Connect with us

Kerala

തീവ്രവാദ ഗ്രൂപ്പുമായി ബന്ധം; അസം സ്വദേശി പട്ടാമ്പിയില്‍ അറസ്റ്റില്‍

അസം സ്വദേശി മാനിറുല്‍ ഇസ്‌ലാമിനെയാണ് (54) വിളയൂര്‍ എടപ്പലത്തെ വാടക വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

Published

|

Last Updated

പാലക്കാട് | തീവ്രവാദ ഗ്രൂപ്പുമായി ബന്ധം ആരോപിച്ച് അസം സ്വദേശിയെ പാലക്കാട് വിളയൂരില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റ് ചെയ്തു. അസം സ്വദേശി മാനിറുല്‍ ഇസ്‌ലാമിനെയാണ് (54) വിളയൂര്‍ എടപ്പലത്തെ വാടക വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളും നിരോധിത സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ ഐ എ നടത്തിയ രാജ്യവ്യാപക പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

നിരോധിത തീവ്രവാദി സംഘടനയായ ജമാഅത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശിന്റെ (ജെ എം ബി) ഉപവിഭാഗമെന്ന് അന്വേഷണ ഏജന്‍സി സംശയിക്കുന്ന ഇമാം മഹ്മൂദര്‍ കഫില (ഐ എം കെ)യുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. തീവ്രവാദ ആശയപ്രചാരണം, യുവാക്കളെ സ്വാധീനിച്ച് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമം, അതിര്‍ത്തിക്കപ്പുറമുള്ള ബന്ധങ്ങള്‍ എന്നിവയാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്.

അസം സ്വദേശിയായ മാനിറുല്‍ ഇസ്‌ലാം ഏറെക്കാലമായി കേരളത്തില്‍ തൊഴിലാളിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വിളയൂര്‍ എടപ്പലത്തെ കോഴിഫാമില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കുടുംബത്തോടൊപ്പം സമീപത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ എത്തിയ എന്‍ ഐ എ സംഘം രഹസ്യമായി പരിശോധന നടത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള ചില വസ്തുക്കള്‍ പിടിച്ചെടുത്തതായാണ് വിവരം. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. തുടര്‍ അന്വേഷണത്തിനായി എന്‍ ഐ എ ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

അസം, പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലായി 16 കേന്ദ്രങ്ങളിലാണ് എന്‍ ഐ എ ഒരേസമയം പരിശോധന നടത്തിയത്. അസമില്‍ പത്തും പശ്ചിമ ബംഗാളില്‍ അഞ്ചും കേരളത്തില്‍ ഒന്നും പരിശോധനയാണ് നടന്നത്. കേരളത്തില്‍ പരിശോധന നടത്തിയ ഏക കേന്ദ്രം വിളയൂരിലായിരുന്നു. ഐ എം കെയുമായി ബന്ധപ്പെട്ട ഭീകരവാദ ഗൂഢാലോചന കേസില്‍ നേരത്തെ 11 പേര്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാരതീയ ന്യായസംഹിതയിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെയും (യു എ പി എ) വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഗുവാഹത്തി എന്‍ ഐ എ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പുതിയ പരിശോധനകളിലൂടെ ഐ എം കെ ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിനകത്തെ തീവ്രവാദ ആശയപ്രചാരണം, അതിര്‍ത്തിക്കപ്പുറമുള്ള ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം കേസില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന.

പട്ടാമ്പി വിളയൂരിലെ കോഴിഫാമില്‍ എന്‍ ഐ എ സംഘം പരിശോധനക്കെത്തിയപ്പോള്‍

 

---- facebook comment plugin here -----

Latest