National
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ചുമതലയേറ്റു; 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത്ഷാ, സ്മൃതി ഇറാനി, രാജ്നാഥ് സിംഗ് തുടങ്ങിയവരും മുതിർന്ന ബിജെപി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
അഹമ്മദാബാദ് | ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർച്ചയായ രണ്ടാം തവണയും ഭൂപേന്ദ്ര പട്ടേൽ അധികാരമേറ്റു. മന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ട 16 എംഎൽമാരും സത്യപ്രതിജ്ഞ ചൊല്ലി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത്ഷാ, സ്മൃതി ഇറാനി, രാജ്നാഥ് സിംഗ് തുടങ്ങിയവരും മുതിർന്ന ബിജെപി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആചാര്യ ദേവ്‍രത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ചടങ്ങ്.
പട്ടേൽ മന്ത്രിസഭയിൽ ഇത്തവണ 25 മുതൽ 28 വരെ അംഗങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിൽ 16 പേരാണ് ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്തത്. വിവിധ ജാതികളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ളവർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ എത്തിയ അൽപേഷ് താക്കൂർ ഉൾപ്പെടെ പുതുമഖങ്ങളും മന്ത്രിസഭയിൽ എത്തുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ വർഷം അവസാനമാണ് ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. ഭരണവിരുദ്ധ വികാരത്തെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയെ മാറ്റിയാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി നിയമിച്ചത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുകൾ നേടിയാണ് ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും ബിജെപി അധികാരത്തിൽ വന്നത്. ആകെയുള്ള 182 സീറ്റുകളിൽ 156ഉം നേടിയായിരുന്നു ബിജെപിയുടെ വിജയം.




