Connect with us

വ്രതവിശുദ്ധി

സൂക്ഷിച്ച് തിന്നുക; തടിക്ക് പിടിച്ചാല്‍ കുടുങ്ങും

Published

|

Last Updated

വൈകുന്നേരങ്ങളില്‍ പുഴയോരത്തോ കടല്‍ത്തീരത്തോ കൂട്ടുകാരോടൊപ്പം കഥ പറഞ്ഞ് കൊറിച്ചു കൊണ്ടിരിക്കുന്നതും സ്‌കൂളിലും കോളജിലും സഹപാഠികള്‍ ഉച്ചഭക്ഷണം പങ്കിട്ട് കഴിക്കുന്നതും വീട്ടുകാര്‍ക്കും കുട്ടികള്‍ക്കും ഇഷ്ടമുള്ള വിഭവം പാകം ചെയ്ത് എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ കഴിക്കുന്നതും വ്യത്യസ്ത വൈബുകളാണ്… അനുഭവിക്കും പോലെ തന്നെ ഓര്‍ത്തെടുക്കാനും സുഖമുള്ള സന്തോഷ നിമിഷങ്ങള്‍.
ഉല്ലാസ യാത്രയുടെയും ഒരുമിച്ച് കൂടലിന്റെയും സന്തോഷത്തിന് പകിട്ട് പകരുന്ന പ്രധാന ഘടകവും ഭക്ഷണമാണ്. ഇങ്ങനെ സന്തോഷത്തിന്റെ പൂരകമായും ജീവന്‍ നിലനിര്‍ത്തുന്നതിന്റെ അവിഭാജ്യ ഘടകമായും മനുഷ്യരോട് അഭേദ്യമായി ബന്ധപ്പെട്ട ഒന്നാണ് നാം കഴിക്കുന്ന ഭക്ഷണം.
ആഹാരം കഴിക്കല്‍ മനുഷ്യരുടെ പ്രധാന ആഗ്രഹങ്ങളില്‍ പെട്ടതായതുകൊണ്ടാകാം സ്വര്‍ഗീയ സുഖങ്ങള്‍ വിശദീകരിക്കുന്നിടത്ത് അല്ലാഹു തിന്നലിന്റെയും കുടിയുടെയും കാര്യം മുഖ്യമായി പരാമര്‍ശിക്കുന്നുണ്ട്.

“നിശ്ചയം അല്ലാഹുവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിച്ചവര്‍ സ്വര്‍ഗീയ ലോകത്ത് തണലുകളിലും അരുവികളിലും അവര്‍ ആഗ്രഹിക്കുന്ന പഴവര്‍ഗങ്ങളിലുമാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക എന്നവരോട് പറയപ്പെടും’. (സൂറതുല്‍ മുര്‍സലാത്)

ഭക്ഷ്യവസ്തുക്കള്‍ ഏതുമാകട്ടെ അനുവദനീയമായത് മാത്രമേ കഴിക്കാന്‍ പാടുള്ളൂ. നമുക്ക് പറ്റുന്നതും ശരീത്തിനും ബുദ്ധിക്കും ദോശമായി ബാധിക്കാത്തതുമായ എന്തും തിന്നാം. ശരീര പുഷ്ടിയെയും ആരോഗ്യത്തെയും ബാധിക്കുന്നതിനാല്‍ തന്നെ ഭക്ഷ്യവസ്തുക്കളില്‍ അല്‍പ്പം കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നത് അത്യാവശ്യമാണ്. നമുക്ക് അര്‍ഹതയില്ലാത്ത ഒന്നും അകത്താക്കരുത്. ഒരുമിച്ചിരുന്ന് കഴിക്കുമ്പോള്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ അപഹരിക്കാതെ നോക്കണം.
ഒരു പാത്രത്തില്‍ നിന്ന് കൂട്ടമായി ഭക്ഷിക്കുന്ന സമയത്ത് ഒാരോന്ന് വീതം എടുത്ത് കഴിക്കുക. കൂടെയുള്ളവരുടെ സമ്മതമില്ലാതെ രണ്ടെണ്ണം ഒപ്പമെടുത്ത് കഴിക്കരുത് എന്ന നബി (സ) യുടെ കല്‍പ്പന അങ്ങേയറ്റത്തെ സൂക്ഷ്മതയാണ്. മറ്റുള്ളവരുടെ ഓഹരി കഴിച്ചുപോകാതിരിക്കാനാണത്.
സഅദ്ബ്‌നു അബീ വഖാസ് (റ) നബി (സ) യോട് പറഞ്ഞു: നബിയേ ഞാന്‍ പ്രാര്‍ഥിച്ചാല്‍ ഉത്തരം കിട്ടുന്നയാളാകാന്‍ അങ്ങ് ദുആ ചെയ്യണം. നബി മറുപടി കൊടുത്തു: “നിങ്ങള്‍ നല്ല ഭക്ഷണം കഴിക്കുക. എന്നാല്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നയാളാകാം.

അനുവദനീയമല്ലാത്ത നിലയില്‍ ഒരു ഉരുള കഴിച്ചവനില്‍ നിന്ന് 40 ദിവസത്തേക്ക് ഒന്നും സ്വീകരിക്കുകയില്ല. അനുവദനീയമല്ലാത്ത സമ്പാദ്യത്താലും പലിശ വഴിയും വളര്‍ന്ന മാംസമുള്ള വ്യക്തിക്ക് ഏറ്റവും യോജിച്ചത് നരകമാണ്.’ (ഹദീസ്)
കളങ്കമില്ലാത്തത് സമ്പാദിക്കുക. വീട്ടിലും വിരുന്നിലും നല്ലത് വിളമ്പുക. അനുവദനീയമല്ലാത്തതും അര്‍ഹിക്കാത്തതും വര്‍ജിക്കുക. സ്വര്‍ഗീയ ഭക്ഷണ പാനീയങ്ങള്‍ നമുക്കും അനുഭവിക്കാം.

Latest