Connect with us

Editors Pick

അഞ്ചാം വയസ്സില്‍ പാട്ടുപാടി 51 രൂപ സമ്മാനം നേടി; 'ചിട്ടി ആയി ഹൈ..'യിലൂടെ മനം കവര്‍ന്ന ഗായകന്‍

ഗസല്‍ വിരുന്നുകളില്‍ മാറ്റി നിര്‍ത്താനാവാത്ത ഗാനമാണ് ചിട്ടി ആയി ഹൈ. 1986 ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തില്‍ പങ്കജ് ഉധാസ് ആലപിച്ച മനോഹര ഗാനം.

Published

|

Last Updated

ഗസല്‍ വിരുന്നുകളില്‍ മാറ്റി നിര്‍ത്താനാവാത്ത ഗാനമാണ് ചിട്ടി ആയി ഹൈ. 1986 ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തില്‍ പങ്കജ് ഉധാസ് ആലപിച്ച മനോഹര ഗാനം. എണ്‍പതുകളിലെ ഹിറ്റായി മാറിയ സിനിമയായിരുന്നു നാം. തിയേറ്ററുകളില്‍ ഒരു വര്‍ഷത്തോളമാണ് ഈ പടം ഓടിയത്. നാമിന്റെ വിജയത്തിന് പിന്നില്‍ പങ്കജ് ഉധാസ് ആലപിച്ച ഈ ഗാനത്തിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും മികച്ച 100 ഗാനങ്ങളിലൊന്നായി ബി ബി സി റേഡിയോ ഈ ഗാനത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.

പങ്കജ് ഉധാസ് എന്ന ഗസല്‍ ഗായകന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ബക്ഷി രചിച്ച് ലക്ഷിമികാന്ത് പ്യാരിലാല്‍ ഈണമിട്ട ചിട്ടി ആയി ഹൈ എന്ന ഗാനം. പിന്നണി ഗായകന്‍ എന്ന നിലയില്‍ പങ്കജ് ഉധാസ് ബോളിവുഡില്‍ സ്ഥാനം ഉറപ്പിക്കുന്നത് എണ്‍പതുകളില്‍ തരംഗമായ ഇന്നും ആസ്വാദകര്‍ ഏറെയുള്ള ചിട്ടി ആയി ഹൈ എന്ന ഗാനത്തിലൂടെയാണ്.

വളരെ ചെറുപ്പത്തില്‍ സഹോദരനാണ് പങ്കജ് ഉധാസിനെ പാടാന്‍ പ്രേരിപ്പിച്ചത്. തന്റെ അഞ്ചാം വയസ്സിലാണ് അദ്ദേഹം ഒരു വേദിയില്‍ ആദ്യമായി ഗാനം ആലപിക്കുന്നത്. ലത മങ്കേശ്കറിന്റെ ‘ഏയ് മെരേ വതന്‍ കേ ലോഗോ’ എന്ന വിഖ്യാതമായ ഗാനമായിരുന്നു അന്ന് പങ്കജ് ഉധാസ് ആലപിച്ചത്. അദ്ദേഹത്തിന്റെ ആലാപനത്തില്‍ സന്തുഷ്ടനായ കേള്‍വിക്കാരില്‍ ഒരാള്‍ അന്ന് അദ്ദേഹത്തിന് 51 രൂപ സമ്മാനമായി നല്‍കുകയും ചെയ്തു.

ഗസലിനോടുള്ള തന്റെ അടങ്ങാത്ത പ്രണയം മനസ്സിലാക്കിയ പങ്കജ് കാനഡയിലും യു എസിലും നിരവധി ഗസല്‍ മെഹ്ഫിലുകള്‍ നടത്തി. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം 1980 ല്‍ പുറത്തിറങ്ങിയ ആഹത് എന്ന ആല്‍ബത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഇതിന് ശേഷം അദ്ദേഹം നിരവധി മികച്ച ഗസലുകള്‍ ആലപിച്ചു. വൈകാതെ അദ്ദേഹം ഇന്ത്യയിലെ എണ്ണപ്പെട്ട ഗസല്‍ ഗായകരില്‍ ഒരാളായി മാറി. ജഗ്ജിത് സിംഗിനും സൈഗാളിനും തലത്ത് മഹ് മൂദിനുമെല്ലാം ഒപ്പം ഇന്ത്യന്‍ ഗസല്‍ രംഗത്ത് തന്റേതായ ഇടം കണ്ടെത്താന്‍ അദ്ദേഹത്തിനായി.

 

Latest