Uae
അൽ ഖുദ്റ റോഡിൽ പാലം തുറന്നു; യാത്രാസമയം പകുതിയിലേറെ കുറയും
പുതിയ പാലം പ്രവർത്തനസജ്ജമായതോടെ ഗതാഗത ശേഷിയിൽ 191 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദുബൈ | അൽ ഖുദ്്റ റോഡ് ഇന്റർസെക്ഷനിൽ അറേബ്യൻ റാഞ്ചസിനെയും ദുബൈ സ്റ്റുഡിയോ സിറ്റിയെയും ബന്ധിപ്പിക്കുന്ന പുതിയ പാലം ഗതാഗതത്തിനായി തുറന്നു. 600 മീറ്റർ നീളത്തിൽ ഇരുദിശകളിലേക്കും നാല് വരി പാതകളോടെയാണ് പാലം നിർമിച്ചിരിക്കുന്നത്. ഇതോടൊപ്പം അൽ ഖുദ്്റ റോഡിന്റെയും ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്്യാൻ സ്ട്രീറ്റിന്റെയും കവലയിലുള്ള വടക്കൻ പാലം ഫെബ്രുവരി 15-ന് തുറക്കുമെന്നും ആർ ടി എ ചെയർമാൻ മതാർ അൽ തായർ അറിയിച്ചു. ഏകദേശം നാല് ലക്ഷത്തോളം താമസക്കാർക്കും സന്ദർശകർക്കും ഈ പുതിയ പാതയുടെ പ്രയോജനം ലഭിക്കും.
പുതിയ പാലം പ്രവർത്തനസജ്ജമായതോടെ ഗതാഗത ശേഷിയിൽ 191 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ മണിക്കൂറിൽ 6,600 വാഹനങ്ങൾ കടന്നുപോയിരുന്ന സ്ഥാനത്ത് ഇനി മുതൽ 19,200 വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാം. ഇതോടെ യാത്രാസമയം 55 ശതമാനത്തോളം കുറയും. അൽ ഖുദ്്റ റോഡ് വികസനത്തിലൂടെ യാത്രാസമയം 9.4 മിനിറ്റിൽ നിന്ന് 2.8 മിനിറ്റായി കുറഞ്ഞത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ജംഗ്ഷനിലെ കാത്തിരിപ്പ് സമയം 113 സെക്കൻഡിൽ നിന്ന് 52 സെക്കൻഡായും കുറഞ്ഞിട്ടുണ്ട്.
അൽ ഖുദ്്്റ ഇന്റർസെക്ഷൻ വികസന പദ്ധതിയുടെ ഭാഗമായാണ് പാലം നിർമിച്ചത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായുള്ള കവലയിൽ നിന്ന് ആരംഭിച്ച് ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്്യാൻ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ് എന്നിവയിലൂടെ കടന്നുപോകുന്ന ഈ ഇടനാഴി വാണിജ്യ, താമസ കേന്ദ്രങ്ങളെ തമ്മിൽ വേഗത്തിൽ ബന്ധിപ്പിക്കും. മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



