Connect with us

From the print

സി എ എ: പൗരത്വ തത്ത്വം അട്ടിമറിച്ചു; മാനദണ്ഡം മതമായി

മുസ്ലിം എന്ന പേര് ഒരിടത്തും പറയാതെ മുസ്ലിംകളുടെ പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കുകയും പൗരത്വത്തിന്റെ മാനദണ്ഡമായി മതം കൊണ്ടുവരികയും ചെയ്തുവെന്നതാണ് ഈ ബില്ലിന്റെ അടിസ്ഥാന പ്രശ്നം.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ പൗരത്വത്തിന്റെ അടിസ്ഥാന ഘടനയെ തന്നെ പൊളിച്ചുപണിയുന്ന പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ. 2019 ഡിസംബറിലാണ് സി എ എ ബില്‍ പാര്‍ലമെന്റ്പാസ്സാക്കിയത്. 64 വര്‍ഷങ്ങള്‍ക്ക് ശേഷം, 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതായിരുന്നു സി എ എ. മുസ്ലിം എന്ന പേര് ഒരിടത്തും പറയാതെ മുസ്ലിംകളുടെ പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കുകയും പൗരത്വത്തിന്റെ മാനദണ്ഡമായി മതം കൊണ്ടുവരികയും ചെയ്തുവെന്നതാണ് ഈ ബില്ലിന്റെ അടിസ്ഥാന പ്രശ്നം. താമസം, ജനനം തുടങ്ങിയ മാനദണ്ഡങ്ങളായിരുന്നു പൗരത്വത്തിന്റെ അടിത്തറയായിരുന്നതെങ്കില്‍ സി എ എ ഇതിലേക്ക് മതം കൊണ്ടുവരുന്നു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നുവെന്നാണ് പ്രത്യക്ഷത്തില്‍ നോക്കിയാല്‍ നിര്‍ദിഷ്ട ഭേദഗതി. എന്നാല്‍ എന്‍ ആര്‍ സി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയ പ്രക്രിയകളുമായി ചേര്‍ത്തു വായിക്കുമ്പോഴാണ് സി എ എ കൂടുതല്‍ അപകടകരമാകുന്നത്. പൗരത്വം തെളിയിക്കേണ്ടി വന്നാല്‍ മുസ്ലിമേതരര്‍ക്ക് അത് എളുപ്പമാകുകയും മുസ്ലിംകള്‍ പുറത്ത് തന്നെ ഇരിക്കേണ്ടിവരികയും ചെയ്യും.

2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് സി എ എ പ്രകാരം പൗരത്വം ലഭിക്കുകയെന്നാണ് വിജ്ഞാപനത്തില്‍ നിന്ന് വ്യക്തമാകുന്നത്. നേരത്തേ ഇന്ത്യയില്‍ 11 വര്‍ഷം സ്ഥിരതാമസമാക്കിയവര്‍ക്കാണ് പൗരത്വം നല്‍കിയതെങ്കില്‍ സി എ എ വന്നതോടെ ആറ് വര്‍ഷമായി ചുരുങ്ങിയിരിക്കുകയാണ്. വിസ, പാസ്സ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണ് പരിഗണിക്കുന്നത്. വിദേശി നിയമം, പാസ്സ്പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണിത്. 2015, 2016ല്‍ കേന്ദ്രം പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കി അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പൗരത്വ ഭേദഗഗതി നിയമത്തിനെതിരെ രാജ്യത്താകെ ഐതിഹാസികമായ പ്രക്ഷോഭമാണ് ഉയര്‍ന്നുവന്നിരുന്നത്. രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കാവുന്ന ആ പ്രക്ഷോഭം കൊവിഡ് വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നിലച്ചത്. തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് സി എ എ വിജ്ഞാപനം ചെയ്തതോടെ ഇന്ത്യന്‍ തെരുവുകളും ക്യാമ്പസുകളും ഒരിക്കല്‍ കൂടി സമരഭരിതമാകും.

 

Latest