International
ജലാശയത്തില്‍ മുതലയുണ്ടെന്ന എ ഐ ചിത്രം നിര്‍മിച്ചു പ്രചരിപ്പിച്ചു; സിംഗപ്പൂരില്‍ യുവാവിനെതിരെ കേസ്
രാജ്യത്തെ ഏറ്റവും വലിയ ജലാശയത്തില്‍ മുതലയെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ദേശീയ ജല ഏജന്‍സി രണ്ട് ദിവസത്തേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു
സിംഗപ്പൂര്‍ | ജലാശയത്തില്‍ മുതലയെ കണ്ടെന്ന രീതിയില്‍ എ ഐ ഉപയോഗിച്ച് വ്യാജ ചിത്രം നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മ്യാന്‍മര്‍ പൗരനായ യെ ലിന്‍ എന്നയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്. വ്യാജ ചിത്രം പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ജലാശയത്തില്‍ മുതലയെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ദേശീയ ജല ഏജന്‍സി രണ്ട് ദിവസത്തേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.
ആഗസ്റ്റ് 20നാണ് പണ്ടന്‍ ജലാശയത്തില്‍ മുതലയെ കണ്ടതായി ദേശീയ ജല ഏജന്‍സിക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഏജന്‍സി ഉദ്യോഗസ്ഥരും നാഷണല്‍ പാര്‍ക്ക്‌സ് ജീവനക്കാരും പ്രദേശത്ത് മുതലയെ പിടികൂടാനുള്ള തിരച്ചില്‍ നടത്തുകയും സിംഗപ്പൂര്‍ റോയിംഗ് അസോസിയേഷനോടും കനോ ഫെഡറേഷനോടും പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രചരിച്ച മുതലയുടെ ചിത്രം വ്യാജമാണെന്ന് അടുത്ത ദിവസം തന്നെ ജല ഏജന്‍സി സ്ഥിരീകരിക്കുകയും സംഭവം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
യെ ലിന്‍ എഐ ഉപയോഗിച്ച് ഉണ്ടാക്കിയ മുതലയുടെ ചിത്രം തന്റെ സഹപ്രവര്‍ത്തകന് അയച്ചുകൊടുത്തതാണെന്ന് പോലീസ് പറയുന്നു. കേസ് നവംബറില്‍ കോടതി വീണ്ടും പരിഗണിക്കുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ യെ ലിന് തടവുശിക്ഷയും പിഴയും നേരിടേണ്ടി വരും. സിംഗപ്പൂരിലെ നിയമപ്രകാരം തെറ്റായ സന്ദേശം പ്രചരിപ്പിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവോ, പതിനായിരം സിംഗപ്പൂര്‍ ഡോളര്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ട് ശിക്ഷയും ലഭിക്കാം. കൂടാതെ നീതിനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.
Content Highlights: Singapore police charged a Myanmar national for creating and sharing an AI-generated image of a crocodile in Pandan Reservoir. The hoax caused panic and halted national water agency operations for two days. The suspect faces up to three years in prison and heavy fines under Singapore law



