തുടങ്ങുന്നു. ഇവയും ബാക്ടീരിയാ സമൂഹത്തിൽ ഉണ്ടായിത്തീരുന്ന അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ശരീരവീക്കവും അടിക്കടി നൽകുന്ന ഇൻസുലിൻ പ്രതിരോധവും അമിതവണ്ണത്തെ ത്വരിതഗതിയിലാക്കുന്നു.

ബാക്ടീരിയ സമൂഹത്തിൽ സംഭവിക്കുന്ന അസന്തുലിതാവസ്ഥക്ക് നാല് ശ്രദ്ധേയ കാരണങ്ങൾ കണ്ടെത്താൻ സാധിക്കും. ഒന്നാമതായി വരുന്നത് സംസ്‌കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, പൂരിതകൊഴുപ്പുകൾ എന്നിവ അടങ്ങിയ ആഹാര സാധനങ്ങൾ ആണ്. ഇവയുടെ കടന്നുവരവ് കുടലിലെ ബാക്ടീരിയാ സിസ്റ്റത്തെ തകിടം മറിച്ച് ഗുണം ചെയ്യുന്നവയുടെ അടിച്ചമർത്തലിലും ദോഷകരമായതിന്റെ പരിപോഷണത്തിനും കാരണമാകുന്നു. രണ്ടാമതായി ശരീരത്തിൽ എത്തിച്ചേരുന്ന ആന്റിബയോട്ടിക്കുകളുടെ ഒഴുക്കാണ്. ഗുണപരമോ ദോഷകരമോ എന്ന് നോക്കാതെയുള്ള ആന്റിബയോട്ടിക് ബാക്ടീരിയാ ധ്വംസനം കുടലിലെ സൂക്ഷ്്മ ജീവി സന്തുലിതാവസ്ഥ തെറ്റിക്കുന്നു. മൂന്നാമത്തേത് അമിത സമ്മർദമാണ്. തലച്ചോറിൽ നിന്നുള്ള സമ്മർദ സിഗ്നലുകൾ കുടൽ- മസ്തിഷ്‌ക അച്ചുതണ്ട് വഴി സൗഹൃദ സൂക്ഷ്മ ജീവി സഹവർത്തിത്വത്തെ അവതാളത്തിലാക്കുന്നു. അവസാനമായി ജീവിതശൈലി ഘടകങ്ങളാണ്. അപര്യാപ്തമായ വ്യായാമം, മോശമായ ഉറക്കം, പാരിസ്ഥിതിക വിഷലിപ്ത വസ്തു സമ്പർക്കം എന്നിവ കുടലിലെ ബാക്ടീരിയ സിസ്റ്റത്തിന്റെ സുഗമ പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും അസന്തുലനത്തിന് കാരണമാകുകയും ചെയ്യുന്നു.

പൊണ്ണത്തടി കുറയ്ക്കാനുള്ള പ്രാഥമികവും ഫലപ്രദവുമായ മാർഗം കുടലിന്റെ ആരോഗ്യം വർധിപ്പിക്കുക എന്നതാണ്. അതിനായി ആറ് ആരോഗ്യ തന്ത്രങ്ങൾ സ്വീകരിക്കാം.

1. ഭക്ഷണ വൈവിധ്യം: നാരുകൾ, പഴങ്ങൾ, പച്ചക്കറികൾ, പുളിപ്പിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയിലുള്ള സമ്പന്നമായ സമീകൃതാഹാരം സ്വീകരിക്കുക.

2. പ്രോബയോട്ടിക്‌സും, പ്രീബയോട്ടിക്‌സും: പാൽ, തൈര്, ഉത്പന്നങ്ങളായ യോഗർട്ട്, കെഫിർ തുടങ്ങിയ സമീകൃത മൂലകങ്ങൾ അടങ്ങിയ ആഹാരം, ശീതകാല പച്ചക്കറികളുടെ സലാഡ്, വെള്ളുള്ളി, സവാള, ഓട്‌സ് എന്നിവ ഉപയോഗിക്കുക. ഇവയിലെ ജൈവ നാരുകൾ കുടലിലെ സൂക്ഷ്മജീവികളുടെ ശരിയായ ആവാസവ്യവസ്ഥയെ തുലനപ്പെടുത്തും.

3. സ്ട്രസ്സ് മാനേജ്‌മെന്റ്: ധ്യാനം, ആഴത്തിലുള്ള ശ്വസനം, ഏകാഗ്രതാ വ്യായാമങ്ങൾ തുടങ്ങിയവ സമ്മർദങ്ങളെ ലഘൂകരിക്കും.

4. നല്ല ഉറക്കം: കുടലിലെ ദോഷകരമായ സൂക്ഷ്മാണുക്കളെ അടക്കിനിർത്തി ഗുണകരമായവയെ ഉത്തേജിപ്പിച്ച് ഉപാപചയ പ്രവർത്തനങ്ങളെ സമ്പൂർണമാക്കാൻ ശരിയായ ഉറക്കം വേണം.

5. ശാരീരിക വ്യായാമങ്ങൾ: ശരീരഭാര നിയന്ത്രണം, ത്വരിത മലവിസർജനം, ദഹനം, വൈവിധ്യ സൂക്ഷ്മ ജീവി ആവാസസന്തുലനം എന്നിവക്ക് അനിവാര്യം.

6. ആരോഗ്യകരമായ ജീവിതശൈലി: പുകവലി, മദ്യപാനം പൂർണമായി ഒഴിവാക്കിയാൽ കുടലിന്റെ ആരോഗ്യം പുഷ്ടിപ്പെടും.

മനഃസാക്ഷിക്കൊത്ത ജീവിതക്രമം തിരഞ്ഞെടുത്ത് മേൽ സൂചിപ്പിച്ച ആറ് ആരോഗ്യതന്ത്രങ്ങൾ (Health Strategies) പാലിച്ചാൽ അത്തരം വ്യക്തികളുടെ കുടലിലെ സൂക്ഷ്മജീവി ആവാസവ്യവസ്ഥ സന്തുലിതമാകുകയും ആരോഗ്യം പരിപോഷിപ്പിക്കപ്പെടുകയും ചെയ്യും. ഈ ജീവിതശൈലി തിരഞ്ഞെടുക്കുന്ന വ്യക്തിയിൽ കുടൽ- മസ്തിഷ്‌ക അച്ചുതണ്ട് ശക്തിപ്പെടുകയും അവരിൽ സമഗ്രമായ ക്ഷേമത്തിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്യും. കുടലും മസ്തിഷ്‌കവും തമ്മിലുള്ള സഹവർത്തിത്വ ബന്ധം വ്യക്തികളുടെ ജീവിതചൈതന്യത്തെ പ്രകാശിപ്പിക്കുകയും കുടുംബബന്ധങ്ങളെ ദൃഢീകരിച്ച് സമൂഹത്തിന്റെ സമഗ്രാരോഗ്യത്തിന് നിദാനമാകുകയും ചെയ്യും.