Connect with us

Editorial

ബെന്‍ ഗിവിറിനെ നിലക്ക് നിര്‍ത്തണം; ഇസ്‌റാഈലിനെയും

ആയിരത്തിലധികം തീവ്ര ദേശീയവാദി ജൂത കുടിയേറ്റക്കാരെ നയിച്ചാണ് ബെന്‍ ഗവിര്‍ അല്‍അഖ്‌സ കോമ്പൗണ്ടിലെത്തിയത്. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ അല്‍അഖ്‌സയിലേക്ക് അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ബെന്‍ ഗവിറും സംഘവും എത്തുന്നത്.

Published

|

Last Updated

മസ്ജിദുല്‍ അഖ്സ കോമ്പൗണ്ടിലേക്ക് ഇരച്ചു കയറി സംഘര്‍ഷം സൃഷ്ടിക്കുകയെന്ന സയണിസ്റ്റ് പദ്ധതി കൂടുതല്‍ ശക്തമായി ആവര്‍ത്തിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഇസ്റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗിവിറിന്റെ നേതൃത്വത്തില്‍ ജൂതസംഘം നടത്തിയ അതിക്രമം വ്യക്തമാക്കുന്നത്. തീവ്ര വലതുപക്ഷ നേതാവാണ് ഇതാമര്‍ ബെന്‍ ഗിവിര്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഓട്ട്സ്മാ യെഹുദിത് ലക്ഷണമൊത്ത സയണിസ്റ്റ് തീവ്ര സംഘടനയാണ്. നേരത്തേ നിരോധിച്ച സംഘടനയുടെ യുവ നേതാവായിരുന്നു ഇദ്ദേഹം. അന്ന് നിരവധി കേസില്‍ പ്രതിയായിരുന്നു. ഫലസ്തീന് സ്വതന്ത്ര രാഷ്ട്രമാകാന്‍ അര്‍ഹതയില്ലെന്നും മേഖലയിലാകെ പടരാനുള്ള ഇസ്റാഈലിന്റെ അവകാശം ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും നിരന്തരം പ്രചരിപ്പിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ബെന്‍ ഗിവിര്‍. ഇത്തവണ അധികാരം പിടിക്കാനായി ബെഞ്ചമിന്‍ നെതന്യാഹു ഇയാളുടെ പാര്‍ട്ടിയെ ഭരണ സഖ്യത്തിലെടുത്തതോടെ ഗിവിറിനും അനുയായികള്‍ക്കും കൂടുതല്‍ ക്രൗര്യം കൈവന്നിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിന്റെ പുറത്താണ് ഒരിക്കല്‍ കൂടി സയണിസ്റ്റ് സംഘം അല്‍അഖ്സയില്‍ ഇരച്ചു കയറാന്‍ ശ്രമിച്ചത്.

ആയിരത്തിലധികം തീവ്ര ദേശീയവാദി ജൂത കുടിയേറ്റക്കാരെ നയിച്ചാണ് ബെന്‍ ഗിവിര്‍ അല്‍അഖ്സ കോമ്പൗണ്ടിലെത്തിയത്. മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ അല്‍അഖ്സയിലേക്ക് അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ബെന്‍ ഗിവിറും സംഘവും എത്തുന്നത്. ജോര്‍ദാന്റെ കീഴിലുള്ള വഖ്ഫ് സമിതിക്കാണ് അല്‍അഖ്സയുടെ നടത്തിപ്പ് ചുമതല. പ്രകോപനം സൃഷ്ടിച്ച് മസ്ജിദുല്‍ അഖ്സക്ക് ചുറ്റും സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും വിശ്വാസികളെ അകറ്റുകയുമാണ് ബെന്‍ ഗിവിറിന്റെ ലക്ഷ്യം. ജൂത സമൂഹം ടിഷാ ബിഅവ് എന്ന നോമ്പ് ദിനം ആചരിക്കുന്നതിനിടെയാണ് ഈ പ്രകോപന നീക്കം. കഴിഞ്ഞ മെയില്‍ അല്‍അഖ്സയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ഗിവിര്‍, ജറൂസലം പൂര്‍ണമായി ഇസ്റാഈലിന് അവകാശപ്പെട്ടതാണെന്ന് ആക്രോശിച്ചിരുന്നു.

ഇത്തരം നീക്കങ്ങള്‍ക്ക് ഇസ്റാഈലിലെ പ്രമുഖ ജൂത പുരോഹിതരുടെയൊന്നും പിന്തുണയില്ല. ആരാധനാലയങ്ങളെ രാഷ്ട്രീയ വേദിയാക്കരുതെന്ന നിലപാടാണ് അവര്‍ക്കുള്ളത്. ആരാധനക്കായി ജൂതര്‍ക്ക് അനുവദിച്ച സ്ഥലത്തിന് അപ്പുറത്തേക്ക് നീങ്ങരുതെന്ന് തന്നെയാണ് അവര്‍ വിശ്വാസികളോട് ആവശ്യപ്പെടാറുള്ളത്. അന്താരാഷ്ട്ര കരാറുകളും ഇക്കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നു. ജൂതരാഷ്ട്ര സംസ്ഥാപനത്തിന് അടിത്തറ പാകിയ ബാല്‍ഫര്‍ പ്രഖ്യാപനം പോലും വിശുദ്ധ ഗേഹങ്ങളുടെ കാര്യത്തില്‍ സ്റ്റാറ്റസ്‌കോ പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഇസ്റാഈല്‍ സ്ഥാപിച്ചതിന് പിറകെ വന്ന യു എന്‍ പ്രമേയത്തിലും ഇക്കാര്യം ഊന്നിപ്പറഞ്ഞു. 1967ലെ ആറ് ദിന യുദ്ധത്തിന് ശേഷം ഇസ്റാഈല്‍ അധിനിവേശത്തിന് കീഴിലാണ് ജറൂസലമെങ്കിലും അവിടെ ജൂത, മുസ്ലിം ആരാധനകള്‍ക്ക് പ്രത്യേകം സംവിധാനങ്ങളും ഇടങ്ങളും നിശ്ചയിച്ച് നല്‍കിയത് ഇതിന്റെ തുടര്‍ച്ചയാണ്. സാധാരണഗതിയില്‍ ഈ ക്രമീകരണങ്ങള്‍ വലിയ അലോസരമില്ലാതെ നടന്നു പോകാറുണ്ട്. എന്നാല്‍ വിശേഷ ദിനങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാനായി ബോധപൂര്‍വം ചില തീവ്രവാദി ഗ്രൂപ്പുകള്‍ ഇറങ്ങും. പ്രത്യക്ഷത്തില്‍ ഈ ഗ്രൂപ്പുകളെ ഇസ്റാഈല്‍ ഭരണ നേതൃത്വം തള്ളിപ്പറയാറുണ്ടായിരുന്നു. ഇപ്പോള്‍ അതും നിലച്ചു. മന്ത്രി തന്നെ അതിക്രമത്തിന് നേതൃത്വം നല്‍കുകയാണല്ലോ.

അല്‍അഖ്സ പരിസരത്ത് നിന്ന് അറബികളെ തുടച്ചു നീക്കുകയെന്നത് സയണിസ്റ്റ് ആശയഗതിയില്‍ രൂഢമൂലമായ കാര്യമാണ്. അറബ് വംശജരോടുള്ള അടങ്ങാത്ത പക സിരകളിലാവാഹിച്ച് ഒരു തരം ഭ്രാന്താവസ്ഥയില്‍ എത്തിയവര്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഡൊണാള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റായിരുന്നപ്പോള്‍ ജറൂസലമിനെ ഇസ്റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും സാധ്യമാകില്ലെന്ന അഹങ്കാരം ഇത്തരം ഗ്രൂപ്പുകളെ കൂടുതല്‍ അപകടകാരികളാക്കുന്നു. കിഴക്കന്‍ ജറൂസലമില്‍ മുസ്ലിംകളുടെ സാന്നിധ്യം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് അവിടെയുണ്ടാകുന്ന ഓരോ സംഘര്‍ഷവും. ജറൂസലമിനെ സംഘര്‍ഷത്തിന്റെ നഗരമാക്കി മാറ്റുകയും ഫലസ്തീനികളെ മറ്റൊരു ഇന്‍തിഫാദയിലേക്ക് തള്ളിവിടുകയുമാണ് യഥാര്‍ഥ ലക്ഷ്യം. യു എന്നടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ ഫലസ്തീന്‍ നേടിയ നയതന്ത്ര വിജയങ്ങളെ ഇതുവഴി അപ്രസക്തമാക്കാനാണ് നോക്കുന്നത്.

1929ല്‍ അല്‍ബുറാഖ് ഗേറ്റിലൂടെ അഖ്സ സമുച്ചയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ജൂതന്‍മാരെ ഫലസ്തീനികള്‍ തടഞ്ഞു. ഈ പ്രതിരോധം വലിയ ഏറ്റുമുട്ടലിന് വഴിവെച്ചു. നിരവധി പേര്‍ മരിച്ചു വീണു. ഈ സംഭവമാണ് പിന്നീട് അല്‍ബുറാഖ് വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടത്. 1969ല്‍ ആസ്ത്രേലിയന്‍ ക്രിസ്ത്യാനി കോമ്പൗണ്ടില്‍ ഇരച്ച് കയറി തീവെച്ചു. 1990ല്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ 20 ഫലസ്തീനികളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. 1996ല്‍ പടിഞ്ഞാറന്‍ കവാടത്തിലേക്ക് ജൂതന്‍മാര്‍ തുരങ്കം പണിതപ്പോള്‍ അത് ചെറുക്കാന്‍ ഫലസ്തീനികള്‍ ഇറങ്ങി. 63 പേര്‍ മരിച്ചു. 2000ത്തില്‍ ഇസ്റാഈല്‍ നേതാവ് ഏരിയല്‍ ഷാരോണ്‍ ആയിരക്കണക്കിന് സൈനികരുടെ അകമ്പടിയോടെ അല്‍അഖ്സയില്‍ കയറാനെത്തിയതും വലിയ സംഘര്‍ഷത്തിന് വഴിവെച്ചു. 2021ല്‍ കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്സയിലുണ്ടായ ഇസ്റാഈല്‍ സേനയുടെ ആക്രമണത്തില്‍ ഇരുനൂറിലധികം ഫലസ്തീന്‍കാര്‍ക്ക് പരുക്കേറ്റു. അല്‍അഖ്സ പരിസരം സംഘര്‍ഷ മേഖലയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുണ്ടായ അതിക്രമങ്ങളില്‍ ചിലത് മാത്രമാണിത്.

നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജറൂസലമില്‍ നിന്ന് മുസ്ലിംകളെ നിരന്തരം ആട്ടിയോടിച്ചു കൊണ്ടിരിക്കുകയാണ്. യു എന്നടക്കമുള്ള ഏജന്‍സികള്‍ അപലപിക്കുന്നുവെന്നല്ലാതെ ഇസ്റാഈലിനെ നിലക്ക് നിര്‍ത്താന്‍ ഫലപ്രദമായ ഒരു ഇടപെടലും നടത്തുന്നില്ല. അമേരിക്കയുടെ വീറ്റോ അധികാരം യു എന്നിനെ നിര്‍വീര്യമാക്കിയിരിക്കുന്നു. മന്ത്രിക്കസേരയില്‍ ഇരിക്കുന്ന ഗിവിര്‍ ഇപ്പോള്‍ പഴയ തീവ്രവാദിയല്ല. അധികാരമുള്ളയാളാണ്. ബെന്‍ ഗിവിറിനെപ്പോലെയുള്ളവര്‍ക്ക് അന്താരാഷ്ട്ര വിലക്ക് ഏര്‍പ്പെടുത്താന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകണം. ബഹിഷ്‌കരണം മാത്രമാണ് ഇസ്റാഈലിനെ അല്‍പ്പമെങ്കിലും അലോസരപ്പെടുത്തിയിട്ടുള്ളത്.

 

Latest