Connect with us

Editorial

ചരടുവലിച്ച് ബി ജെ പി; നിസ്സഹായനായി നിതീഷ്‌

ബിഹാര്‍ രാഷ്ട്രീയം കൈപിടിയിലൊതുക്കാന്‍ ബി ജെ പി നടത്തിയ പിന്നാമ്പുറ കളികളുടെ പരിണതിയാണ് ബിഹാറിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സായന്തനത്തില്‍ സ്വന്തം കോട്ടയില്‍ നിസ്സഹായനാണ് നിതീഷ് കുമാര്‍.

Published

|

Last Updated

ജെ ഡി യു നേതാവ് നിതീഷ് കുമാറിനെ ബി ജെ പി ഒതുക്കിയതോ, അദ്ദേഹം സ്വയം ഒതുങ്ങിയതോ? മുഖ്യമന്ത്രിപദം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലെ സജീവ ചര്‍ച്ചയാണിത്. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം മുഖ്യമന്ത്രിപദം വിട്ടതെന്നാണ് ബി ജെ പി കേന്ദ്രങ്ങളുടെ പ്രചാരണം. അതേസമയം പാര്‍ലിമെന്റിലെ രണ്ട് സഭകളിലും അംഗമാകണമെന്നത് തന്റെ ചിരകാല ആഗ്രഹമാണ്; ഈ ലക്ഷ്യത്തിലാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നതെന്നാണ് നിതീഷിന്റെ വിശദീകരണം. എന്നാല്‍ ബിഹാര്‍ രാഷ്ട്രീയം കൈപിടിയിലൊതുക്കാന്‍ ബി ജെ പി നടത്തിയ പിന്നാമ്പുറ കളികളുടെ പരിണതിയാണ് സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് പാറ്റ്നയിലെത്തി കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും രാജ്യസഭയിലേക്കുള്ള നിതീഷിന്റെ പത്രികാ സമര്‍പ്പണ ചടങ്ങില്‍ ഷാ ഉള്‍പ്പെടെ പ്രമുഖ ബി ജെ പി നേതാക്കള്‍ സന്നിഹിതരായതും ഈ നിരീക്ഷണത്തിന് ബലം പകരുന്നു.

സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ കരുത്തില്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരികയും ബിഹാറിനെ വികസനത്തിലേക്ക് നയിക്കുക വഴി ‘സുശാസന്‍ ബാബു’ (നല്ല ഭരണാധികാരി) എന്ന പ്രതിച്ഛായ നേടുകയും ചെയ്ത നേതാവാണ് നിതീഷ് കുമാര്‍. സംസ്ഥാന ഭരണത്തില്‍ പത്ത് തവണ മുഖ്യമന്ത്രിയെന്ന അപൂര്‍വ നേട്ടവും കൈവരിച്ചു അദ്ദേഹം. ജനതാ ദളിന്റെ ഭാഗമായിരുന്ന നിതീഷിന്റെ കരുത്തിലാണ് 1989ല്‍ കേന്ദ്രത്തില്‍ ജനതാദള്‍ അധികാരത്തിലേറിയത്. അതിനിടെ അദ്ദേഹം എന്‍ ഡി എയില്‍ ചേര്‍ന്നെങ്കിലും, സംസ്ഥാന രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ കൈവിട്ടു പോകാതിരിക്കാന്‍ രണ്ട് തവണ എന്‍ ഡി എ വിട്ട് ബി ജെ പിയേതര കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുകയും ചെയ്തു. ഇതുമൂലം ഹിന്ദി മേഖലയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ആധിപത്യം സ്ഥാപിച്ച ബി ജെ പിക്ക് ബിഹാര്‍ അന്യമായി നില്‍ക്കുകയായിരുന്നു സമീപം കാലം വരെ.

നിതീഷിനെ രാഷ്ട്രീയമായി തളര്‍ത്തിയെങ്കിലേ ബിഹാര്‍ കൈപിടിയിലൊതുക്കാനാകുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞ ബി ജെ പി, ഈ ലക്ഷ്യത്തില്‍ പ്രയോഗിച്ച തന്ത്രമായിരുന്നു 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ‘ചിരാഗ് പാസ്വാന്‍ ഘടകം’. നിതീഷ് നയിക്കുന്ന ജെ ഡി യു കൂടി ഉള്‍ക്കൊള്ളുന്ന എന്‍ ഡി എയുടെ ഭാഗമായിട്ടും അന്ന് ചിരാഗ് പാസ്വാന്‍, ജെ ഡി യു മത്സരിച്ച 135 മണ്ഡലങ്ങളിലും തന്റെ പാര്‍ട്ടിയായ എല്‍ ജി പിയുടെ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചത് യാദൃച്ഛികമായിരുന്നില്ല. ബി ജെ പിയുടെ ആശീര്‍വാദത്തോടെ നടന്ന ഈ രാഷ്ട്രീയ കരുനീക്കം ജെ ഡി യുവിന്റെ വോട്ട് ബേങ്കില്‍ വലിയ വിള്ളലുണ്ടാക്കുകയും നിതീഷിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബി ജെ പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുകയും ചെയ്തു. സ്വന്തം സഖ്യകക്ഷിയെ തന്നെ ദുര്‍ബലപ്പെടുത്തി രാഷ്ട്രീയ ആധിപത്യം നേടുന്ന തന്ത്രം ബി ജെ പി നേരത്തേയും പരീക്ഷിച്ചിട്ടുണ്ട്.

ജെ ഡി യുവിലെ കരുത്തരായ നേതാക്കളെ നിതീഷിനെതിരെ തിരിക്കുകയെന്നതായിരുന്നു ബി ജെ പിയുടെ അടുത്ത തന്ത്രം. നിതീഷിന്റെ വിശ്വസ്തനായിരുന്ന ആര്‍ സി പി സിംഗിനെ കേന്ദ്ര മന്ത്രിയാക്കിയതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഉദാഹരണം. ക്രമേണ ഭരണത്തില്‍ നിതീഷിനുണ്ടായിരുന്ന പൂര്‍ണ നിയന്ത്രണം കവര്‍ന്നെടുത്തുകൊണ്ടിരുന്നു ബി ജെ പി. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ രൂപവത്കരിച്ചപ്പോള്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതും ആഭ്യന്തര വകുപ്പിലടക്കം ബി ജെ പി പിടിമുറുക്കിയതും നിതീഷിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ്. സംസ്ഥാനത്ത് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് നിതീഷ് സര്‍ക്കാറിന് കേന്ദ്രത്തിന്റെ അനുമതി തേടേണ്ടി വന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു.

ബി ജെ പിയുടെ ചരടുവലി മാത്രമല്ല; തുടര്‍ച്ചയായ കൂറുമാറ്റം, അധികാര പദവിക്കപ്പുറം വ്യക്തമായ രാഷ്ട്രീയ ദിശാബോധമില്ലായ്മ തുടങ്ങി തന്റെ തന്നെ അപക്വമായ നിലപാടുകള്‍ കൂടിയാണ് നിതീഷിന്റെ പ്രതിച്ഛായാ തകര്‍ച്ചക്ക് വഴിവെച്ചത്. ബി ജെ പിക്കൊപ്പം ചേരുന്നതിലും ഭേദം മരണമാണെന്നാണ് 2023ല്‍ ഒരു പ്രസംഗത്തില്‍ നിതീഷ് പറഞ്ഞത്. ഒരു വര്‍ഷത്തിനകം അദ്ദേഹം എന്‍ ഡി എയിലേക്ക് മടങ്ങി ബി ജെ പിയുടെ സഹകാരിയായി. അവസരവാദിയും നിലപാടില്ലാത്ത നേതാവുമായാണ് നിതീഷ് വിശേഷിപ്പിക്കപ്പെടുന്നത്. ബിഹാറിലെ യുവതലമുറക്കിടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെടാന്‍ ഇതിടയാക്കി. തേജസ്വി യാദവിന്റെ രാഷ്ട്രീയ മുന്നേറ്റവും അദ്ദേഹത്തിന്റെ പ്രസക്തി കുറച്ചു.

മകന്‍ നിഷാന്ത് കുമാറിനെ കളത്തിലിറക്കിയാണ് നിതീഷ് ഡല്‍ഹി രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നതെങ്കിലും ജെ ഡി യുവിന്റെ പഴയ കരുത്ത് തിരിച്ചു പിടിക്കാന്‍ അത് സഹായകമാകില്ല. നിതീഷിന്റെ വോട്ട് ബേങ്കായ പിന്നാക്ക വിഭാഗങ്ങളില്‍ ബി ജെ പി ഇതിനകം വേരോട്ടം നടത്തിക്കഴിഞ്ഞു. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ വോട്ടര്‍മാരാക്കി മാറ്റുന്ന ബി ജെ പി തന്ത്രവും ജെ ഡി യുവിന്റെ അടിത്തറ ഇളക്കി. സംഘടനാ കരുത്തിലും രാഷ്ട്രീയ തന്ത്രങ്ങളിലും ഏറെ മുന്നേറിക്കഴിഞ്ഞു ബിഹാറില്‍ ബി ജെ പി. ഇത് തിരിച്ചു പിടിക്കുക രാഷ്ട്രീയത്തില്‍ പുതുമുഖമായ നിഷാന്തിന് പ്രയാസമാണ്. നിഷാന്ത് രാഷ്ട്രീയത്തില്‍ തിളങ്ങിയാലും ബി ജെ പിയുടെ ഓരംപറ്റി നീങ്ങാനേ സാധിക്കുകയുള്ളൂ. ഇതുവരെ രാഷ്ട്രീയവുമായി അകന്നുനിന്ന നിഷാന്തിന്റെ പൊടുന്നനെയുള്ള കടന്നു വരവ് ജെ ഡി യുവിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിക്കാനിടയുണ്ട്. ഇത് ബി ജെ പിക്ക് അനുകൂല ഘടകമായി മാറും. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സായന്തനത്തില്‍ സ്വന്തം കോട്ടയില്‍ നിസ്സഹായനാണ് നിതീഷ് കുമാര്‍. സോഷ്യലിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴിയിലേക്ക് വഴിമാറിയ ഒരു നേതാവിന്റെ സ്വാഭാവിക പതനമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.