Connect with us

Editorial

കള്ളപ്പണവും അമിത് ഷായുടെ ആശങ്കയും

ഒരു സമാന്തര സമ്പദ് വ്യവസ്ഥയായി വളർന്നു കഴിഞ്ഞ കള്ളപ്പണം ഇന്ത്യൻ സമ്പദ് ഘടനക്ക് കനത്ത ആഘാതമാണ്. നിലവിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളിലൊന്ന് കള്ളപ്പണമാണ്. ഇത് നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഒരു നടപടിയുമുണ്ടാകാറില്ല.

Published

|

Last Updated

ഇലക്ട്രൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതി നടപടിയെ വിമർശിച്ചു രംഗത്തു വന്നിരിക്കയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പദ്ധതി പൂർണമായും റദ്ദാക്കിയത് ശരിയായില്ല, പദ്ധതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു കോടതി വേണ്ടതെന്നുമാണ് ഷാ പറയുന്നത്. കള്ളപ്പണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ ഇലക്ട്രൽ ബോണ്ട് പദ്ധതി കൊണ്ടുവന്നതെന്നു അവകാശപ്പെട്ട അമിത്ഷാ പദ്ധതി റദ്ദാക്കിയ കോടതി നടപടി രാജ്യത്ത് കള്ളപ്പണം വർധിക്കാൻ ഇടയാക്കുമെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ കോടതിയിൽ നിന്നു നേരിട്ട തിരിച്ചടിയുടെ ജാള്യത മറച്ചു പിടിക്കാനുള്ള അടവ് എന്നതിലപ്പുറം ഒരു മൂല്യവുമില്ല ഷായുടെ ഈ പ്രസ്താവനക്ക്. കള്ളപ്പണം ഇല്ലാതാക്കുന്നതിൽ ബി ജെ പിക്കും മോദിസർക്കാറിനുമുള്ള താത്പര്യം ഇതിനകം ബോധ്യപ്പെട്ടതാണ്. മൻമോഹൻ സർക്കാറിന്റെ കാലത്ത, കള്ളപ്പണവിരുദ്ധത യു പി എ ക്കെതിരായ ഒരു രാഷ്ട്രീയ പ്രചാരണ ആയുധമാക്കിയെന്നതിലപ്പുറം ഈ വിപത്ത് ഇല്ലാതാക്കാനുള്ള ഒരു നടപടിയും മോദിസർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നല്ല, കള്ളപ്പണ മാഫിയയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. ഇതിന്റെ മികച്ച ഉദാഹരമാണ് ഇലക്ട്രൽ ബോണ്ട്.

കാര്യമായും കള്ളപ്പണക്കാരാണ് ഇലക്ട്രൽ ബോണ്ട് വഴി ബി ജെ പിക്കു സംഭാവന നൽകിയതെന്നാണ് എസ് ബി ഐ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച റിപോർട്ടിൽ നിന്നു ബോധ്യമാകുന്നത്. കളങ്കിതരെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം മുദ്രയടിക്കുകയും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുകയും ചെയ്ത കമ്പനികളാണ് ഇലക്ട്രൽ ബോണ്ട് വഴി സംഭാവന നൽകിയവരിൽ നല്ലൊരു വിഭാഗമെന്ന് ഇലക്്ഷൻ കമ്മീഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഇലക്ട്രൽ ബോണ്ട് ലിസ്റ്റ് വെളിപ്പെടുത്തുന്നു. കേന്ദ്ര സർക്കാറിന്റെ ബ്ലാക്ക് ലിസ്റ്റിലായിരുന്ന ലോട്ടറി രാജാവ് സാന്റിയാഗോ മർട്ടിൻ 1,368 കോടിയുടെയും കൊൽക്കത്ത ആസ്ഥാനമായ എ ബി സി ഇന്ത്യാ ലിമിറ്റഡ് 40 കോടിയുടെയും ഇലക്ട്രൽ ബോണ്ടാണ് വാങ്ങിയത്. 2023 മെയിൽ മാർട്ടിന്റെ ചെന്നൈയിലുളള വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. മാർട്ടിന്റെ കമ്പനിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് അദ്ദേഹം ഇലക്ട്രൽ ബോണ്ട് വാങ്ങിയതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

185 കോടിയുടെ ഇലക്ട്രൽ ബോണ്ട് വാങ്ങിയ സുധീർമേത്തയുടെ ടൊറന്റ് ഗ്രൂപ്പ് മഹാരാഷ്ട്രയിലെ ബി ജെ പി സർക്കാറിൽ നിന്ന് 285 കോടിയുടെ നികുതിയിളവ് നേടിയ സ്ഥാപനമാണ്. നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ്, സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നു രക്ഷപ്പെടാനോ, നികുതിയിളവ് പോലുള്ള സർക്കാറിന്റെ അനധികൃത ആനുകൂല്യങ്ങൾക്കു വേണ്ടിയോ ആണ് കോർപറേറ്റുകൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സംഭാവന നൽകുന്നതെന്ന ആരോപണത്തെ സ്ഥിരീകരിക്കുന്നതാണ് ഈ വിവരങ്ങൾ. മൊത്തം ലഭിച്ച സംഭാവനകളിൽ പകുതിയോളം ബി ജെ പിക്കാണെന്നതും ഇതോട് ചേർത്തു വായിക്കേണ്ടതാണ്.
സുതാര്യമല്ല, ഇലക്ട്രൽ ബോണ്ട് പദ്ധതിയെന്നു നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷനും ആർ ബി ഐയും ചൂണ്ടിക്കാട്ടിയതാണ്. കോടതിക്കു വിവരം നൽകാൻ എസ് ബി ഐ വിമുഖത കാണിച്ചതും ഇതുകൊണ്ടായിരിക്കണം. ഒടുവിൽ കോടതിയലക്ഷ്യ നടപടി ഭയന്നു എസ് ബി ഐ നൽകിയ ലിസ്റ്റ് അപൂർണവും.സീരിയൽ നമ്പറുകൾ ഇല്ലാതെയാണ് ലിസ്റ്റ് സമർപ്പിച്ചത്. പണം ഏതു പാർട്ടിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നു അറിയാതിരിക്കാനാണ് സീരിയൽ നമ്പർ ഒഴിവാക്കിയത്. സീരിയൽ നമ്പറടക്കം പൂർണ വിവരം നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി വീണ്ടും നോട്ടീസ് നൽകിയിരിക്കയാണ് എസ് ബി ഐക്ക്.

വിദേശ ബേങ്കുകളിലും മറ്റും കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവന്ന് രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നൊരു വമ്പൻ വാഗ്ദാനം നൽകിയിരുന്നു 2014-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദിയും ബി ജെ പി നേതൃത്വവും. ഈ വകയിൽ ഇതുവരെയും ഒരൊറ്റ പൗരന്റെയും അക്കൗണ്ടിൽ ഒരു രൂപ പോലും എത്തിയിട്ടില്ല. ഒരു കള്ളപ്പണ രാജാവിനെതിരെയും നടപടി സ്വീകരിക്കാൻ സർക്കാർ ആർജ്ജവം കാണിച്ചുമില്ല. മാത്രമല്ല, ഇലക്ട്രൽ ബോണ്ട് നടപ്പാക്കുന്നതിന്റെ മുന്നോടിയായി, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്-2010 ഭേദഗതി ചെയ്യുകവഴി വിദേശ കള്ളപ്പണക്കാരുടെ നിയമവിരുദ്ധ സമ്പാദനത്തിനു പ്രോത്സാഹനം നൽകുകയും ചെയ്തു സർക്കാർ. വിദേശ രാജ്യങ്ങളിൽ നിന്നു രാഷ്ട്രീയ പാർട്ടികൾക്ക് പണമായി ലഭിക്കുന്ന എല്ലാ സംഭാവനകളെയും നിയമ-ധനകാര്യ വകുപ്പുകളുടെ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നതിനായിരുന്നു ഈ ഭേദഗതി.
കേന്ദ്രമന്ത്രാലയങ്ങളുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും കണക്കു പ്രകാരം രാജ്യത്ത് പ്രതിവർഷം ഒന്നര കോടിയുടെ കള്ളപ്പണം വിനിമയം ചെയ്യപ്പെടുന്നുണ്ട്.
ഒരു സമാന്തര സമ്പദ് വ്യവസ്ഥയായി വളർന്നു കഴിഞ്ഞ കള്ളപ്പണം ഇന്ത്യൻ സമ്പദ് ഘടനക്ക് കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്. നിലവിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളിലൊന്ന് കള്ളപ്പണമാണ്. ഇത് നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഫലപ്രദമായ നടപടി ഇക്കാര്യത്തിലുണ്ടാകുന്നില്ല ഇതുവരെയും. നോട്ട് നിരോധം തുടങ്ങി കൊട്ടിഘോഷിച്ചു നടപ്പാക്കിയ പദ്ധതികൾ പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടൽ മാത്രം.

മൊത്തം കള്ളപ്പണത്തിന്റെ ഒരു ശതമാനം പോലും കറൻസിയായി സൂക്ഷിക്കുന്നില്ല; ഭൂമി, വിദേശ രഹസ്യനിക്ഷേപങ്ങൾ, സ്വർണം തുടങ്ങി മേഖലകളിലാണ് കള്ളപ്പണ നിക്ഷേപം കൂടുതലും. ഇതറിയാതെയല്ലല്ലോ കള്ളപ്പണം തടയാനെന്ന അവകാശവാദത്തോടെ സർക്കാർ നോട്ട് നിരോധം ഏർപ്പെടുത്തിയത്.

---- facebook comment plugin here -----

Latest