Kerala
കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബ് കണ്ടെത്തി
എരിഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കിയിരുന്നു
കണ്ണൂര്‍ | കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി. കണ്ണൂര്‍ ന്യൂമാഹിയിലാണ് ബോംബ് കണ്ടെത്തിയത്. ന്യൂ മാഹി സ്‌റ്റേഷന്‍ പരിധിയിലെ തലശ്ശേരി – മാഹി ബൈപ്പാസില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി.
അതേസമയം ഇന്ന് ഉച്ചയോടെ കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടക വസ്ഥു പൊട്ടിത്തെറിച്ചു. ഏറ് പടക്കമാണ് പൊട്ടിയതെന്നാണ് പോലീസ് പറയുന്നത്. കൂത്തുപറമ്പിലും കഴിഞ്ഞ ദിവസം രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി.
എരിഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഓരോ സ്റ്റേഷൻ പരിധിയിലെയും ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിൽ പരിശോധന നടന്നു വരികയാണ്.കൂത്തുപറമ്പ്, തലശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെയുള്ള അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.