International
ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മഹോദിന് സ്വര്‍ണം
വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്.
നഗോയ| ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മഹോദിന് സ്വര്‍ണം.
വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ കുംകും മഹോദ് എന്ന 17കാരിക്ക് സാധിച്ചു. കുംകുമിന്റെ ഗെയിംസിലെ രണ്ടാം സ്വര്‍ണ നേട്ടം കൂടിയാണിത്.
നേരത്തെ ഇതേ ഇനത്തില്‍ ടീം വിഭാഗത്തിലും കുംകും സ്വര്‍ണം നേടിയിരുന്നു. ഈയിനത്തിന്റെ വ്യക്തിഗത പോരില്‍ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് താരമെന്ന നേട്ടവുമായാണ് കുംകും കലാശപ്പോരിന് ഇറങ്ങിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ഒഹ് യെജ് ആയിരുന്നു എതിരാളി. ത്രില്ലര്‍ പോരില്‍ 10-8 എന്ന സ്‌കോറിനാണ് കുംകും സ്വര്‍ണ നേട്ടത്തിലെത്തിയത്.
ഒരു ഘട്ടത്തില്‍ ഇരു താരങ്ങളും 5-5 എന്ന തുല്യ നിലയില്‍ മുന്നേറിയിരുന്നു. ഒടുവില്‍ പെര്‍ഫെക്ട് 10ല്‍ എത്തിയാണ് കുംകും സ്വര്‍ണം അടിച്ചെടുത്തത്. ഈ നേട്ടത്തിനൊപ്പം താരം ലൊസാഞ്ചലസ് ഒളിംപിക്സിനു യോഗ്യതയും സ്വന്തമാക്കി.
ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 17ാം സ്വര്‍ണമാണിത്. 17 സ്വര്‍ണം, 25 വെള്ളി, 35 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ മൊത്തം നേട്ടം 77ലെത്തി.
Content Highlights:
Indian archer Kumkum Mahod secured a historic gold medal in the women’s individual recurve event at the Asian Games. The 17-year-old defeated South Korea’s Oh Yeji 10-8 in a shoot-off to win her second gold of the games. With this victory, she also qualified for the Los Angeles Olympics.



