editorial
ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കും ഭരണയാഥാര്‍ഥ്യങ്ങൾക്കുമിടയില്‍
ക്ഷേമ പദ്ധതികള്‍ക്കാവശ്യമായ ഫണ്ടിംഗിന് സര്‍ക്കാര്‍ എന്തുവഴിയാണ് കണ്ടുവെച്ചതെന്നത് അവ്യക്തം. "ആദ്യം സമ്പത്ത് ഉത്പാദിപ്പിക്കുക, എന്നിട്ടാണ് അത് വിതരണം ചെയ്യേണ്ടത്' എന്ന ലളിതമായ സാമ്പത്തിക തത്ത്വം അവഗണിച്ച് ഒരു സര്‍ക്കാറിനും അധിക കാലം മുന്നോട്ടുപോകാനാകില്ല.
ഒട്ടേറെ ക്ഷേമ- വികസന പദ്ധതികളെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ അടങ്ങുന്നതാണ് വി ഡി സതീശന്‍ സര്‍ക്കാറിനു വേണ്ടി ഗവര്‍ണര്‍ ഇന്നലെ നടത്തിയ നയപ്രഖ്യാപനം. സൗജന്യ കെ എസ് ആര്‍ ടി സി യാത്രക്കു പുറമെ, തൊഴിലിടങ്ങളില്‍ തുല്യവേതനം, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആറ് മാസത്തെ പ്രസവകാല അവധി, ആര്‍ത്തവ വേളകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ അവധി തുടങ്ങി സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നവയാണ് നയപ്രഖ്യാപനങ്ങളില്‍ നല്ലൊരു ഭാഗവും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ഥം കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ പ്രതിവര്‍ഷം 25 ലക്ഷമായി ഉയര്‍ത്തിയതും യുവാക്കള്‍ക്കായി അഞ്ച് ലക്ഷം പലിശരഹിത വായ്പ പ്രഖ്യാപിച്ചതും സര്‍ക്കാറിന്റെ ജനക്ഷേമ കാഴ്ചപ്പാടിന്റെ കൈയൊപ്പായി കാണാവുന്നതാണ്.
ജനക്ഷേമ- വികസന പദ്ധതി പ്രഖ്യാപനത്തോടൊപ്പം വികസനത്തിലേക്ക് എത്തിപ്പെടാനുള്ള സാമ്പത്തിക റോഡ് മാപ്പ് വരച്ചു കാണിക്കുന്നില്ല നയപ്രഖ്യാപനം. ക്ഷേമപ്രവര്‍ത്തനങ്ങളോടൊപ്പം പ്രത്യുത്പാദനപരമായ പദ്ധതികളും മുന്നോട്ടു വെച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില കൂടുതല്‍ വഷളാകുകയും കടക്കെണിയില്‍ നിന്ന് കൂടുതല്‍ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. സംസ്ഥാനത്തെ പാപ്പരാക്കി, ചില്ലിക്കാശ് പോലും പൊതുഖജനാവില്‍ അവശേഷിപ്പിക്കാതെയാണ് മുന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പോയതെന്നാണ് പുതിയ സര്‍ക്കാര്‍ പറയുന്നത്. എങ്കില്‍ ക്ഷേമ പദ്ധതികള്‍ക്കാവശ്യമായ ഫണ്ടിംഗിന് സര്‍ക്കാര്‍ എന്തുവഴിയാണ് കണ്ടുവെച്ചതെന്നത് അവ്യക്തം. “ആദ്യം സമ്പത്ത് ഉത്പാദിപ്പിക്കുക, എന്നിട്ടാണ് അത് വിതരണം ചെയ്യേണ്ടത്’ എന്ന ലളിതമായ സാമ്പത്തിക തത്ത്വം അവഗണിച്ച് ഒരു സര്‍ക്കാറിനും അധിക കാലം മുന്നോട്ടുപോകാനാകില്ല.
തൊഴിലില്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്ന്. ലക്ഷക്കണക്കിനു രൂപ ചെലവിട്ട് പഠിച്ചിറങ്ങുന്ന യുവാക്കള്‍ തൊഴില്‍ തേടി വിദേശങ്ങളിലേക്ക് കുടിയേറാന്‍ ഇടവരുന്നത് (പ്രതിഭകളുടെ ചോര്‍ച്ച) സംസ്ഥാനത്തിന് ഭീമമായ നഷ്ടമാണ്. യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കി തൊഴില്‍ സംരംഭകരാക്കാനുള്ള സര്‍ക്കാര്‍ ശ്രമം സ്വാഗതാര്‍ഹമാണെങ്കിലും അത് ചെറുകിട സംരംഭങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. നിര്‍മാണ മേഖലയിലും വ്യവസായ മേഖലകളിലും വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള സമഗ്ര പദ്ധതികളൊന്നും നയപ്രഖ്യാപനത്തില്‍ കാണുന്നില്ല. പ്രവാസി പണത്തെ മാത്രം മുന്‍നിര്‍ത്തി ഇനിയൊരു ദീര്‍ഘകാല മുന്നേറ്റം സാധ്യമല്ലെന്ന തിരിച്ചറിവ് ഭരണാധികാരികള്‍ക്ക് വേണം.
നികുതിപ്പണം ദൈനംദിന ചെലവുകള്‍ക്ക് പോലും തികയാത്ത സാഹചര്യത്തില്‍ ആഭ്യന്തര ഉത്പാദനവും വരുമാനവും വര്‍ധിപ്പിക്കുകയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള മുഖ്യമാര്‍ഗം. ഐ ടി, സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ സമ്പദ്്വ്യവസ്ഥ തുടങ്ങിയവയെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ടെങ്കിലും വന്‍കിട സ്വകാര്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് നിലവിലില്ല. ഭൂമിയുടെ ലഭ്യതക്കുറവ്, ഉയര്‍ന്ന കൂലി, ചുവപ്പ് നാടകള്‍ തുടങ്ങിയ പരമ്പരാഗത തടസ്സങ്ങളെ മറികടന്ന് ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാടില്ല. അടിസ്ഥാന വികസനത്തിനായി പ്രഖ്യാപിച്ച “പോര്‍ട്ട്- ലിങ്ക്ഡ് ഹബ്’ മികച്ചൊരു ആശയമാണെങ്കിലും അതിനാവശ്യമായ മൂലധനം എങ്ങനെ സമാഹരിക്കുമെന്നതിലും വ്യക്തത കൈവരേണ്ടതുണ്ട്. ക്ഷേമവും ഉത്പാദനക്ഷമതയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാക്കി മാറ്റിയെങ്കില്‍ മാത്രമേ കേരളമാതൃക ദീര്‍ഘകാലം നിലനില്‍ക്കുകയുള്ളൂ.
സാമ്പത്തിക വിഷയത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ നിലനില്‍ക്കുന്ന ഏറ്റുമുട്ടലിന്റെ കാര്യത്തില്‍ മൗനമാണ് നയപ്രഖ്യാപന പ്രസംഗം. മുന്‍ വര്‍ഷങ്ങളില്‍ നയപ്രസംഗങ്ങളിലെ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങളെച്ചൊല്ലി നിയമസഭാ നടപടികളില്‍ നാടകീയ രംഗങ്ങളും ഭരണഘടനാ പ്രതിസന്ധിയും ഉടലെടുത്തിരുന്നു. ഇത്തവണ പക്ഷേ കേരളത്തിനു മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ ഒരക്ഷരവുമില്ല. വായ്പാ പരിധി, ജി എസ് ടി നഷ്ടപരിഹാരം, കേന്ദ്ര നികുതി വിഹിതം, സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തോട് കേന്ദ്രം കടുത്ത വിവേചനം കാണിക്കുന്നുവെന്നായിരുന്നു മുന്‍ സര്‍ക്കാര്‍ നിരന്തരം കുറ്റപ്പെടുത്തിയത്. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാറിന്റെ മൗനം മാറ്റത്തിന്റെ സൂചനയാണോ? കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിനു പകരം സഹകരണ രാഷട്രീയമായിരിക്കാം സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വന്‍കിട ക്ഷേമപദ്ധതികള്‍ നടപ്പാകണമെങ്കില്‍ ഒരു പരിധി വരെയെങ്കിലും കേന്ദ്രവുമായി സുഗമമായ ബന്ധം അനിവാര്യമാണെന്ന തിരിച്ചറിവാകാം ഇതിനു പിന്നില്‍.
എന്നാല്‍ ഫെഡറല്‍ തത്ത്വങ്ങളെ കേന്ദ്രം അട്ടിമറിക്കുമ്പോള്‍ അതിനെതിരെ സംസാരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയല്ലേ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം അവഗണിക്കാവുന്നതല്ല. സഹകരണ മേഖലയില്‍ ജനവിശ്വാസം വീണ്ടെടുക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, ആ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുന്നത് രാഷ്ട്രീയമായ കീഴടങ്ങലായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ഒരു സര്‍ക്കാറിന്റെ വിജയപരാജയം നയപ്രഖ്യാപന പ്രസംഗം കൊണ്ട് തിട്ടപ്പെടുത്താവുന്നതല്ല. നയപ്രഖ്യാപനം സമ്പൂര്‍ണ ഭരണരേഖയല്ല; ഒരു ദിശാസൂചികയാണ്. ഒരു വാഹനം ഏത് ദിശയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നുവെന്ന് കാണിക്കുന്ന ബോര്‍ഡ് മാത്രം. അതിനപ്പുറം യാത്രക്കുള്ള ഇന്ധനവും മാര്‍ഗവും ബജറ്റിലൂടെയാണ് കൂടുതല്‍ വ്യക്തമാകുന്നത്. ബജറ്റ് വരാനിരിക്കുന്നതേയുള്ളൂ. അതിലാണ് സര്‍ക്കാറിന്റെ ശരിയായ സാമ്പത്തിക ആസൂത്രണം പുറത്തുവരിക. ബജറ്റില്‍ പ്രതീക്ഷയര്‍പ്പിക്കാം.







