Connect with us

International

കുടിയേറ്റവിരുദ്ധ നയം കർക്കശമാക്കാൻ ബ്രിട്ടൻ

അന്താരാഷ്ട്ര കരാറിൽ നിന്ന് പിൻവാങ്ങും; ഇന്ത്യക്കാർക്കടക്കം തിരിച്ചടിയാകും

Published

|

Last Updated

ന്യൂഡൽഹി | ബ്രിട്ടനിലെ ഋഷി സുനക് സർക്കാർ കടുത്ത കുടിയേറ്റവിരുദ്ധ നടപടികളിലേക്ക് നീങ്ങുന്നുവെന്ന് റിപോർട്ട്. അനധികൃത കുടിയേറ്റം തടയുന്നതിനെന്ന പേരിൽ ആവിഷ്‌കരിക്കുന്ന നടപടികൾ ഇന്ത്യയിൽ നിന്നടക്കം തൊഴിൽ തേടി പോകുന്നവർക്ക് തിരിച്ചടിയാകും. കർക്കശ നടപടികളിലേക്ക് നീങ്ങുന്നതിൻ്റെ ഭാഗമായി ഋഷി സർക്കാർ അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടിയിൽ നിന്ന് പിൻമാറുമെന്ന് സൺഡേ ടൈംസ് റിപോർട്ട് ചെയ്തു.

യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്‌സി (ഇ സി എച്ച് ആർ)ൽ നിന്നാകും ബ്രിട്ടൻ പിൻവാങ്ങുക. ഈ വർഷം 65,000 അനധികൃത കുടിയേറ്റക്കാർ രാജ്യത്തേക്ക് വരുമെന്നാണ് ബ്രിട്ടീഷ് ഏജൻസികൾ കണക്കുകൂട്ടുന്നത്. അമ്പത് ശതമാനം വർധനവുണ്ടാകുമെന്ന് ഋഷി സർക്കാർ ആശങ്കപ്പെടുന്നു. കുടിയേറ്റം കർശനമായി നിയന്ത്രിച്ചു കൊണ്ടേ ഇതിന് പരിഹാരം കാണാനാകുവെന്നാണ് ബ്രിട്ടീഷ് സർക്കാറിൻ്റെ വിലയിരുത്തൽ. നിയന്ത്രണം കർക്കശമാക്കാനായി പുതിയ കുടിയേറ്റ നിയമം കൊണ്ടുവരാനിടയുണ്ട്.

പ്രധാനമന്ത്രി ഋഷി സുനക്കും ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രേവർമാനും ഇതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നും ആഴ്ചകൾക്കകം നിയമം പ്രാബല്യത്തിലാകുമെന്നും വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.

അന്താരാഷ്ട്ര കരാറിൽ ഒപ്പുവെച്ച യൂറോപ്യൻ രാജ്യമെന്ന നിലക്ക് നിർദിഷ്ട നിയമവുമായി മുന്നോട്ട് പോയാൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഋഷി സുനക് സർക്കാർ കണക്കു കൂട്ടുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇ സി എച്ച് ആറിൽ നിന്ന് പുറത്ത് കടക്കാൻ ആലോചിക്കുന്നത് ഇതുകൊണ്ടാണ്. സുനക്കിൻ്റെ കുടിയേറ്റവിരുദ്ധത നേരത്തേ തന്നെ ചർച്ചയായതാണ്. പുതിയ നീക്കങ്ങൾ ഭരണ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും പ്രതിപക്ഷ ലേബർ പാർട്ടിയും തമ്മിലുള്ള രൂക്ഷ വടംവലിക്ക് കാരണമാകും.

രാജ്യത്തെ കുടിയേറ്റവിരുദ്ധ നിയമങ്ങളും അഭയം നൽകുന്നതിനുള്ള ചട്ടങ്ങളും ആവശ്യത്തിലേറെ അയവുള്ളതാണെന്ന് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ് സുനക് അഭിപ്രാപ്പെട്ടിരുന്നു.

Latest