Connect with us

Kerala

വിമാന സര്‍വീസ് റദ്ദാക്കല്‍; കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ അനിവാര്യം: സമദാനി

വിസ കാലാവധി തീര്‍ന്നുപോകുന്നതും ജോലി നഷ്ടപ്പെടുന്നതും ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ പല പ്രവാസികള്‍ക്കും അനുഭവിക്കേണ്ടതായി വന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | നിരന്തരമായി വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് പോലുള്ള നിരുത്തരവാദപരമായ പ്രവണതകള്‍ തടയാനും അതിന്റെ ഫലമായി പ്രവാസി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന കടുത്ത പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. അവസാന സമയത്തുള്ള ഫ്‌ളൈറ്റ് റദ്ദാക്കല്‍ വലിയ കഷ്ടപ്പാടുകളാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. വിസ കാലാവധി തീര്‍ന്നുപോകുന്നതും ജോലി നഷ്ടപ്പെടുന്നതും ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ പല പ്രവാസികള്‍ക്കും അനുഭവിക്കേണ്ടതായി വന്നു. എന്നിട്ടും ഇത്തരം കഷ്ടനഷ്ടങ്ങള്‍ക്ക് വിധേയരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും എയര്‍ലൈനുകള്‍ തയ്യാറാകുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന് ലോക്‌സഭയില്‍ സിവില്‍ ഏവിയേഷന്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

ഫ്‌ളൈറ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഒരു സഹോദരിക്ക് മസ്‌കത്തിലായിരുന്ന ഭര്‍ത്താവിന്റെ അന്ത്യനിമിഷത്തില്‍ അദ്ദേഹത്തിന്റെ സമീപത്ത് എത്തിച്ചേരാന്‍ സാധിക്കാത്ത സംഭവം പോലും ഉണ്ടായി. തുടര്‍ന്നുള്ള രണ്ട് ദിവസവും അവര്‍ക്ക് ടിക്കറ്റ് ലഭിച്ചതുമില്ല. ഇത്രയൊക്കെയായിട്ടും നഷ്ടപരിഹാരത്തിനു വേണ്ടിയുള്ള അവരുടെ അപേക്ഷ എയര്‍ലൈന്‍ തള്ളിക്കളയുകയാണുണ്ടായത്.

വിദേശത്തുവെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തിലും പ്രവാസികള്‍ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. സിവില്‍ ഏവിയേഷന്‍ രംഗത്ത് യാത്രക്കാരോടുള്ള സൗഹൃദത്തിലൂന്നിയ മനുഷ്യത്വപരമായ സമീപനത്തിന് ഇനിയും നടപടികള്‍ ആവശ്യമാണ്.

ആഘോഷവേളകളിലും അവധിക്കാലത്തും ടിക്കറ്റ് ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്ന അന്യായം നിര്‍ബാധം തുടരുകയാണ്. പാര്‍ലിമെന്റ് അംഗങ്ങളുടെയും പ്രവാസി സംഘടനകളുടെയും കാലങ്ങളായുള്ള പ്രതിഷേധത്തെ വകവക്കാതെയുള്ള ഈ നിലപാട് പ്രവാസികളെ വിശേഷിച്ചും അവരിലെ കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ ദുസ്സഹമായ അവസ്ഥയിലേക്കാണ് തള്ളിനീക്കുന്നത്. പൊതുഖജനാവിലേക്ക് അമൂല്യമായ സംഭാവനകള്‍ അര്‍പ്പിക്കുന്ന പ്രവാസികളോടുള്ള ഈ നിലപാട് സകല മര്യാദകളും ലംഘിക്കുന്നതാണ്. ആവശ്യക്കാര്‍ കൂടുമ്പോള്‍ വില കുറയ്ക്കുക എന്ന ലോകമെമ്പാടും പാലിക്കുന്ന ഉപഭോക്തൃ മര്യാദ പോലും അവധിക്കാലത്തെ ഭീമമായ ടിക്കറ്റ് ചാര്‍ജ് വര്‍ധനയില്‍ പ്രവാസി യാത്രികരോട് കാണിക്കുന്നില്ല.

ഈ രംഗത്ത് സമൂഹത്തോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഇടപെടണം. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളും വിമാനങ്ങളില്‍ സീറ്റും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവിടുത്തെ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയും തത്‌സംബന്ധമായി നിലനില്‍ക്കുന്ന കരാറുകള്‍ പുതുക്കുകയും ചെയ്യണമെന്ന് സമദാനി ആവശ്യപ്പെട്ടു.

പൈലറ്റുമാരെ തിരഞ്ഞെടുക്കാനുള്ള ആര്‍ ടി ആര്‍ പരീക്ഷ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ കീഴില്‍ കൊണ്ടുവന്ന നടപടി അഭിനന്ദനാര്‍ഹമാണ്. പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാക്കിക്കൊണ്ടും അതിന്റെ നടത്തിപ്പുകാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയും പൈലറ്റാകാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളെ സഹായിക്കണം. സുരക്ഷാക്രമം ഭദ്രമാക്കാന്‍ ഇനിയും നടപടികള്‍ ആവശ്യമുണ്ട്. മുംബൈ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ ഒറ്റ റണ്‍വേയില്‍ വന്നതുപോലുള്ള സംഭവങ്ങള്‍ സുരക്ഷയെക്കുറിച്ച് ഉത്കണ്ഠയുളവാക്കുന്നതാണ്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും സമദാനി ആവശ്യപ്പെട്ടു.

 

Latest