Connect with us

Editorial

ബോംബ് രാഷ്ട്രീയം നിര്‍വീര്യമാകാത്തതിന് പിന്നില്‍

1988 മുതലുള്ള കണക്കെടുത്താല്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഒരു ഡസനോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതലും പാനൂര്‍ മേഖലയിലാണ്. 2011ല്‍ ഓര്‍ക്കാട്ടേരിയിലാണ് ഈ ഗണത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം. അഞ്ച് ലീഗ് പ്രവര്‍ത്തകരാണ് ഒന്നിച്ച് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ അന്ന് കൊല്ലപ്പെട്ടത്.

Published

|

Last Updated

പാനൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരണപ്പെട്ട സംഭവത്തോടെ ബോംബ് രാഷ്ട്രീയം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ് സംസ്ഥാനത്ത്. പാനൂര്‍ മുളിയാത്തോട്് വ്യാഴാഴ്ച അര്‍ധരാത്രി ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാടന്‍ ബോംബ് നിര്‍മിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയാണ് മുളിയാത്തോട് സ്വദേശി ഷെറിന്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. പോലീസ് നടത്തിയ പരിശോധനയില്‍ സമീപ സ്ഥലങ്ങളില്‍ നിന്ന് ഏതാനും ബോംബുകള്‍ പിടികൂടുകയും ചെയ്തു.

ഇതിന്റെ ഒരാഴ്ച മുമ്പാണ് പാനൂരിനടുത്ത സെന്‍ട്രല്‍ പൊയിലൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ വീട്ടില്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുമിത് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ കെ കെ സോബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ആര്‍ എസ് എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 770 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

നിര്‍മാണത്തിനിടെ ബോംബ് സ്ഫോടനവും മരണവും ഗുരുതര പരുക്കേല്‍ക്കലുമൊക്കെ കണ്ണൂരില്‍ വിശിഷ്യാ പാനൂരില്‍ പതിവു സംഭവമാണ്. 1988 മുതലുള്ള കണക്കെടുത്താല്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഒരു ഡസനോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതലും പാനൂര്‍ മേഖലയിലാണ്. 2011ല്‍ ഓര്‍ക്കാട്ടേരിയിലാണ് ഈ ഗണത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം. അഞ്ച് ലീഗ് പ്രവര്‍ത്തകരാണ് ഒന്നിച്ച് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ അന്ന് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ബോംബാക്രമണങ്ങള്‍ക്കും നിര്‍മാണത്തിനിടെ സംഭവിക്കുന്ന സ്ഫോടനത്തിലുണ്ടാകുന്ന ദുരന്തങ്ങള്‍ക്കും പുറമെ രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിച്ച ബോംബുകള്‍ അബദ്ധത്തില്‍ പൊട്ടി കൊച്ചുകുട്ടികളടക്കം നിഷ്‌കളങ്കരുടെ ജീവനെടുക്കുകയും അവയവങ്ങള്‍ നഷ്ടമാകുകയും ചെയ്ത സംഭവങ്ങളുമുണ്ട്. 1998ല്‍ തലശ്ശേരി കണ്ടങ്കണ്ടിയില്‍ ഒരു നാടോടി ബാലന്റെ കൈയും കണ്ണും നഷ്ടപ്പെടുത്തിയത് നാടന്‍ ബോംബാണ്.

റോഡരികില്‍ കണ്ട ഒരു സ്റ്റീല്‍ പാത്രം തല്ലിപ്പൊട്ടിക്കുന്നതിനിടെയാണ് അതിനകത്തുണ്ടായിരുന്ന ബോംബ് പെട്ടിത്തെറിച്ച് ബാലന്റെ കൈ നഷ്ടപ്പെട്ടത്. 2021ല്‍ ഇരിട്ടിയില്‍ നാടന്‍ ബോംബ് പന്താണെന്നു കരുതി കുട്ടികള്‍ തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതേവര്‍ഷം നവംബറില്‍ പാലയാട് നരിവയലിനു സമീപം ലേഡീസ് ഹോസ്റ്റല്‍ വളപ്പില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ശ്രദ്ധയില്‍ പെട്ട സ്റ്റീല്‍ ബോംബ് പന്താണെന്ന ധാരണയില്‍ എറിയുകയും പന്ത്രണ്ടുകാരന് പരുക്കേല്‍ക്കുകയും ചെയ്തു. മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഒഴിഞ്ഞ പ്രദേശങ്ങളിലോ കെട്ടിടങ്ങളിലോ ആണ് രാഷ്ട്രീയ ക്രിമിനലുകള്‍ നിര്‍മിക്കുന്ന ബോംബുകള്‍ ഒളിപ്പിച്ചു വെക്കുന്നത്. പോലീസ് റെയ്ഡിനു വരുമ്പോള്‍ ബോംബ് ശേഖരം എവിടെയെങ്കിലും ഉപേക്ഷിച്ച് രക്ഷപ്പെടാറുമുണ്ട്. ഇത്തരം ബോംബുകളാണ് പിന്നീട് കുട്ടികളുടെ കൈയിലെത്തുന്നതും കളിക്കോപ്പായി ഉപയോഗിക്കുന്നതും. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് അറിയില്ലല്ലോ അതിന്റെ ഭവിഷ്യത്ത്.

ആദര്‍ശ രാഷ്ട്രീയം ക്രിമിനല്‍ രാഷ്ട്രീയത്തിന് വഴിമാറിയതോടെയാണ് കേരളത്തില്‍ ബോംബ് സംസ്‌കാരം കടന്നു വരുന്നത്. സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ മൂവായിരത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് അനുമതിയുളളത്. ക്വാറി ഉടമകളും വെടിക്കെട്ടുകാരുമാണ് ഇവരില്‍ ഏറെയും. ഇത്തരക്കാരില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ സമ്പാദിച്ചാണ് രാഷ്ട്രീയ ക്രിമിനലുകളുടെ ബോംബ് നിര്‍മാണം. നിര്‍മാണത്തില്‍ വൈദഗ്ധ്യമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതില്‍ ഏര്‍പ്പെടുന്നത്. ഇതാണ് നിര്‍മാണത്തിനിടെയുണ്ടാകുന്ന സ്ഫോടനങ്ങള്‍ക്ക് മിക്കപ്പോഴും കാരണം. പാര്‍ട്ടി ഗ്രാമങ്ങളിലെ ഒഴിഞ്ഞ പ്രദേശത്തോ ആള്‍പാര്‍പ്പില്ലാത്ത വീടുകളിലോ ആണ് നിര്‍മാണമെന്നതിനാല്‍ അബദ്ധത്തില്‍ സംഭവിക്കുന്ന പല ചെറിയ സ്ഫോടനങ്ങളും പുറത്തറിയാറില്ല. അഥവാ സ്ഫോടന ശബ്ദം കേട്ട് പുറമെ നിന്നുള്ളവരോ വിവരമറിഞ്ഞ് പോലീസോ സ്ഥലത്തെത്തിയാല്‍ തന്നെ, അപ്പോഴേക്കും ബോംബ് നിര്‍മാണത്തിന്റെ യാതൊരു തെളിവും അടയാളവും സ്ഥലത്ത് അവശേഷിപ്പുണ്ടാകില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ സാധന സാമഗ്രികളെല്ലാം എടുത്തുമാറ്റി സ്ഥലം വൃത്തിയാക്കും. സ്റ്റൗ പൊട്ടിത്തെറിച്ചോ മറ്റോ പരുക്കേറ്റുവെന്ന് പറഞ്ഞായിരിക്കും പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്.

പാര്‍ട്ടിക്കു വേണ്ടിയാണ് സാധാരണ പ്രവര്‍ത്തകര്‍ ബോംബ് നിര്‍മാണത്തിലേര്‍പ്പെടുന്നതെങ്കിലും അബദ്ധത്തില്‍ പൊട്ടി പുറംലോകമറിഞ്ഞാല്‍ നേതൃത്വം തലയൂരും. പാനൂരില്‍ വ്യാഴാഴ്ച നടന്ന ബോംബ് നിര്‍മാണവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല, കേസില്‍ പ്രതികളായവരെ പാര്‍ട്ടി മുമ്പേ തള്ളിപ്പറഞ്ഞതാണെന്നാണല്ലോ സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കാക്കയങ്ങാട് അയിച്ചോത്ത് അമ്പലമുക്കില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ബി ജെ പി പ്രവര്‍ത്തകന്‍ എ കെ സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്ക് പരുക്കേറ്റപ്പോള്‍ ബി ജെ പി നേതൃത്വവും തങ്ങള്‍ക്കൊന്നുമറിയില്ലെന്നു പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. അതേസമയം നിയമത്തിന്റെ പിടിയില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം എല്ലാ സഹായവും നല്‍കുകയും ചെയ്യും. പാര്‍ട്ടി തങ്ങളുടെ രക്ഷക്കെത്തുമെന്ന ഉറച്ച ബോധ്യത്തിലാണ് പ്രവര്‍ത്തകര്‍ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇതുകൊണ്ടാണ് എത്ര ശ്രമിച്ചിട്ടും സംസ്ഥാനത്ത് ബോംബ് രാഷ്ട്രീയം നിര്‍വീര്യമാകാത്തത്.

 

Latest